ഉമ്മൻ ചാണ്ടിയും പിണറായി വിജയനും: ചില താരതമ്യ ചിന്തകൾ
ചരിത്രം പലപ്പോഴും ആവർത്തിക്കുമെന്ന് പറഞ്ഞത് സാക്ഷാൽ കാൾ മാർക്‌സാണ്. ലൂയി ബോണപ്പാർട്ടിന്റെ പതിനെട്ടാം ബ്രൂമെയ്ർ എന്ന പുസ്തകത്തിലാണ് മാർക്സ് അങ്ങനെ പറഞ്ഞത്. നെപ്പോളിയൻ ബോണപ്പാർട്ടിൽ നിന്ന് ലൂയി ബോണപ്പാർട്ടിലേക്കുള്ള ഫ്രാൻസിന്റെ ചരിത്രത്തിലെ മാറ്റങ്ങളെ സംബന്ധിച്ച വിശകലനം നടത്തുന്ന സന്ദർഭത്തിലാണ് മാർക്സ് ഇതു പറഞ്ഞത്. കൂട്ടത്തിൽ ഒന്നുകൂടി അദ്ദേഹം പറഞ്ഞു: ആദ്യം അതു ദുരന്തമായി വരും; പിന്നീടൊരു ഹാസ്യനാടകമായി അവതരിക്കും.
കേരള ചരിത്രം സരിതയിൽ നിന്ന് സ്വപ്നയിലേക്കു എത്തിനിൽക്കുന്ന അസുലഭ സുന്ദര മുഹൂർത്തമാണിത്. രണ്ടു കഥകളിലും നായകസ്ഥാനത്തു വന്നതു അതാതു കാലത്തെ മുഖ്യമന്ത്രിമാർ തന്നെ. രണ്ടുപേരും ഒരേതരത്തിലുള്ള രാഷ്ട്രീയ- ധാർമിക പ്രതിസന്ധികളോട് എങ്ങനെ പ്രതികരിച്ചു എന്ന വിഷയം ഭാവി കേരളചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായം തന്നെയായിരിക്കും. സരിതയുടെ കാലം കഴിഞ്ഞു; സ്വപ്നയുടെ കാലം തുടങ്ങിയതേയുള്ളു. അതിനാൽ എങ്ങനെയാണ് രണ്ടു ഭരണാധികാരികളും അത്തരം പ്രതിസന്ധികളെ നേരിട്ടത് എന്ന കാര്യത്തിൽ ഒരു അന്തിമ നിഗമനത്തിലേക്ക് എത്താൻ ഇനിയും സമയം ഏറെയെടുക്കും. പക്ഷേ ചില സവിശേഷതകൾ ഇപ്പോൾത്തന്നെ ചൂണ്ടിക്കാണിക്കാൻ കഴിയുന്നതുമാണ്.
ഉമ്മൻ ചാണ്ടി ഭരണം അഴിമതിയുടെയും സന്മാർഗ തകർച്ചയുടെയും കാലമെന്നു ആരോപിച്ചു കൊണ്ടാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ വിജയിച്ചത്. സരിതയായിരുന്നു അവരുടെ പ്രധാന തുരുപ്പുശീട്ട്. സിപിഎം നിയന്ത്രണത്തിലുള്ള ചാനലിലെ പ്രധാന അതിഥിയും ദീർഘകാലം അവർ തന്നെയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഓഫീസ്സിനു പറ്റിയ തെറ്റുകൾക്ക് സർക്കാർ വലിയ വില കൊടുത്തു. ഇടതുപക്ഷം അഴിമതിവിരുദ്ധ പ്രതിച്ഛായയുമായി അധികാരത്തിലേറുകയും ചെയ്തു.
ഇപ്പോൾ എന്താണ് അവസ്ഥ? അതു ആലോചിക്കുമ്പോഴാണ് ചരിത്രത്തിലെ ദുരന്തങ്ങൾ സംബന്ധിച്ച മാർക്സിന്റെ നിരീക്ഷണങ്ങൾ ഇന്നും പ്രസക്തമാകുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തു അതൊരു ദുരന്തമായിരുന്നു; ഇത്തവണ അത് പൊറാട്ടുനാടകമായാണ് നമ്മുടെ മുമ്പിൽ ആവർത്തിക്കുന്നത്.
