വരവര റാവുവിന്‍റെ ആരോഗ്യസ്ഥിതി വളരെ മോശമെന്ന് കുടുംബം

മുംബൈ: മഹാരാഷ്ട്രയിലെ തിലോജ ജയിലിൽ കഴിയുന്ന പ്രശസ്ത തെലുഗു കവി വരവര റാവുവിന്റെ ആരോഗ്യനില വളരെ മോശമാണെന്നും അദ്ദേഹത്തിന് ഫോൺ സംഭാഷണം പൂർത്തിയാക്കാൻ പോലും കഴിഞ്ഞില്ലെന്നും ഹൈദരാബാദിലെ കുടുംബം അറിയിച്ചു.

ഭീമ കോരേഗാവ്  സംഭവവുമായി ബന്ധപ്പെട്ടു എൻഐഎ അന്വേഷിക്കുന്ന കേസിൽ കുറ്റാരോപിതനായ 81 കാരനായ കവി ഇപ്പോൾ ജയിലിൽ ആശുപത്രിയിലാണ്.  ഇന്നലെ എട്ടുദിവസത്തിനുശേഷമാണ് കുടുംബത്തെ ഫോണിൽ ബന്ധപ്പെടാൻ അദ്ദേഹത്തെ അധികൃതർ അനുവദിച്ചത്. എന്നാൽ നാക്കു കുഴഞ്ഞ കവി  സംഭാഷണം മുഴുമിക്കാനാവാതെ ഫോൺ കൂടെയുള്ള സഹതടവുകാരൻ വെർനോൻ ഗോൺസാൽവേസിന് കൈമാറുകയായിരുന്നു എന്നാണ് അദ്ദേഹവുമായി സംസാരിച്ച മകൾ പവന ദി ഹിന്ദു പത്രത്തോട് പറഞ്ഞത്. ജയിലിലെ ആശുപത്രി വാർഡിൽ വരവര റാവുവിനെ സഹായിക്കുന്നത് കേസിൽ മറ്റൊരു പ്രതിയായ മനുഷ്യാവകാശ പ്രവർത്തകൻ ഗോൺസാൽവേസാണ്.

നേരത്തെ മുംബൈയിലെ ജെ ജെ  ആശുപത്രിയിൽ ചികിത്സയിലായിരുന്ന വരവര റാവുവിനെ ജൂലൈ ഒന്നിനാണ് തലോജ ജയിലിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ജയിലിൽ അദ്ദേഹത്തിന് ആവശ്യമായ വിദഗ്ധ  ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞു.

ജൂൺ ആറിന് ആശുപത്രിയിൽ  നിന്നും വരവര റാവു കുടുംബത്തിന് കത്ത് എഴുതിയിരുന്നു.  ആ സമയത്തു കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നില്ല എന്നാണ് അദ്ദേഹം  അറിയിച്ചത്. ജയിലിൽ തിരിച്ചുവന്നു ഒരാഴ്ചയ്ക്കുള്ളിലാണ് സ്ഥിതിഗതികൾ വഷളായത്. വരവര റാവുവിന് ആരോഗ്യസ്ഥിതി പരിഗണിച്ചു ജാമ്യം നൽകണമെന്ന ഹർജി ഈയാഴ്ച ബോംബെ ഹൈക്കോടതി  പരിഗണിക്കുന്നുണ്ട്.  

Leave a Reply