അവസാനം ട്രംപും സമ്മതിക്കുന്നു, മുഖാവരണം തന്നെ രക്ഷ

ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണാ വൈറസ് രോഗബാധയിൽ 130,000 ആളുകളാണ് ഇതിനകം മരിച്ചത്. അഞ്ചുലക്ഷത്തിലേറെ ജനങ്ങൾ രോഗബാധിതരായി .നേരത്തെ രോഗബാധയില്ലാത്ത സംസ്ഥാനങ്ങളിലും ഒരാഴ്ചയായി അതു  പടർന്നു പിടിക്കുകയാണ്. പ്രതിദിനം 66,000 ത്തിൽ അധികം  ആളുകളാണ് ഒരാഴ്ചയായി പുതുതായി രോഗത്തിന് ഇരയാകുന്നത്.

എന്നാൽ ലോകാരോഗ്യ സംഘടന നിർദേശിച്ച അടിസ്ഥാന സുരക്ഷാ മുൻകരുതലുകളെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തിരസ്കരിക്കുകയായിരുന്നു. രാജ്യത്തു  രോഗം ഭീകരമായി പടർന്ന കഴിഞ്ഞ നാലുമാസവും മുഖാവരണം ധരിക്കൽ അടക്കമുള്ള മുൻകരുതൽ നിർദേശങ്ങളെ അദ്ദേഹം പുച്ഛിച്ചുതള്ളി. രോഗം വലിയ പ്രശ്നമല്ലെന്നും അതു വന്നപോലെ പോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.രോഗം അമേരിക്കയെ കീഴടക്കുന്നതാണ് പിന്നീട് കണ്ടത്. സർക്കാരിന്റെ  അലംഭാവവും പ്രതിരോധ നടപടികളിലെ കാലതാമസവും അതിനു കാരണമായി എന്ന് ആരോഗ്യ വിദഗ്ധരും പ്രതിപക്ഷവും ആരോപിച്ചു.

പക്ഷേ അവസാനം ട്രംപും  ഉറക്കമുണർന്നു എന്നാണ് മാധ്യമങ്ങൾ ഇന്നലെ കണ്ടെത്തിയത്. മേരിലാന്റിൽ വിമുക്ത ഭടന്മാരെ ചികിൽസിക്കുന്ന ഒരു ആശുപത്രീയിൽ  ട്രംപ് സന്ദർശനത്തിനായി എത്തിയത്  കറുത്ത മുഖാവരണം ധരിച്ചുകൊണ്ടാണ്. അത്തരം ആവരണങ്ങൾ പൊതുസമൂഹത്തിൽ  സുരക്ഷയ്‌ക്കായി അണിയുന്നതിനെ ഇപ്പോൾ താൻ അനുകൂലിക്കുന്നു എന്നും   പ്രസിഡണ്ട് പ്രഖ്യാപിച്ചു.

ആഗോള മാധ്യമങ്ങൾ ട്രംപിന്റെ മുഖാവരണം വലിയ വാർത്തയായാണ് ആഘോഷിക്കുന്നത്. കാരണം നാലുമാസമായി ട്രംപ് ആവർത്തിച്ചു പറഞ്ഞത് ഇതൊരു ഭീഷണിയല്ല, അതിനാൽ അത്തരം ആവണങ്ങളൊന്നും താൻ ധരിക്കുകയില്ല എന്നാണ്. ശക്തനായ ഭരണാധികാരി എന്ന  തന്റെ പ്രതിച്ഛായക്കു അതു കോട്ടം തട്ടിക്കും എന്ന ഭീതിയായിരുന്നുവത്രെ കാരണം. എന്നാൽ വൈസ് പ്രസിഡന്റും ആരോഗ്യകാര്യ ഉപദേശകരും സൈനിക നേതാക്കളും എല്ലാം മുഖാവരണം ധരിക്കാൻ തുടങ്ങി. മരണ നിരക്ക് ക്രമാതീതമായി ഉയർന്നു. ആശുപത്രികളിൽ രോഗികളെ പ്രവശിപ്പിക്കാനാവാത്ത വിധം തിരക്കു കൂടി. മരിച്ചവരെ അടക്കം ചെയ്യാൻപോലും ആഴ്ചകൾ കാത്തിരിക്കേണ്ട അവസ്ഥയായി. അതോടെ തന്റെ വീരപുരുഷ പ്രതിച്ഛായ അഴിച്ചുവെച്ചു  രോഗം ഒരു വെല്ലുവിളയാണ് എന്നു ട്രമ്പിനും അംഗീകരിക്കേണ്ടിവന്നു. ട്രംപിന്റെ കൊറോണാ പ്രതിരോധനയം പരാജയമാണ് എന്നു സർവേകൾ ചൂണ്ടിക്കാട്ടിയതും  പ്രതിച്ഛായ പുതുക്കലിനു കാരണമായി എന്നു മാധ്യമങ്ങൾ പറയുന്നു .കൊറോണയെ പ്രതിരോധിക്കാനായി തുടക്കം മുതൽ മുഖാവരണം ധരിക്കുന്നതു പതിവാക്കിയ എതിരാളി ജോ ബൈഡൻ സർവേകളിൽ ട്രംപിനെക്കാൾ 15 പോയിന്റോളം മുന്നിലാണ് എന്ന വസ്തുതയും നിലപാടുമാറ്റത്തിനു  കാരണമായിരിക്കാം എന്നും അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു. 

Leave a Reply