പൈലറ്റ് പുറത്ത്; പക്ഷേ വിജയരാജെ സിന്ധ്യ മിണ്ടാത്തതെന്താണ്?

ന്യൂദൽഹി: രാജസ്ഥാനിൽ  ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സ് പിസിസി അധ്യക്ഷനുമായ സച്ചിൻ പൈലറ്റിനെ പാർട്ടി പ്രസ്തുത സ്ഥാനങ്ങളിൽ നിന്നു പുറത്താക്കിയിട്ടും ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവും രണ്ടു തവണ മുഖ്യമന്ത്രിയുമായ വിജയരാജെ സിന്ധ്യ പ്രതികരിക്കാത്തതു രാഷ്ട്രീയവൃത്തങ്ങളിൽ കൗതുകം ഉയർത്തുന്നു.

സച്ചിൻ പൈലറ്റ് ബിജെപി  ദേശീയ നേതൃത്വവുമായും  മധ്യപ്രദേശിലെ പ്രധാന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായും സമ്പർക്കം പുലർത്തിയെങ്കിലും രാജസ്ഥാനിലെ പാർട്ടി നേതൃത്വം അദ്ദേഹത്തിനെ സ്വാഗതം ചെയ്യുമോ എന്ന കാര്യത്തിലും സംശയമുണ്ട്.  സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവ് വിജയരാജെ സിന്ധ്യയുടെ മൗനം അത്തരത്തിലുള്ള ഒരു സന്ദേശമാണ് നൽകുന്നതെന്ന് ചില ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ബിജെപി ദേശീയ നേതൃത്വത്തിനും ഇക്കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്നും ചില മാധ്യമവാർത്തകൾ പറയുന്നു.

മധ്യപ്രദേശിൽ സിന്ധ്യ കുടുംബത്തിലെ പ്രമുഖ അംഗമായ ജ്യോതിരാദിത്യ ബിജെപിയിൽ ചേർന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര ബലാബലത്തിൽ മാറ്റങ്ങൾ വന്നതായി നിരീക്ഷകർ പറയുന്നുണ്ട്. പാർട്ടിയുടെ ഏറ്റവും  മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ  ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭാ പുനസംഘടനയിൽ സിന്ധ്യക്കും അനുയായികൾക്കും പ്രധാന ചുമതലകൾ നൽകി. സംസ്ഥാനത്തെ പാർട്ടിയിൽ അതു ചില അനുരണനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കോൺഗ്രസിലെ ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുന്ന ഗ്രൂപ്പുരാഷ്ട്രീയം ബിജെപിയെയും ബാധിക്കാൻ തുടങ്ങിയതായി പാർട്ടിയിലെ പലർക്കും അഭിപായമുണ്ട്. ആർഎസ്എസ് പശ്ചാത്തലമുള്ള നേതാക്കൾക്കിടയിൽ ഇത്തരം അഭിപായങ്ങൾ ശക്തമാകുന്നതായും സൂചനയുണ്ട്.

ഇത്തരം പരിഗണനകൾ കാരണമാണ് രാജസ്ഥാനിൽ എന്തു നിലപാട്‌ സ്വീകരിക്കണം എന്ന വിഷയത്തിൽ പാർട്ടി കേന്ദ്രനേതൃത്വം മടിച്ചു നിൽക്കുന്നതെന്ന് ചില നിരീക്ഷകർക്കു അഭിപായമുണ്ട്. വിജയരാജെ സിന്ധ്യയുടെ മൗനവും അതിനു ഒരു കാരണമാണ്. സംസ്ഥാനത്തെ ബിജെപി നേതാവും കേന്ദ്ര  മന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത് പൈലറ്റിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു ഇന്നലെ പ്രസ്താവനയിറക്കി. രണ്ടുവർഷം മുമ്പ് രാജസ്ഥാൻ ബിജെപി അധ്യക്ഷസ്ഥാനത്തേക്കു ശെഖാവത്തിനെ ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശിച്ചപ്പോൾ വിജയരാജെ അതിനെ പരസ്യമായിത്തന്നെ ചെറുക്കുകയുണ്ടായി. തന്റെ സ്വാധീന മേഖലയിൽ ഉയരുന്ന ബദൽ ശക്തികേന്ദ്രങ്ങളെ അംഗീകരിക്കാൻ അവർ തയാറായില്ല. അതേത്തുടർന്ന് മദൻ ലാൽ സൈനിയെ ആ  സ്‌ഥാനത്തു നിയോഗിക്കേണ്ടിവന്നു. രാഷ്‌ടീയമായി ദുർബലനായ നേതാവാണു സെയ്നി എന്നു രാജസ്ഥാൻ മാധ്യങ്ങൾ ചൂണ്ടിക്കാട്ടി.

സച്ചിൻ  പൈലറ്റിനെ പോലെ ശക്തനായ ഒരു നേതാവ് പാർട്ടിയിലേക്ക് വരുന്നത് അതിനാൽ സിന്ധ്യയും അനുയായികളും ചെറുക്കുമെന്നാണ് വിലയിരുത്തൽ. പൈലറ്റിന് സിന്ധ്യ  കുടുംബത്തിലെ ജ്യോതിരാദിത്യയുടെ  പിന്തുണയുണ്ടെങ്കിലും രാജസ്ഥാനിൽ അദ്ദേഹത്തിന്റെ അമ്മായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാനിടയില്ല. അതിനാൽ സച്ചിൻ പൈലറ്റ്  കോൺഗ്രസ്സ് വിടുകയാണെങ്കിൽ പുതിയ ഒരു പാർട്ടി രൂപീകരിക്കാനാണ് കൂടുതൽ സാധ്യതയെന്നു പലരും അഭിപായപ്പെടുന്നു. 

Leave a Reply