പൂന്തുറയിൽ ജനങ്ങൾ എന്തുകൊണ്ട് തെരുവിലിറങ്ങി ?

തിരുവനന്തപുരം: എന്തുകൊണ്ടാണ് പൂന്തുറയിൽ പ്രക്ഷുബ്ധരായ ജനങ്ങൾ തെരുവിലിറങ്ങിയത് എന്ന കാര്യത്തെപ്പറ്റി സർക്കാരും പ്രതിപക്ഷവും പറയുന്ന കാര്യങ്ങൾ ഭരണ നിർവഹണത്തിലെ ഗുരുതരമായ ചില പോരായ്മകളിലേക്കു വിരൽ ചൂണ്ടുന്നു.

പൂന്തുറയിൽ ട്രിപ്പിൾ  ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഓർക്കാപ്പുറത്താണ്.  തീരദേശ ഗ്രാമത്തിൽ കൊറോണയുടെ തീവ്ര വ്യാപനം കണ്ടെത്തി‌യതോടെയാണ് ലോക്ക്ഡൗൺ നടപ്പിലാക്കിയത്. എല്ലാ റോഡുകളും അടച്ചു, കടകമ്പോളങ്ങൾ കർശനമായി പൂട്ടി. കടലിൽ പോകുന്നത് തടഞ്ഞു. പ്രദേശത്തു അവശ്യവസ്‌തുക്കൾ എത്തിക്കാനോ അടിയന്തിര ചിൽകിത്സക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനോ സർക്കാർ  ബദൽ സംവിധാനം  ഒരുക്കിയില്ല.

വറുതിയിലായ ജനങ്ങൾ നിവൃത്തികേടു കൊണ്ടാണ് പ്രക്ഷോഭത്തിന്‌ ഇറങ്ങിയതെന്നു പ്രാദേശിക പൊതുപ്രവർത്തകരും സ്ഥലത്തെ  പള്ളി വികാരിയും സാക്ഷ്യപ്പെടുത്തുന്നു.  സ്ഥലത്തെ കൗൺസിലറായ സൈമൺ പീറ്റർ പറഞ്ഞത് ഏകപക്ഷീയമായി ഭരണാധികാരികൾ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ജനജീവിതം സ്തംഭിപ്പിക്കുന്ന നിലയിലായിരുന്നു എന്നാണ്. അത്യാവശ്യ സാധനങ്ങൾ ലഭിക്കാൻ വഴിയില്ലാതെയായി. ആശുപത്രിയിൽ എത്തിപ്പെട്ടവരെ പോലും പൂന്തുറ എന്ന് കേട്ട മാത്രയിൽ ഇറക്കിവിട്ടു. തൈക്കാട് ആശുപത്രിയിൽ  ഗർഭസംബന്ധമായ പ്രശ്നങ്ങളുമായി ചെന്ന  യുവതിയെപ്പോലും ചികിത്സ നൽകാതെ തിരിച്ചു വിട്ടതായി അദ്ദേഹം പറഞ്ഞു. പൂന്തുറക്കാരെ തീണ്ടാപ്പാടകലെ നിർത്തിയ സർക്കാർ  സ്ഥലത്തു യാതൊരു ബദൽ സൗകര്യങ്ങളും ഏർപ്പെടുത്തിയതുമില്ല .

പകരം വന്നതു സായുധ പൊലീസാണ്. ആയുധങ്ങളുമായി നിരത്തിൽ അവർ  റോന്തുചുറ്റി.  സർക്കാർ അനൗൺസ്‌മെന്റ് വാഹനങ്ങൾ  കർശനമായ വിലക്കുകളെക്കുറിച്ചു മാത്രമാണ് പറഞ്ഞത്; ജനങ്ങൾക്ക് സൗകര്യങ്ങൾ  എപ്പോൾ നൽകാനാവും എന്ന കാര്യം പോലും അറിയിച്ചില്ല.

ഈ പ്രതിസന്ധിയിൽ  ക്ഷുഭിതരായി പുറത്ത് ഇറങ്ങിയവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളായിരുന്നു എന്നു ടെലിവിഷൻ ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. തങ്ങളുടെ പ്രയാസങ്ങളെക്കുറിച്ചാണ് അവർ പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രി കേട്ടതു  മറ്റൊന്നാണ്. പൂന്തുറയിൽ ജനങ്ങളെ അക്രമം നടത്താനായി  ചിലർ ഇറക്കി വിട്ടു എന്നു മുഖ്യമന്ത്രി പതിവു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ജനങ്ങൾ  എന്തുകൊണ്ടു കുപിതരായി എന്നതിനു അദ്ദേഹം നൽകിയ വിശദീകകരണം പ്രതിപക്ഷം ഇളക്കിവിട്ടു എന്നു മാത്രമാണ്. രണ്ടാം ദിവസവും അതേ വ്യാഖ്യാനം തന്നെയാണ്  മുഖ്യമന്ത്രി ആവർത്തിച്ചത്.

