തൈക്കാട് രാജേന്ദ്രന് പ്രണാമം
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പത്രപ്രവര്‍ത്തനത്തിലും സാമൂഹ്യപ്രവർത്തനത്തിലും അരനൂറ്റാണ്ടോളം വ്യാപാരിച്ചിരുന്ന ശ്രീ തൈയ്ക്കാട് രാജേന്ദ്രന്‍ (79) ഇന്നലെ രാത്രി പത്തുമണിയോടെ കാലയവനികയ്ക്കു പിന്നിലേക്ക് മറഞ്ഞു. ഏതാനും വര്‍ഷം മുന്‍പ് വരെ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ശ്രീ രാജേന്ദ്രന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതലുള്ള സുഹൃത്ത് ബന്ധങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച സഹൃദയനാണ്. ശ്രീ രാജേന്ദ്രന്‍റെ സുഹൃത് ബന്ധത്തിന് ഒരിക്കലും പരിധികളോ പരിമിതികളോ ഇല്ലായിരുന്നു.പ്രസ് ക്ലബ്ബിലെ ചീട്ടുകളി സൌഹൃദത്തിലായാലും നഗരത്തിലെ മറ്റ് സുഹൃത് കൂട്ടായ്മയിലായാലും പത്രസമ്മേളനങ്ങളിലും നിയമസഭാ പ്രസ് ഗാലറിയിലും പൊതുപരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്നു ഈ സീനിയര്‍ പത്രപ്രവര്‍ത്തകന്‍. ഏതു സദസ്സിലും ഒരു കാന്തം കൊണ്ട് വെച്ചതുപോലെയായിരുന്നു അദ്ദേഹത്തിന് ചുറ്റും സുഹൃത്തക്കൾ വന്ന് പൊതിയുന്നത്. ആരെയും കൂസാത്ത തലയെടുപ്പും പടക്കം പൊട്ടുമ്പോലെ ചിരിയുടെ ആരവങ്ങള്‍ മുഴക്കുന്ന മാടമ്പി ശൈലിയും മിത്രങ്ങളെ മാത്രമല്ല ശത്രുക്കളെയും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പഴയ പത്രപ്രവര്‍ത്തകരുടെ ആഡ്യത്വം കുത്തകാവകാശമായി കയ്യടക്കി വെച്ചിരുന്നവരുടെ അവസാനിക്കാറായ നീണ്ട നിരയിൽ ഒരു കണ്ണിയാണ് ശ്രീ രാജേന്ദ്രന്‍. ഏതു മന്ത്രിയുടെ ഓഫീസ്സില്‍ ചെന്ന് കയറിയാലും ഏതു ഉന്നത പോലീസ് മേധാവിയുടെ മുന്നിലെത്തിയാലും ഏതു ഐ എ എസ് കാരന്റെ മുന്നിലെത്തിയാലും ഒന്നിനെയും കൂസാതെയുള്ള ആ ശൈലിക്ക് ഉടമയായി തലസ്ഥാനത്തു ഒരു തൈക്കാട് രാജേന്ദ്രൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആ വീരസ്യം കണ്ടാല്‍ ചിലപ്പോള്‍ മനംപുരട്ടും. കുശുമ്പ് തോന്നും .അത് സ്വാഭാവികം . പക്ഷെ ശ്രീ രാജേന്ദ്രന്‍ അതായിരുന്നു. എങ്ങിനെയാണ് വര്‍ഷങ്ങളായി ഇവരെയെല്ലാം ഇങ്ങിനെ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് എന്ന് ചോദിച്ചപ്പോള്‍ ആ ട്രിക് പറഞ്ഞുതരില്ല എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ടുള്ള അദ്ദേഹത്തിൻറെ മറുപടി. എന്നാല്‍ ” ഒരു കാര്യം പറയാം, ഈ കഴുവേറികള്‍ എല്ലാം സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ എന്‍റെ സഹപാഠികള്‍ ആയിരുന്നു. അതാണ് അതിന്റെ ബലം. പരീക്ഷാ ഹാളില്‍ അവരെല്ലാം കൂടി വിചാരിച്ചാലും ഫലം വരുമ്പോള്‍ ഞാന്‍ തോറ്റിരിക്കും.” അങ്ങിനെ തുറന്നടിക്കുന്നതിലും ഒരു മടിയുമില്ല. എന്നാലും ഇത്രയേറെ ഡോക്ടര്‍മാര്‍,പോലീസ് ഉന്നതര്‍, ഐ എ എസ് കാര്‍ എന്നിവരെയെല്ലാം എങ്ങിനെ വശത്താക്കി എന്ന് ചോദിച്ചാലും ഉത്തരം വിദ്യാഭ്യാസകാലത്തെ ആത്മബന്ധം തന്നെയാണ് പറയാനുണ്ടാകുക. അതില്‍ ഒരു അനുബന്ധ കഥകൂടി ഉണ്ട്. ശ്രീ രാജേന്ദ്രന് ബിരുദ കോഴ്സില്‍ തിരുവനന്തപുരത്തെ രണ്ട് പ്രധാന കോളജുകളില്‍ പഠിക്കേണ്ടിവന്നിരുന്നു . പ്രശസ്തമായ എം ജി കോളജില്‍ പഠിക്കുന്ന കാലത്ത് തലസ്ഥാനത്തെ കലാലയങ്ങളിലെ സിംഹം എന്ന് വിശേഷിക്കപ്പെട്ടിരുന്ന ശ്രീ എം പി മന്മഥന്‍ സാറിനെതിരെ മടയില്‍ കയറി പടനയിച്ചു തലസ്ഥാനം കലാപ കലുഷിതമാക്കിയപ്പോള്‍ സാര്‍ ഒരു വിട്ടുവീഴച്ചയ്ക്കും തയ്യാറാകാതെ ശ്രീ രാജേന്ദ്രനെ പുറത്താക്കി. അതോടെയാണ് ആര്‍ എസ് പി യുടെ വിദ്യാര്‍ഥി വിഭാഗമായ പി എസ് യു വിന്റെ സംസ്ഥാനനേതാവായ തൈയ്ക്കാട് രാജേന്ദ്രന്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ നേതാവായത് . സമരം തണുപ്പിക്കാന്‍ അന്നത്തെ ഇ എം എസ് സര്‍ക്കാര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ വിദ്യാര്‍ത്ഥിക്ക് യൂണിവേഴ്സിറ്റി കോളജില്‍ തുടര്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കി. അങ്ങിനെ രണ്ടു പ്രഗല്ഭമായ കോളജുകളിലെ സഹപാഠികളുടെ ഈടുവെപ്പുമായാണ് അദ്ദേഹം സജീവ രാഷ്ട്രീയ കളരിയിലും പത്രപ്രവര്‍ത്തനത്തിലേക്കും കാലുകുത്തിയത്.
ചുരുങ്ങിയ സമയം കൊണ്ട് സംഭ്രമകരമായ വാർത്തകൾ സൃഷ്ടിച്ച് കൈത്തഴക്കം വന്ന ശ്രീ രാജേന്ദ്രന്‍ പിന്നീട് സ്വന്തം പേരില്‍ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചും (ഇംഗ്ലീഷിലും മലയാളത്തിലും) വാര്‍ത്തകള്‍ ശേഖരിച്ചും ആ ജനുസ്സില്‍ പെട്ട മാധ്യമപ്രവത്തനത്തിന്റെ പര്യായമായി മാറി . ചെറുകിട പത്ര പ്രസിദ്ധീകരണ മേഖലയിൽ ഒരു കുടുംബം ഒന്നാകെ പത്രരംഗത്ത് വ്യാപരിക്കുന്നതിന് മറ്റൊരു ഉദാഹരണം കേരളത്തില്‍ ചൂണ്ടിക്കാട്ടനുണ്ടോ എന്ന് സംശയമാണ്.രേഖകളിൽ മാത്രമല്ല പ്രവർത്തന രംഗത്തും കുടുംബം ഒന്നാകെ അതിന്റെ നെടുംതൂണായുണ്ട്, പ്രത്യേകിച്ചും ശ്രീ തൈയ്ക്കാട് രാജേന്ദ്രന്റെ സഹധർമ്മിണി ശ്രീമതി നന്ദിനി രാജേന്ദ്രനാണ് ഈ സ്ഥാപനത്തിന്റെ ഊർജ്ജസ്രോതസ്. ഒട്ടേറെ പത്രപ്രവർത്തകരുടെ പഠന കളരികൂടിയാണ് ഈ സ്ഥാപനങ്ങൾ.
