ലോക് താന്ത്രിക് ജനതാദൾ പ്രതിസന്ധിയിലേക്ക്; ശ്രേയാംസിനെ പ്രസിഡണ്ട് സ്ഥാനത്തുനിന്നു മാറ്റി

കോഴിക്കോട്:  ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു മാതൃഭൂമി മാനേജിങ് ഡയറക്ടറും അന്തരിച്ച മുൻ അധ്യക്ഷൻ എം പി വീരേന്ദ്രകുമാറിന്റെ പുത്രനുമായ എം വി ശ്രേയാംസ് കുമാറിനെ മാറ്റി പകരം ഡോ.വർഗീസ് ജോർജിനെ നിയമിച്ചു.

എന്നാൽ ദേശീയ  നേതൃത്വത്തിന്റെ ഇടപെടൽ അംഗീകരിക്കുകയില്ലെന്നു  ശ്രേയാംസ് കുമാറിനെ അംഗീകരിക്കുന്ന വിഭാഗം അറിയിച്ചു. അവരുടെ യോഗം ഇന്ന് ഓൺലൈനായി നടക്കുന്നുണ്ട്. ശ്രേയാംസിനെ ദേശീയ  ജനറൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ടെങ്കിലും ആ പദവി അദ്ദേഹം ഏറ്റെടുക്കുകയില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

 അതേസമയം പാർട്ടിയിൽ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റിയെ മാറ്റി പുതിയ ഒരു നേതൃത്വത്തെ നിർദേശിക്കുക മാത്രമാണു ദേശീയ നേതൃത്വം ചെയ്തതെന്നും പാർട്ടിയിൽ വിവാദവും പിളർപ്പും സൃഷ്ടിച്ചുകൊണ്ട് പദവി ഏറ്റെടുക്കാൻ താൽപര്യമില്ലെന്നും ഡോ.വർഗീസ് ജോർജ്   ജനശക്തിയോടു പറഞ്ഞു. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വീരേന്ദ്രകുമാർ അന്തരിച്ചതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിനെ ചൊല്ലിയാണ് യഥാർത്ഥത്തിൽ പാർട്ടിയിൽ തർക്കങ്ങൾ ഉയർന്നുവന്നതെന്നു  മുതിർന്ന പാർട്ടി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ പാർട്ടിക്ക് ഇപ്പോൾ നിയമസഭയിൽ അംഗങ്ങളില്ല. എന്നാൽ യുഡിഎഫ് വിട്ടു വീരേന്ദകുമാർ എൽഡിഎഫിൽ വന്നപ്പോൾ അദ്ദേഹം രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് എൽഡിഎഫ് അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. 2022 ഏപ്രിൽ വരെയാണ് കാലാവധി. അതിനാൽ ഒഴിവുവന്ന സീറ്റ് പാർട്ടിക്ക്  തന്നെ നൽകണമെന്ന് സിപിഎം നേതാക്കളോട് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന നേതാവ് വർഗീസ് ജോർജും പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ് കുമാറും ആ സീറ്റിനായി പിടിമുറുക്കിയിട്ടുമുണ്ട്. തർക്കം തുടരുകയും ഭിന്നതകൾ വർധിക്കുകയും ചെയ്താൽ സീറ്റ് സിപിഎം തന്നെ തിരിച്ചെടുക്കാനാണ് സാധ്യതകൾ ഏറെയുള്ളത്. 

Leave a Reply