എന്താണ് നമ്മുടെ സമകാല രാഷ്ട്രീയ ജീവിതത്തിലെ സമസ്യ? സരിതയും സ്വപ്നയും മധ്യവർഗകുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളാണ്; ഉപജീവനത്തിനായി തൊഴിൽ ചെയ്തു ജീവിക്കാൻ വഴി തേടിയാണ് അവരാദ്യം വന്നതും. പക്ഷേ സമകാല സമൂഹത്തിൽ പലതരം സാധ്യതകളുണ്ട്; ഇന്നത്തെ ഭരണസംവിധാനം അത്തരം വഴിവിട്ട പ്രവർത്തനങ്ങൾക്കു പറ്റിയ മണ്ണൊരുക്കുന്നുമുണ്ട്.
രണ്ടുപേരും ഇത്തരം പരീക്ഷങ്ങണളിൽ ഏർപ്പെട്ടു എളുപ്പത്തിൽ ഉന്നതങ്ങളിലേക്കുള്ള വഴി തേടുകയായിരുന്നു എന്ന് സങ്കല്പിക്കണം. ഉമ്മൻ ചാണ്ടിയുടെ കാലത്തു അദ്ദേഹത്തിന്റെ ഓഫിസിലെ ചില പോലീസുകാരും ചാണ്ടിയുടെ വിശ്വസ്തർ എന്നു അദ്ദേഹം ധരിച്ച ചില ജീവനക്കാരും അതിനു കൂട്ടുനിന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കളങ്കിതമായി. മുഖ്യമന്ത്രിയുടെ ഓഫിസ് ജീവനക്കാരിൽ ചിലരെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ആഭ്യന്തരമന്ത്രിക്കു തീരുമാനമെടുക്കേണ്ടി വന്നു. കേസ് കേസിന്റെ വഴിക്കു പോയി.
എങ്ങനെയാണ് ഈ പ്രതിസന്ധിയെ ഉമ്മൻ ചാണ്ടി നേരിട്ടത്? അദ്ദേഹം തന്റെ നിലപാട് വിശദീകരിക്കാൻ ശ്രമം നടത്തി. ഓരോ ആഴ്ചയും മാധ്യമ പ്രവർത്തകരെ നേരിട്ടുകണ്ട് അവരുടെ മുനവെച്ച ചോദ്യങ്ങൾക്കു ക്ഷമയോടെ മറുപടി പറഞ്ഞു. തന്റെ ഓഫീസിനെ സംബന്ധിക്കുന്ന ആരോപണങ്ങളെക്കുറിച്ചു അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ വെച്ചു. മുഖ്യമന്ത്രി ആയിരിക്കെ, കമ്മീഷന് മുന്നിൽ ചോദ്യങ്ങൾക്കു മറുപടി പറയാൻ ഹാജരായി. പൊതുസമൂഹത്തിനു മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ആത്മാർത്ഥമായ ശ്രമം ഉമ്മൻ ചാണ്ടി നടത്തി എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
തന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ ഉമ്മൻ ചാണ്ടി വിജയിച്ചുവോ? സംശയമാണ്. കാരണം തിരഞ്ഞെടുപ്പിൽ ജനങ്ങൾ യുഎഡിഎഫിനെ തോൽപിച്ചു. സരിതപ്രശ്‍നം മാത്രമല്ല പരാജയകാരണം എന്നു എല്ലാവർക്കുമറിയാം. എന്നാലും തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും ഒഴിഞ്ഞുനിന്നു.
ഇപ്പോൾ കാലം മാറി; കഥാപാത്രങ്ങളും മാറി. പക്ഷേ കഥ മാത്രം മാറിയില്ല. എങ്ങനെയാണ് പുതിയ കഥയിലെ നായികാനായകന്മാർ അരങ്ങിൽ ആടിത്തിമിർക്കുന്നത്? അതു ചോദിക്കുമ്പോഴാണ് പൊറാട്ടുനാടകത്തെ സംബന്ധിച്ച ഓർമ്മകൾ വീണ്ടും തലപൊക്കുന്നത്. കാരണം അന്നത്തെ പ്രതിപക്ഷത്തിന്റെ ഇളകിയാട്ടം ഇന്നും ജനങ്ങളുടെ ഓർമയിൽ തന്നെയുണ്ട്. അന്നു സിപിഎം നേതാവ് പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുന്നിൽ നിന്നു മുഖ്യമന്ത്രിക്കു നിവേദനം നൽകേണ്ട സ്ത്രീ പിന്നിലൂടെ വന്നതിനെ കുറിച്ചു അദ്ദേഹം അന്നു നടത്തിയ അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ ഇപ്പോൾ മുഖ്യമന്ത്രി ഒന്നുകൂടി കേൾക്കുന്നതു നല്ലതാണ്. തെറ്റുകൾ തിരുത്താൻ കഴിയില്ലെങ്കിലും ഭാവിയിൽ അതു ആവർത്തിക്കുന്നത് ഒഴിവാക്കാൻ അതു സഹായിക്കുമല്ലോ.
കോവിഡിന്റെ മറവിൽ അസുഖകരമായ ചോദ്യങ്ങൾ ഉയരുന്നത് ഒഴിവാക്കാനായി സർക്കാരിലെ ചില സമർത്ഥന്മാരുടെ ഇടപാടുകളെക്കുറിച്ചു ഒന്നും പറയാതെ ഇരിക്കുകയാണ് ഭേദം. പക്ഷേ ചോദ്യങ്ങൾ ചാപിള്ളയായി മാധ്യമപ്രവർത്തകരുടെ നാക്കുകളിൽ ഒതുങ്ങിയാലും ജനങ്ങളുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങളെ കഴുത്തുഞെരിച്ചു കൊല്ലാൻ ഒരു പി ആർ ഏജൻസി വിചാരിച്ചാലും സാധിക്കുകയില്ല എന്ന കാര്യം വേറെ.
സരിത കേസിനെ ഒരു വഷളൻ രീതിയിലേക്ക് കൊണ്ടുപോകുന്നതിൽ ഉത്തരവാദി പ്രതിപക്ഷം മാത്രമല്ല എന്നകാര്യം മറക്കുന്നില്ല. സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തി മാദകമായ വിവരണങ്ങൾ അതിൽ ഉൾപ്പെടുത്തിയതിനു ആരാണ് ഉത്തരവാദി എന്നു ഇന്നു പൊതുസമൂഹത്തിൽ കുറേക്കൂടി വ്യക്തതയുണ്ട്. രാഷ്ട്രീയ വൈരനിര്യാതനത്തിനു ചിലർ നടത്തിയ ശ്രമങ്ങൾക്ക് പ്രതിപക്ഷത്തേക്കാൾ അന്നത്തെ ഭരണകക്ഷിയിലെ ചില അസംതൃപ്തർ തന്നെയായിരുന്നു ഉത്തരവാദികൾ. ഉമ്മൻ ചാണ്ടി തന്നെ നിയമിച്ച ശിവരാജൻ കമ്മീഷനും അതേ മാർഗം തന്നെയാണ് പിൻതുടർന്നത്. കമ്മീഷൻ റിപ്പോർട്ടിൽ മൂന്നിടത്താണ് സരിതയുടെ വിവാദ കത്ത് ഉദ്ധരിക്കുന്നത്. അതേസമയം കത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ഒരു പരിശോധനയും കമ്മീഷൻ നടത്തിയതുമില്ല.
