കോവിഡ് ബാധയിൽ ഇന്ത്യ ലോകത്തു ഒന്നാം സ്ഥാനത്തേക്കെന്നു ന്യുയോർക്ക് ടൈംസ്

ന്യൂഡൽഹി: പ്രതിദിനം 75,000 പുതിയ കോവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യ രോഗബാധയിൽ ലോകത്തു ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്നു ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇന്ത്യയിൽ മൊത്തം കേസുകൾ 30 ലക്ഷം കവിഞ്ഞത്. അമേരിക്കയും  ബ്രസീലുമാണ് രോഗബാധയുടെയും കോവിഡ് മരണത്തിന്റെയും കാര്യത്തിൽ ഇപ്പോൾ ലോകത്തു ഒന്നും രണ്ടും സ്ഥാനത്തുള്ളത്. എന്നാൽ പ്രതിദിന രോഗവർധന  അവിടങ്ങളിൽ 40,000 മുതൽ 50,000 വരെയാണ്. അതിനാൽ ഈ രണ്ടുരാജ്യങ്ങളെയും രോഗാവർധനയുടെ  കാര്യത്തിൽ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി അധികം സമയം വേണ്ടിവരില്ല.

മാർച്ച് മുതൽ മെയ് വരെ അടച്ചിടൽ നിയമങ്ങൾ കർക്കശമായി നടപ്പാക്കിയ ഇന്ത്യ ഇപ്പോൾ നിയന്ത്രണങ്ങളിൽ കാര്യമായ  അയവു വരുത്തിക്കൊണ്ടിരിക്കുകയാണ്.  സംസ്ഥാനത്തിനകത്തും  സംസ്ഥാനങ്ങൾക്കിടയിലും യാത്രക്കു ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി. അതിനാൽ നേരത്തെ  പ്രധാനമായും നഗരങ്ങളിൽ കേന്ദ്രീകരിച്ച രോഗവ്യാപനം ഇപ്പോൾ ഇന്ത്യയുടെ വിശാലമായ ഗ്രാമീണ മേഖലയിൽ ഗുരുതരമായ ഭീഷണി ഉയർത്തുകയാണ്. വരും ദിവസങ്ങളിൽ രോഗവ്യാപനം കൂടുതൽ ഗുരുതരമാകുമെന്നു പത്രം ചൂണ്ടിക്കാട്ടുന്നു.

  ഇന്ത്യയിൽ രോഗബാധ ഏറ്റവും വിദൂരസ്ഥമായ പ്രദേശങ്ങളിൽ പോലും എത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ആദിവാസികൾക്കിടയിൽ രോഗം കണ്ടെത്തിയ സംഭവം എന്ന് വെല്ലൂർ മെഡിക്കൽ കോളേജിലെ വൈറോളജി  വിദഗ്ധൻ ഡോ. ജേക്കബ് ജോണിനെ ഉദ്ധരിച്ചു കൊണ്ട് പത്രം പറയുന്നു . മൊത്തം 60 ഓളം അംഗങ്ങളുള്ള ഒരു ആദിവാസി സമൂഹമാണ് ആന്ഡമാനിലെ  ഗ്രെയ്റ്റർ ആൻഡമാനീസ്  എന്നറിയപ്പെടുന്ന സമൂഹം. പുറംലോകവുമായുള്ള അവരുടെ ബന്ധങ്ങൾ പരിമിതമാണ്. എന്നാൽ അവർക്കിടയിൽ പത്തോളം പേർക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രോഗബാധ കണ്ടെത്തി. 

അടുത്തമാസം ഇന്ത്യയിൽ രോഗം അതിന്റെ ഏറ്റവും ഉയർന്ന വ്യാപനനിരക്കിൽ എത്തുമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ചു പത്രം പറയുന്നത് . ഏറ്റവും കടുത്ത രോഗവ്യാപനം മഹാരാഷ്ട്ര,  തമിഴ്നാട്,  തെലുങ്കാന, ഗുജറാത്ത് തുടങ്ങിയ  സംസ്ഥാനങ്ങളിലാണ്. പ്രധാനമായും   പത്തു സംസ്ഥാന ങ്ങളിലാണ് രോഗബാധിതരിൽ മുക്കാലും എന്നു പത്രം ചൂണ്ടിക്കാണിക്കുന്നു. വിവിധ മത സമുദായ സംഘടനകൾ വീടുതോറും കോവിഡ് പ്രതിരോധ പ്രവർത്തനവും  ബോധവത്കരണവും നടത്തിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മാത്രമാണ് പൊതുവിൽ രോഗത്തെ പിടിച്ചുകെട്ടുന്നതിൽ വിജയിച്ചത് എന്നും ന്യുയോർക്ക്ടൈംസ് റിപ്പോർട്ടിൽ പറയുന്നു. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *