രാജസ്ഥാനിൽ അട്ടിമറി ശ്രമം പൊളിഞ്ഞു; ബിജെപിയിൽ പ്രത്യാഘാതമുണ്ടാക്കുമോ?

ന്യൂദൽഹി: ബിജെപിയിലേക്ക് താനില്ലെന്ന് വിമത കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റ് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെ രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയെ കുതിരക്കച്ചവടം വഴി വീഴ്ത്താനുള്ള ബിജെപി ശ്രമം പൊളിഞ്ഞു. ബിജെപി  സംസ്ഥാന നേതൃത്വത്തിലെ പ്രബല വിഭാഗം പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു മാറിനിന്നതാണ് മധ്യപ്രദേശ് മാതൃകയിൽ രാജസ്ഥാനിലും കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാനുള്ള നീക്കം പൊളിയാൻ കാരണമായത്.

മുപ്പതു എംഎൽഎമാരുടെ   പിന്തുണയുണ്ടെന്നു സച്ചിൻ പൈലറ്റ് അവകാശപ്പെട്ടിരുന്നുവെങ്കിലും 18 പേരിൽ കൂടുതൽ അദ്ദേഹത്തെ പിന്തുണക്കുന്നില്ലെന്നു വ്യക്തമായിരുന്നു. അവരിൽ തന്നെ ഒരു ഡസനോളം എംഎൽഎമാർ ബിജെപിയിലേക്ക് പോകാനുള്ള നീക്കത്തെ ശക്തമായി  ചെറുത്തുവെന്നു ഇന്നലത്തെ സംഭവങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടിൽ ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. കോൺഗ്രസ്സ് വിടുന്ന ഓരോ എംഎൽഎയ്‌ക്കും 25 കോടി രൂപ വീതം ബിജെപി വാഗ്ദാനം നൽകിയെങ്കിലും അതു സ്വീകരിക്കാൻ അധികമാരും തയ്യാറായില്ല. അതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൽഹിയിലെ ബിജെപി കേന്ദ്ര നേതൃത്വവുമായും മധ്യപ്രദേശിലെ സുഹൃത്ത് ജ്യോതിരാദിത്യ സിന്ധ്യയുമായും നിരന്തരം സമ്പർക്കം നടത്തി കരുക്കൾ നീക്കിയ സച്ചിൻ പെട്ടെന്ന്  നിലപാട് മാറ്റാൻ കാരണമായത്.

ഇനി സച്ചിന്റെ മുന്നിൽ രണ്ടു  വഴികളാണ് അവശേഷിക്കുന്നത്. ഒന്നുകിൽ അവശേഷിക്കുന്ന അനുയായികളുമായി കോൺഗ്രസ്സ് പാർട്ടിയിലേക്ക് തിരിച്ചുപോകുക. അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വം അംഗീകരിച്ചുകൊണ്ടു മാത്രമേ ഇനി അതു സാധ്യമാകുകയുള്ളൂ. കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അഹമ്മദ് പട്ടേലും സച്ചിനെ തിരിച്ചുകൊണ്ടു വരാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. പക്ഷേ  രാജസ്ഥാനിൽ പാർട്ടിയിലും ഭരണത്തിലും കൂടുതൽ കരുത്തനായി മാറിയ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്റെ അനുമതിയോടെ  മാത്രമേ അവരുടെ ഏതു സമവായ നീക്കവും വിജയിക്കുകയുള്ളു.

സച്ചിനു മുന്നിലുള്ള രണ്ടാമത്തെ  മാർഗം, പുതിയ  പാർട്ടിയുണ്ടാക്കി കോൺഗ്രസ്സിനെയും ബിജെപിയെയും എതിർത്തു ഒരു മൂന്നാം  കക്ഷിയായി രംഗത്തു വരികയാണ്. പക്ഷേ അത്തരത്തിലുള്ള ഏതു നീക്കത്തിനു പിന്നിലും ബിജെപിയുടെ കുതന്ത്രങ്ങളാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനാകും ഗെഹ്‌ലോട്ട് ശ്രമിക്കുക. സച്ചിൻ പുതിയ പാർട്ടിയുണ്ടാക്കിയാൽ  അതു ബിജെപിക്കു ഗുണം ചെയ്യും എന്ന ചില സംസ്ഥാന നേതാക്കളുടെ പ്രസ്താവനകൾ അത്തരമൊരു  വിശകലനത്തെ സാധൂകരിക്കുന്നുമുണ്ട്.

അതേസമയം, ബിജെപിയുടെ കുത്തിത്തിരിപ്പു രാഷ്ട്രീയം തുടർന്നാൽ തിരിച്ചടിക്കാൻ  അശോക് ഗെഹ്‌ലോട്ടിന്റെ കൈവശം ചില ചാണക്യ തന്ത്രങ്ങളുണ്ടെന്നു നിരീക്ഷകർ പറയുന്നു. ബിജെപി  കേന്ദ്രനേതൃത്വവുമായും പ്രത്യേകിച്ചു നരേന്ദ്രമോദി -അമിത് ഷാ കൂട്ടുകെട്ടുമായും പല തവണ ഇടഞ്ഞ രാജസ്ഥാനിലെ പ്രമുഖ നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയുമായി അദ്ദേഹം ചില ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മുതിർന്ന കോൺഗ്രസ്സ് നേതാവും മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ്സിങ് ഇന്നലെ ഒരു ട്വീറ്റിൽ അത്തരമൊരു സൂചനയാണ് നൽകിയത്. ഗെഹ്‌ലോട്ട് ഒരു മന്ത്രികനാണെന്നും നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയ അദ്ദേഹം  ഇനി ബിജെപിയിൽ നിന്നുതന്നെ ആളെ അടർത്തിയെടുക്കുമെന്നും ദിഗ്‌വിജയ് സിങ് സൂചിപ്പിച്ചു. “വസുന്ധരാജി എവിടെയാണ്, ബിജെപിയിൽ നിന്ന് ഒരു തിരിച്ചൊഴുക്ക് സംഭവിക്കുമോ” എന്നുമാണ് അദ്ദേഹം ട്വീറ്റിൽ പറഞ്ഞത്. രാഷ്ട്രീയ പ്രതിസന്ധി ആഴ്ചയോളം നീണ്ടിട്ടും വസുന്ധരരാജെ തലസ്ഥാനത്തുനിന്നു അകലെ ഭോൽപുരിൽ തങ്ങിയതും പരസ്യമായി ഒരു പ്രതികരണവും നടത്താത്തതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ അമ്പരപ്പും കൗതുകവുമാണ് സൃഷ്ടിച്ചത്. ഇന്നു ജയ്പൂരിൽ നടക്കുന്ന ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കാൻ പാർട്ടി അവരോടു ആവശ്യപ്പെട്ടതായി പ്രമുഖ നേതാക്കൾ അറിയിച്ചു. 

Leave a Reply