രാജസ്ഥാൻ: പൈലറ്റ് റെഡ്ഢിയുടെ പാതയിലോ ?

ന്യൂദൽഹി: രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ്സ് നേതാവുമായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള ഭിന്നതകളെ തുടർന്ന് കലാപം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല .

അടുത്ത സുഹൃത്തും  മധ്യപ്രദേശിലെ കോൺഗ്രസ്സ് നേതാവുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുടർന്ന് സച്ചിനും ബിജെപിയിൽ ചേക്കേറുമെന്നു പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാധ്യത  പരിമിതമാണെന്നു തലസ്ഥാനത്തെ പ്രധാന ഇംഗ്ലീഷ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. സച്ചിൻ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന്  പുറത്തുപോയാൽ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തു രാജസ്ഥാനിൽ സ്വന്തം നിലയിൽ അധികാരം പിടിക്കാനാണ് ശ്രമിക്കുക എന്നു രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നു.   ആന്ധ്ര പ്രദേശിൽ മുൻ കോൺഗ്രസ്സ് നേതാവ് രാജശേഖർ റെഡ്ഢിയുടെ പുത്രൻ ജഗ്‌മോഹൻ റെഡ്‌ഡി വൈഎസ്ആർ കോൺഗ്രസ്സ് സ്ഥാപിച്ചു അവിടെ അധികാരം പിടിച്ചത് സച്ചിൻ പൈലറ്റിന് മാതൃകയാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജസ്ഥാനിലെ ബിജെപിയിൽ നിലനിൽക്കുന്ന നേതൃത്വ പ്രശ്നങ്ങളും അധികാര വടംവലിയും അത്തരമൊരു സ്വതന്ത്ര നിലപാടിന് സച്ചിനെ പ്രേരിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു.

കോൺഗ്രസ്സ്  നേതൃത്വത്തിലെ പ്രമുഖർ സച്ചിൻ പൈലറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതിനു  തയ്യാറായിട്ടില്ല. അതിനിടയിൽ ഞായറാഴ്ച സച്ചിൻ സുഹൃത്ത് ജ്യോതിരാദിത്യയുമായി സംസാരിച്ചതായും അതിനെ തുടർന്നാണ് സച്ചിനെ പിന്തുണച്ചു അദ്ദേഹം പ്രസ്താവന  ഇറക്കിയതെന്നും ചില കോൺഗ്രസ്സ് നേതാക്കൾ പറയുന്നു.

Leave a Reply