ആരോഗ്യമന്ത്രിയാകട്ടെ,  ഒരുപടി കൂടി മുന്നോട്ടുപോയി. വർഗീയകലാപം സൃഷ്ടിക്കാനുള്ള ചില ഗൂഢനീക്കങ്ങൾ കൂടി കണ്ണൂരിൽ നിന്നുള്ള ആരോഗ്യമന്ത്രി പൂന്തുറയിൽ കാണുന്നു. പൂന്തുറയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ അവിടെപ്പോയി നോക്കിയ ശേഷമല്ല  മന്ത്രി തന്റെ നിഗമനത്തിലെത്തിയത്. സ്വന്തം ഔദ്യോഗിക വസതിയിലിരുന്നു കമ്പ്യൂട്ടർ സംവിധാനത്തിലൂടെയാണ് മന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും  സ്ഥലത്തെ പ്രശ്നങ്ങൾ സംബന്ധിച്ചു പ്രാദേശിക പൊതു പ്രവർത്തകരുമായോ മാധ്യമപ്രവർത്തകരുമായോ ആശയവിനിമയം നടത്തിയതായി കാണുന്നില്ല.

എന്നാൽ   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടിയും പ്രദേശത്തെ ജനജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ സംബന്ധിച്ചു വിശദീകരിച്ചു. ഓഖിയും  പ്രകൃതി ദുരന്തങ്ങളും വേട്ടയാടിയ സമൂഹമാണ് കടൽതീരത്ത്  കഴിയുന്നത്. പ്രളയം വന്നപ്പോൾ തങ്ങളുടെ ഉന്നതമായ സാമൂഹിക ബോധം പ്രകടിപ്പിച്ച സമൂഹം.  അവരെ വീരന്മാർ എന്നാണ് അന്ന് നേതാക്കളും മാധ്യമങ്ങളും പുകഴ്ത്തിയത്. അതിനാൽ ആരുടെയെങ്കിലും പ്രേരണയ്ക്കു വശംവദരായി അവർ ബഹളം കൂട്ടി എന്ന വാദം ശരിയല്ലെന്ന് ഇരുവരും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല,  പ്രദേശത്തെ ജനങ്ങൾക്കു അന്നന്നു കിട്ടുന്ന വരുമാനം കൊണ്ടു നിത്യവൃത്തി കഴിക്കുന്നവർ ആകയാൽ സൗജന്യ റേഷനും ചികിത്സാ സൗകര്യങ്ങളും അനുവദിക്കണമെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത് . അവരുടെ പ്രശ്നങ്ങൾ ഒട്ടും കണക്കിലെടുക്കാതെയാണ്‌ സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് എന്ന കാര്യം ഉമ്മൻ ചാണ്ടി ചൂണ്ടിക്കാണിക്കുന്നു.

സിപിഎം നേതാക്കളിൽ ചിലരെങ്കിലും ഈ വസ്തുതകൾ  തിരിച്ചറിഞ്ഞുള്ള പ്രതികരണമാണ് നടത്തിയത് എന്നതും ശ്രദ്ധേയമാണ്.തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള  മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം അത്തരത്തിൽ കാര്യമാത്ര പ്രസക്തമായ  നിലയിലുള്ള ഒരു ഇടപെടൽ ആയിരുന്നു. തീരദേശത്തെ ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ ലഘൂകരിക്കാനുള്ള സർക്കാർ ശ്രമങ്ങളിലാണ് അദ്ദേഹം ഊന്നൽ നൽകിയത്. പ്രശ്നങ്ങൾക്ക്‌ അടിയന്തിര  പരിഹാരം  കണ്ടെത്തി ജനവികാരം തണുപ്പിക്കുന്ന സമീപനമാണ് കടകംപള്ളി സ്വീകരിച്ചത്. പ്രശ്നപരിഹാരത്തിനു അതു സഹായകമാകുകയും  ചെയ്തിട്ടുണ്ട്.

Leave a Reply