സിൻഡ്സി മണ്ടേല ദക്ഷിണാഫ്രിക്കയുടെ വീരപുത്രി

ജോഹാന്നസ്‌ബർഗ്: ഇന്നലെ അന്തരിച്ച സിൻഡ്സി മണ്ടേലയെ ദക്ഷിണാഫ്രിക്കയുടെ വീരപത്രി എന്ന് വിശേഷിപ്പിച്ചു  ദേശീയ നേതൃത്വവും ലോകമാധ്യമങ്ങളും.

തിങ്കളാഴ്ച രാവിലെയാണ്  നെൽസൺ മണ്ടേല-വിന്നി മണ്ടേല ദമ്പതികളുടെ ഇളയപുത്രി സിൻഡ്‌സി അന്തരിച്ചതായി ദക്ഷിണാഫ്രിക്കൻ സർക്കാർ അറിയിച്ചത്.  ഡെന്മാർക്കിലെ അംബാസഡറായി പ്രവർത്തിച്ച സിൻഡ്സിക്കു  59 വയസ്സുണ്ട്. അകാലത്തുള്ള മരണത്തിന്റെ കാരണം  സർക്കാർ പ്രഖ്യാപനത്തിൽ വിശദീകരിക്കുന്നില്ല. അര നൂറ്റാണ്ടു മുമ്പ് മൂത്ത സഹോദരൻ മാഡിബ മണ്ടേല ഒരു കാർ അപകടത്തിൽ മരിച്ച അതേദിവസം തന്നെയാണ് ഇളയസഹോദരിയും അന്തരിച്ചതെന്നു സിഎൻഎൻ, ബിബിസി തുടങ്ങിയ അന്താരാഷ്ട്ര വാർത്താ  മാധ്യമങ്ങൾ പറഞ്ഞു.  മണ്ടേല സഹോദരങ്ങളിൽ ഒരാൾ മാത്രമാണ് ബാക്കിയുള്ളത് — ദക്ഷിണ കൊറിയയിൽ അംബാസഡറായ സെനാനി മണ്ടേല.

ചെറുപ്പം മുതൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തിൽ പ്രവർത്തിച്ച സിൻഡ്സി, 1985ൽ നെൽസൺ മണ്ഡേലയുടെ സുപ്രധാനമായ ഒരു പ്രഖ്യാപനം വായിച്ചുകൊണ്ടാണ് ലോകശ്രദ്ധയിൽ  വരുന്നത്. പതിറ്റാണ്ടുകളായി ജയിലിൽ കഴിയുന്ന പിതാവ് നെൽസൺ മണ്ടേലയെ ചില ഉപാധികളോടെ വിട്ടയക്കാം എന്ന അപ്പാർതീഡ്  സർക്കാരിന്റെ വാഗ്ദാനം നിരസിക്കുന്നു എന്ന പ്രസ്താവനയായിരുന്നു അത്.

ദക്ഷിണാഫ്രിക്കയുടെ ഭാവി നേതൃത്വത്തിന്റെ ഭാഗമായ സിൻഡ്‌സിയുടെ അകാല നിര്യാണത്തിൽ പ്രസിഡണ്ട് സിറിൽ രമഫോസ അഗാധമായ ദുഃഖം രേഖപ്പെടുത്തി. നെൽസൺ മണ്ടേലയുടെ മുതിർന്ന സഹപ്രവർത്തകരിൽ ഒരാൾ കൂടിയാണ് രമഫോസ.

മണ്ടേലയുടെ വിമോചനത്തിനു ശേഷം കുടുംബത്തിൽ പ്രശ്നങ്ങൾ ഉയരുകയും മണ്ടേലയും വിന്നിയും വേർപിരിയുകയും ചെയ്ത അവസരത്തിലും സിൻഡ്സി മാധ്യമ ശ്രദ്ധയിൽ നിറഞ്ഞു നിന്നു. നെൽസൺ മണ്ടേലയുടെ പേരിലുള്ള കുടുംബ ട്രസ്റ്റിന്റെ പ്രധാന ചുമതലക്കാരിൽ ഒരാളും സിൻഡ്സി തന്നെയായിരുന്നു. 

Leave a Reply