ശ്രീ തൈക്കാട് രാജേന്ദ്രനെ . ഒരിക്കല്‍ തൃശ്ശൂരില്‍ വെച്ച് കാണാൻ ഇടയായപ്പോൾ അദ്ദേഹം എത്തിയ കാറിൽ തൊട്ടു മുന്നിലുള്ള എസ് പി ഓഫീസ്സില്‍ നിന്ന് ഒരു കുപ്പിയുമായി ഒരു പോലീസുകാരൻ കയറുന്നത് കണ്ടു. . മുകളില്‍ നിന്ന് സാര്‍ പറഞ്ഞിട്ടാണെന്ന് പോലീസുകാരന്‍ പറഞ്ഞപ്പോള്‍ അത് മനസ്സിലായി എന്ന മട്ടിലായിരുന്നു ശ്രീ രാജേന്ദ്രൻ. ഏതോ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ സൽക്കരിക്കുന്ന പ്രതീതി. ഇതാണ് ആ ശൈലി. ഇത് തനിച്ചു മദ്യപിക്കാന്‍ ആവണമെന്നില്ല. തനിക്ക് അത്ര സ്വാധീനം ഉണ്ടെന്ന് മറ്റുള്ളവരെ കാണിക്കാനുള്ള സ്വകാര്യ വീമ്പ്. അതാണ് ശ്രീ രാജേന്ദ്രന്‍. ഇത് പോലെ എറണാകുളത്തെ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്ന ഒരു പ്രശസ്ത ഐ എ എസ്സുകാരനെ കാണാന്‍ വന്നപ്പോള്‍ ഞാനും ഒപ്പമുണ്ടായിരുന്നു. വളരെ സൗമ്യ പ്രകൃതക്കാരനായ ആ ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി ആക്രോശിക്കുകയാണ് ” എടുക്കടാ വേഗം പതിനായിരം രൂപ” കണ്ടാല്‍ അതൊരു ചട്ടമ്പി ഫീസ് ചോദിക്കുമ്പോലെയാണ്. എന്നാല്‍ രണ്ട് ഹൃദയങ്ങള്‍ തമ്മില്‍ വിവരിക്കനാകാത്ത ആത്മബന്ധത്തിന്റെ തീവ്രതയാണ് അതില്‍ വായിച്ചെടുക്കാനായത് . ചെയര്‍മാന്റെ ഓഫീസിന്റെ കോവണി ഇറങ്ങി വരുമ്പോള്‍ ഞാന്‍ ചോദിച്ചു ” എന്തിനാ ഈ പൈസ വാങ്ങിയത്. അത് മടക്കി കൊടുക്കാം .ഞാന്‍ ആവശ്യത്തിന് പൈസ തരാം .എന്ന്‍ പറഞ്ഞപ്പോള്‍ അതിഗംഭീരമായ ചിരിയായിരുന്നു മറുപടി. “ഞാന്‍ അവനോട് ഇത് ചോദിച്ചില്ലെങ്കില്‍ അവന്റെ മനസ്സ് വേദനിക്കും.