ചുഴലിക്കുള്ളിലെ രാഷ്ട്രീയ ചുഴലി;മമതയും മോദിയും നേർക്കുനേർ

കൊൽക്കത്ത: ബംഗാൾ, ഒഡിഷ  സംസ്ഥാനങ്ങളിൽ വൻനാശം വിതച്ചു ബംഗാൾ ഉൾക്കടലിൽ നിന്നും വീശിയടിച്ച യാസ് ചുഴലിക്കാറ്റ് കടന്നുപോയെങ്കിലും അതിന്റെ ആഘാതം രാഷ്ട്രീയചുഴലിയായി കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ പുതിയൊരു പ്രതിസന്ധിയിൽ എത്തിച്ചു.

ഇന്നലെ ഒഡിഷയും ബംഗാളും സന്ദർശിച്ചു വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെ കലയ്ക്കുണ്ട വ്യോമതാവളത്തിൽ നടത്തിയ യോഗത്തിൽ നിന്നും മുഖ്യമന്ത്രി മമതാ ബാനർജി വിട്ടുനിന്നു. യോഗത്തിനു ശേഷം പ്രധാനമന്ത്രിയെ  നേരിൽകണ്ട മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങൾ 

നിരത്തി നിവേദനം നൽകി. എന്നാൽ ബിജെപി  അധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർ പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ച മമതയുടെ നടപടി ധിക്കാരവും കേന്ദ്രസംസ്ഥാന ബന്ധങ്ങളെ താറുമാറാക്കുന്നതും ആണെന്നു കുറ്റപ്പെടുത്തി.

വിഷയം  കൂടുതൽ രാഷ്ട്രീയ വിവാദമാക്കി നിലനിർത്തുന്നതിന്റെ ഭാഗമായി ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാദ്ധ്യയോടു ഇനി മുതൽ കേന്ദ്രസർക്കാരിന് റിപ്പോർട്ട് ചെയ്യണം എന്ന് കേന്ദ്രസർക്കാർ ഇന്നലെ വൈകി  ഇറക്കിയ ഉത്തരവിൽ പറയുന്നു. ഇപ്പോൾ ബംഗാൾ സംസ്ഥാന കേഡറിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തെ കേന്ദ്ര  സർവീസിലേക്ക് മാറ്റിയിരിക്കുകയാണ്. 

ഇന്നലെ മോദിയുടെ യോഗത്തിൽ  പങ്കെടുക്കാൻ സാധിക്കാതിരുന്നത് ദിഗ പ്രദേശത്തെ കെടുതികൾ പരിശോധിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനും താൻ അങ്ങോട്ടു പോയതിനാൽ ആണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പിന്നീട് ചീഫ്  സെക്രട്ടറിയോടൊത്തു പ്രധാനമന്ത്രിയെ കണ്ടു ദുരന്തം സംബന്ധിച്ച വിശദവിവരങ്ങൾ കൈമാറിയതായും അവർ അറിയിച്ചു. മോദിയുടെ യോഗം മമത ബഹിഷ്ക്കരിക്കാനുള്ള ഒരു കാരണം തൃണമൂൽ നേതൃത്വത്തിൽ നിന്ന് ബിജെപിയിലേക്ക് പോയി മമതയെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പ്രധാനമന്ത്രി അതിൽ പങ്കെടുക്കാൻ ക്ഷണിച്ചതാണെന്ന് ചില മാധ്യമങ്ങൾ പറയുന്നു. നന്ദിഗ്രാമിൽ നടന്ന നിയമസഭാ  തെരഞ്ഞെടുപ്പിൽ അധികാരിയോട് ഏറ്റുമുട്ടിയ മമത ചുരുങ്ങിയ വോട്ടുകൾക്ക് പരാജയപ്പെടു കയായിരുന്നു.

ബംഗാൾ, ഒഡിഷ  സന്ദർശനത്തിനു ശേഷം മോദി സർക്കാർ 1000കോടി രൂപയുടെ അടിയന്തിര സഹായം ബംഗാൾ, ഒഡിഷ ,ഛത്തിസ്‌ഗഡ്‌ സംസ്ഥാനങ്ങൾക്കായി അനുവദിച്ചു.ഇതിൽ ഒഡിഷയുടെ പങ്ക് 500 കോടിയാണ് .അത്  ഉടൻ നൽകും .എന്നാൽ മറ്റു രണ്ടു സംസ്ഥാനങ്ങൾക്കുള്ള തുക നാശനഷ്ടത്തിന്റെ കണക്കുകൾ  പരിശോധിച്ച ശേഷം മാത്രമേ നൽകുകയുള്ളൂ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

SHARE
  •  
  •  
  •  
  •  
  •  
  •