ഇത്തവണ പിണറായി വിജയനെയും സർക്കാരിനെയും അടിക്കാൻ ഒരു വടിയായി കള്ളക്കടത്തു വിഷയം ഉപയോഗിക്കപ്പെടും എന്നു തീർച്ചയാണ്. എൻഐഎ അന്വേഷണം മുന്നോട്ടുനീങ്ങുന്നതോടെ സർക്കാരും സിപിഎമ്മും കൂടുതൽ പ്രതിരോധത്തിലാവും. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം കേരളത്തിലെ ബിജെപിയ്ക്ക് കളം പിടിക്കാൻ വഴിയൊരുക്കും എന്നതും കാണാതിരുന്നുകൂടാ. അത്തരം ഒരു അവസ്ഥക്ക് കാരണമാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതിൽ ഉണ്ടായ പാളിച്ചയാണെന്നു സിപിഎമ്മിൽ പോലും പലരും തുറന്നു സമ്മതിക്കുന്നു. പാർട്ടിയുടെ നിയന്ത്രണവും മേൽനോട്ടവുമല്ല, ഉദ്യോഗസ്ഥരുടെയും ഉപദേശികളുടെയും അഴിഞ്ഞാട്ടമാണ് അവിടെ നടന്നുവന്നത്. അത്തരം ഒരു ഉപജാപകസംഘം പെട്ടെന്നു പൊട്ടിമുളച്ചു വന്നതല്ല. എകെജി സെന്ററിൽ നിന്നു ചാനൽ ഓഫീസിലേക്ക് ഭരണനിയന്ത്രണം ഒഴുകിപ്പോയത് സിപിഎമ്മിൽ കഴിഞ്ഞ പത്തിരുപതു കൊല്ലമായി നടന്നുവന്ന നഗ്നമായ അരാഷ്ട്രീയവത്കരണ പ്രക്രിയയുടെ ഭാഗമാണ്. അതിന്റെ ഭീകരമായ അനുഭവങ്ങൾ ഇന്നും മനസ്സിൽ പേറുന്ന പലരും കേരളീയ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. അവർക്കൊന്നും ഒരിക്കലും നീതി കിട്ടിയില്ല എന്നതും സത്യമാണ്. എന്തുകൊണ്ട് പാർട്ടി സംവിധാനം അരികിലേക്ക് തള്ളിമാറ്റപ്പെടുകയും ഉപജാപക സംഘം കാര്യങ്ങൾ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു എന്ന പരിശോധന ഇത്തവണയെങ്കിലും ഉണ്ടായാൽ നല്ലതാണ്.
ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതികൾക്കു കിട്ടിയ ഒരു തിരിച്ചടിയും “കാവ്യനീതി’യുമായാണ് സ്വപ്ന സുരേഷിന്റെ രംഗപ്രവേശത്തെ പല കോൺഗ്രസ്സുകാരും കാണുന്നത്. ഉമ്മൻ ചാണ്ടി തന്നെയും ദൈവത്തിന്റെ നീതിയിൽ തനിക്കുള്ള വിശ്വാസമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഊന്നിപ്പറയുന്നത്. ഒരു നിലയ്ക്ക് അതിൽ സത്യമുണ്ട്. കാരണം പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നാണ് മലയാളികൾ പറയാറുള്ളത്. പക്ഷേ അതിനപ്പുറം ,പാർട്ടിയിലും ഭരണ സംവിധാനത്തിലുമുള്ള ഗുരുതരമായ പിഴവുകളാണ് എൽഡിഎഫ് സർക്കാരിനെ ഇന്നത്തെ ദുരന്തത്തിലേക്ക് എത്തിച്ചത് എന്ന കാര്യമാണ് ഓർമിക്കപ്പടേണ്ടത്. ഇന്നത്തെ ഭരണാധികാരികൾക്ക് അത്തരമൊരു തിരിച്ചറിയൽ കൊണ്ടു പ്രയോജനം ഉണ്ടാകാൻ ഇടയില്ല. തിരിച്ചറിഞ്ഞാലും അവർക്കു ഇന്നത്തെ ചെളിക്കുണ്ടിൽ നിന്നു രക്ഷപ്പെടാൻ പഴുതുമില്ല. പക്ഷേ അവരുടെ കൂടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം കൂടി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു പോകുന്നത് ഒഴിവാക്കാൻ ആത്മപരിശോധനകൾ സഹായിച്ചേക്കും. അതിനു പാർട്ടി തയ്യാറാകുമോ എന്നത് പക്ഷേ കണ്ടറിയേണ്ട കാര്യമാണ്.