ഹുയാവെ: വൻശക്തി മത്സരങ്ങൾക്കിടയിലെ ഹൈടെക് കമ്പനി

ലണ്ടൻ: അഞ്ചാം തലമുറ ഇന്റർനെറ്റ് സേവനങ്ങൾ സംബന്ധിച്ച കരാറുകളിൽ നിന്നും ബ്രിട്ടൻ ചൈനീസ് കമ്പനിയായ ഹുയാവേയെ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. ഫൈവ്-ജി ഇന്റർനെറ് സേവനങ്ങളിൽ ലോകത്തെ ഏറ്റവും പ്രമുഖമായ കമ്പനിയെ ഒഴിവാക്കാൻ ബ്രിട്ടൻ തീരുമാനിച്ചത് അമേരിക്കയുടെ  കടുത്ത സമ്മർദ്ദങ്ങളെ തുടർന്നായിരുന്നു. ഇതിനു ബ്രിട്ടൻ വലിയ വില കൊടുക്കേണ്ടി വരുമെന്നു ലണ്ടനിലെ ചൈനീസ് അംബാസഡർ പ്രതികരിച്ചു. ബ്രിട്ടനിൽ തന്നെ കോർപറേറ്റ് കമ്പനികളും വ്യാപാര,വാണിജ്യ സംഘടനകളും സർക്കാർ തീരുമാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ   സംബന്ധിച്ചു ഉത്കണ്ഠ പ്രകടിപ്പിച്ചു.

 ഹുയാവെ കമ്പനിയോടുള്ള അമേരിക്കയുടെ വിരോധം തുടങ്ങുന്നത് ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതോടെയാണ്. 1987 മുതൽ പ്രവർത്തനം ആരംഭിച്ച ഹുയാവെ ടെലികമ്മ്യൂണിക്കേഷൻ  രംഗത്തു ലോകത്തെ ഏറ്റവും പ്രമുഖ കമ്പനിയായി ഉയർന്നത് സമീപകാലത്താണ്. സാങ്കേതിക വിദ്യയിലും ഉത്പാദനത്തിലും പാശ്ചാത്യ കമ്പനികളായ എറിക്‌സൺ, ആപ്പ്‌ൾ  തുടങ്ങിയവരെ പിന്തള്ളിയാണ് ഹുയാവെ മുന്നിലെത്തിയത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ ഗുരുതരമായ അവസരത്തിലാണ് യുഎസ് നിർദേശ പ്രകാരം ഹുയാവെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും കമ്പനിയുടെ സ്ഥാപകൻ റെൻ ഷെങ്‌ഫെയുടെ മകളുമായ മെങ് വാങ്‌ഷുവിനെ കാനഡയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഇറാനെതിരെയുള്ള അമേരിക്കയുടെ വ്യാപാര ഉപരോധത്തെ കമ്പനി ലംഘിച്ചുവെന്ന് ആരോപിച്ചു കൊണ്ടാണ് 2018 ഡിസംബർ ഒന്നിന് കാനഡയിലെ വാൻകുവർ വിമാനത്താവളത്തിൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടത്. വിചാരണക്കായി അമേരിക്കയിലേക്ക്  നാടുകടത്തുന്നതുമായി ബന്ധപ്പെട്ട  കേസിൽ ഇപ്പോൾ കാനഡയിൽ വീട്ടുതടങ്കലിൽ കഴിയുകയാണ് നാലുകുട്ടികളുടെ അമ്മയായ മെങ്.  അവരുടെ അപ്രതീക്ഷിതമായ അറസ്റ്റും വിചാരണയും ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ വഷളാക്കിയ സംഭവങ്ങളാണ്.