ഇതാണ് ഉറ്റസുഹൃത്തുക്കളുടെ തേനൂറുന്ന ഒരു മനസ്സിന്റെ വാങ്മയ രൂപം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയറ്ററിൽ ഉറ്റസുഹൃത്തായ സീനിയർ ഡോക്റ്ററെ കാണാനെത്തിയ അനുഭവം അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവ് വിവരിച്ച അനുഭവം മറക്കാനാവുന്നില്ല. ഡോക്ടർ ശസ്ത്രക്രിയക്ക് ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയ സമയത്താണ് കഥാ നായകന്റെ രംഗപ്രവേശം. ഡോക്റ്ററുടെ പേരെടുത്ത് പറഞ്ഞു ഒരു ആക്രോശം ആണ്. ഡോക്റ്റർ ഓവർ കോട്ടും ശസ്ത്രക്രിയാ വേഷവും ഊരി വെച്ച് ഒരു കസേരനീക്കിയിട്ടു.. ശസ്ത്രക്രിയ സമയം ആകുമ്പോൾ വിളിക്കണമെന്നാണ് സഹപ്രവർത്തകരോട് ചട്ടം കെട്ടിയാണ് ഡോക്റ്റർ കുശലം പറയാൻ ഇരുന്നതെങ്കിലും ശസ്ത്രക്രിയയുടെ കാര്യം അവസാനം മറന്നു. ശ്രീ രാജേന്ദ്രന്റെ പഴയ ചങ്ങാതിമാർ ഒത്തുകൂടുമ്പോൾ സമയവും സന്ദർഭവും ഒരിക്കലും പരിഗണിക്കാറില്ല. ഹൃദയം തുറന്നുള്ള ഒരു ഒഴുക്കാണത്. ഒരു വെള്ളച്ചാട്ടം പോലെ ശബ്ദഘോഷത്തോടെ അത് ഒഴുകും. അതിൽ ഒരു സ്വാർത്ഥത ഉണ്ട്. താൻ ഈ പറയുന്ന വങ്കത്തങ്ങൾ മറ്റുള്ളവർ കൂടി കേക്കണം.അവരും ഇതെല്ലാം ആസ്വദിക്കണം. വസ്ത്രധാരണത്തിലും ക്ഷേത്ര ദർശനത്തിലും ശുചിത്വത്തിലും പ്രഭാത സവാരിയിലും എല്ലാം ഈ പ്രകടനപരത നിറഞ്ഞു തുളുമ്പി നിന്നിട്ടുണ്ട് ഈ പത്രപ്രവർത്തകൻ സഹപ്രവർത്തകരുമായി ചിലപ്പോഴെങ്കിലും കലഹപ്രിയനായിരുന്നു എന്നുകൂടി പറഞ്ഞില്ലെങ്കിൽ അത് അദ്ദേഹത്തോടുള്ള അനീതിയാകും. അതേസമയം ഈ പത്രപ്രവർത്തകനോളം പരോപകാരിയായ മറ്റൊരു പത്രപ്രവർത്തകനെ എനിക്ക് തിരുവനന്തപുരത്തു ചൂണ്ടിക്കാട്ടാനാകില്ല.ശ്രീ തൈക്കാട് രാജേന്ദ്രന് അന്ത്യശ്വാസം വരെ കൂട്ടായിരുന്നത് അദ്ദേഹത്തിന്‍റെ ആത്മമിത്രമെന്ന് പറയാവുന്ന പഴയ സഹപാഠിയും ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധനുമായ ഡോ വിജയരാഘവൻ ആയിരുന്നു യഥാർത്ഥത്തിൽ ആ മനം നിറയെ നന്മയുടെ നറുമണം നിറഞ്ഞു നിന്നിരുന്നു. ഒരു പിടിവാശിക്കാരന്‍റെ സ്വതസിദ്ധമായ ചാപല്യങ്ങൾ കാരണം ചിലപ്പോഴൊക്കെ നിയന്ത്രണം വിട്ടുപോയെങ്കിലും.