എം വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; ജെയിംസ് മാത്യു സിപിഎം കണ്ണൂർ സെക്രട്ടറി
തിരുവനന്തപപുരം : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയിലേക്ക് തിരിച്ചെത്തുന്നു . കണ്ണൂരിൽ അദ്ദേഹത്തിന് പകരം ജെയിംസ് മാത്യു സെക്രട്ടറിയായി ചുമതലയേൽക്കും.ഇന്നലെ കണ്ണൂരിൽ ചേർന്ന സിപിഎം ജില്ലാക്കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിനെ സംബന്ധിച്ചു ഉയർന്നുവന്ന ആരോപണങ്ങളെ ക്കുറിച്ച് ഇന്നു രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുന്നണിയിലെ മറ്റു കക്ഷി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ആ യോഗത്തിലും ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചതായി ഇടതുവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രി കൂടി പ്രത്യേക താല്പര്യമെടുത്താണ് ജയരാജനെ അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനങ്ങളെ സംബന്ധിച്ചു പരാതി ഉയർന്ന സന്ദർഭത്തിലാണ് ജയരാജനെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. പോലീസ് സംവിധാനവും പാർട്ടിയും തമ്മിലുള്ള ബന്ധങ്ങളിലും പാർട്ടിയും സർക്കാർ സംവിധാനവും തമ്മിലുള്ള ബന്ധങ്ങളിലും നിലനിന്ന പ്രശ്നങ്ങൾ പരിഹരിച്ചു കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ജയരാജന്‍റെ സേവനം സ്തുത്യർഹമായിരുന്നു എന്ന് പൊതുവിൽ അംഗീകരിക്കപ്പെടുകയുണ്ടായി. പൊതുസമൂഹവുമായും മാധ്യമങ്ങളുമായുള്ള ജയരാജന്‍റെ ബന്ധങ്ങളും വളരെ മെച്ചപ്പെട്ടതായിരുന്നു.
ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത് പി ജയരാജൻ വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയോഗിക്കപ്പെതോടെയാണ്.. തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. പക്ഷേ അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരുന്നതിൽ സംസ്ഥാന നേതൃത്വം വിമുഖത കാണിച്ചു. അതോടെ എം വി ജയരാജൻ കണ്ണൂരിലെ പാർട്ടി നേതൃത്വത്തിൽ തുടരുകയായിരുന്നു.
പക്ഷേ സർക്കാർ അഞ്ചാംവർഷത്തിലേക്കു കടക്കുകയും തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും ആഗതമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ശക്തമായ രാഷ്ട്രീയ സാന്നിധ്യം അനിവാര്യമാണെന്ന് പാർട്ടി തിരിച്ചറിഞ്ഞു. അതനുസരിച്ചു ഓഫീസിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഒന്നിലേറെ തവണ ചർച്ച ചെയ്യുകയുമുണ്ടായി.
കണ്ണൂർ നേതൃത്വത്തിൽ പുതിയ നേതാവ് ആരാകണം എന്നകാര്യത്തിൽ ചില ശക്തമായ വടംവലികൾ നടക്കുകയുണ്ടായി. മുൻ സെക്രട്ടറി പി ജയരാജൻ വീണ്ടും സ്ഥാനത്തു തിരിച്ചെത്താൻ അങ്ങേയറ്റം തല്പരനായിരുന്നു. അദ്ദേഹത്തെ അനുകൂലിക്കുന്നവർ കെ കെ രാഗേഷിനെ സെക്രട്ടറിയായി നിർദേശിച്ചുവെങ്കിലും സംസ്ഥാന നേതൃത്വം അതംഗീകരിച്ചില്ല.