ഇതിനു പിന്നാലെയാണ് ഹുയാവെ കമ്പനിയുടെ ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്നും അവ ഒരു കാരണവശാലും ഫൈവ്-ജി സേവനങ്ങൾക്ക് ഉപയോഗിക്കരുതെന്നും അമേരിക്ക മറ്റു രാജ്യങ്ങളെ താക്കീതു ചെയ്തത് . കമ്പനിയുടെ സ്ഥാപകൻ റെൻ ഷെങ്‌ഫെ നേരത്തെ ചൈനീസ് സേനയിൽ ഒരു മേഖലാ കമ്മാൻഡറുടെപദവിയിൽ ജോലി ചെയ്ത ആളാണെന്നും അതിനാൽ കമ്പനിയുടെ ഉത്പന്നങ്ങൾ ചൈനീസ് ചാരപ്പണിക്ക് വേണ്ടി തയ്യാറാക്കിയതാണെന്നുമാണ് അമേരിക്കൻ അധികൃതർ ആരോപിച്ചത്. എന്നാൽ കമ്പനി അതു പൂർണമായും നിഷേധിച്ചു. തങ്ങളുടെ ഉത്പന്നങ്ങൾ മറ്റു കമ്പനികളുടേതു പോലെതന്നെ സുരക്ഷിതമാണെന്ന് ഹുയാവെ പറയുന്നു. ഹുയാവെ ഉത്പന്നങ്ങൾ പാശ്ചാത്യ കമ്പനികളുടെ ഉത്പന്നങ്ങളെക്കാൾ 30 ശതമാനം വരെ പ്രവർത്തനക്ഷമത കൂടിയതാണ്. വിലയാകട്ടെ  നാലിലൊന്നു കുറവും. അതിനാൽ ലോക കമ്പോളത്തിൽ നിന്നും തങ്ങളെ ആട്ടിയോടിക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നിൽ വാണിജ്യ താല്പര്യങ്ങളാണെന്നു കമ്പനി ആരോപിക്കുന്നു. ചൈനീസ് അധികൃതരും അതേ നിലപാടു തന്നെയാണ്   സ്വീകരിക്കുന്നത്.

അഞ്ചാം തലമുറ ഇന്റർനെറ്റ്‌ സേവനങ്ങൾക്ക് മിക്ക രാജ്യങ്ങളും ഒരുങ്ങിയതോടെയാണ് തർക്കം രൂക്ഷമായിരിക്കുന്നത്. അമേരിക്കയുടെ മുന്നറിയിപ്പുകൾ അവഗണിച്ചു ചൈനീസ് കമ്പനിക്കു കരാർ നൽകാനാണ് ബ്രിട്ടൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഹോങ്കോങ്ങിലെ ചൈനയുടെ ഇടപെടൽ നീക്കങ്ങളിൽ പ്രതിഷേധം ഉയർന്ന അവസരത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിലപാട്‌ മാറ്റിയത്. ഇതു ഫൈവ്-ജി   സേവനങ്ങളുടെ പ്രവർത്തന ക്ഷമത കുറയ്ക്കുമെന്നും ചെലവു താങ്ങാനാവാത്ത വിധം വർധിക്കുമെന്നും ബ്രിട്ടിഷ് ടെലികോം കമ്പനികൾ ഭയപ്പെടുന്നു.

ഇന്ത്യയിലും  ഇതേ തരം നീക്കങ്ങളാണ് സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഇന്റർനെറ്റ് സേവനങ്ങളിൽ നിന്നും ചൈനീസ് കമ്പനികൾ ഇന്ത്യയിലും പുറത്തായി. അതിർത്തിയിലെ തർക്കങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണമായത്. അതേസമയം ലോകത്തെ 170 രാജ്യങ്ങളിൽ ഹുയാവെ സേവനങ്ങൾ നൽകുന്നുണ്ട്. ഏതാണ്ട് രണ്ടു ലക്ഷത്തോളം ജീവനക്കാരാണ് കമ്പനിക്കു ലോകമെങ്ങും ഉള്ളത്. അമേരിക്കയുടെ എതിർപ്പുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹുയാവെ കമ്പനിയുടെ ലാഭവിഹിതവും ഓഹരി വിപണി മൂല്യവും വർധിക്കുകയാണ് ചെയ്തതെന്ന് ബിബിസി ചൂണ്ടിക്കാട്ടി . യൂറോപ്യൻ വിപണിയിൽ നിന്നു വിട്ടുപോരുകയും കോവിഡ് കാരണമുള്ള ഗുരുതരമായ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസരത്തിൽ ചൈനയുമായുള്ള പുതിയ തർക്കങ്ങൾ ബ്രിട്ടന് താങ്ങാനാവില്ലെന്നു ബ്രിട്ടീഷ് ഭരണകക്ഷിയായ  കൺസർവേറ്റിവ് പാർട്ടിയിൽ തന്നെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

Leave a Reply