ഇക്കണോമിക് & പൊളിറ്റിക്കൽ വീക്കിലി പ്രതിസന്ധിയിൽ

മുംബൈ :അര നുറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ഇന്ത്യയിലെ സുപ്രധാന അക്കാദമിക പ്രസിദ്ധീകരണമായ ഇക്കണോമിക് &പൊളിറ്റിക്കൽ വീക്കിലി സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടലിന്റെ വക്കത്താണെന്നു വാരികയുടെ പ്രസാധകരായ സമീക്ഷാ ട്രസ്റ്റ്  പ്രസ്താവനയിൽ വ്യക്തമാക്കി.

 വീക്കിലിയുടെ പ്രധാന വരുമാന മാർഗം കോപ്പികൾ വില്പന നടത്തിയുള്ള വരവും പരസ്യങ്ങളുമായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ മൂന്നു മാസമായി കോപ്പികൾ അച്ചടിക്കുന്നില്ല.  ഓൺലൈൻ ആയി മാത്രമാണ് വീക്കിലി പുറത്തിറങ്ങുന്നത്. പുസ്തക വിപണിയിലെ പ്രതിസന്ധി കാരണം പരസ്യങ്ങളും ലഭിക്കുന്നില്ല. അതേസമയം. വാരികയുടെ സ്വതന്ത്രമായ നിലനിൽപ് ഉറപ്പുവരുത്താനായി സർക്കാരിൽ നിന്നും വിദേശ ഏജൻസികളിൽ നിന്നും ഗ്രാൻറ് സ്വീകരിക്കുന്നത് ഒഴിവാക്കാൻ ട്രസ്റ്റ് നേരത്തെ തീരുമാനിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക നില അങ്ങേയറ്റം പരുങ്ങലിൽ ആയതിനെ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളത്തിൽ കഴിഞ്ഞ രണ്ടു മാസമായി 40 ശതമാനം വരെ കുറവു വരുത്തിയിട്ടുണ്ട്. ജൂൺ , ജൂലൈ മാസങ്ങളിലാണ് അതു നടപ്പിലാക്കിയത്. സ്ഥിതിഗതികൾ ആഗസ്റ്റിൽ വീണ്ടും  പരിശോധിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

സാമ്പത്തിക നിലയിലെ ഗുരുതരമായ പ്രതിസന്ധി നേരിടാൻ അഭ്യുദയകാംക്ഷികൾ സഹായിക്കണമെന്ന് ട്രസ്റ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. വാരിക അടച്ചുപൂട്ടുന്നത് ഒഴിവാക്കാനായാണ് ഇങ്ങനെ  അഭ്യർത്ഥിക്കുന്നതെന്നും ട്രസ്റ്റ് പ്രസ്താവിച്ചു .

Leave a Reply