കോവിഡിനെ തുരത്താൻ തോക്ക്: കേരള സർക്കാർ ഊരാക്കുടുക്കിലേക്ക്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമെന്ന നിലയിൽ പൂന്തുറ പ്രദേശത്തു തോക്കുമായി റൂട്ട് മാർച്ച് നടത്തിയ പോലീസിനെതിരെ കടുത്ത വിമർശനം. പൂന്തുറയിൽ രോഗത്തിന്റെ സാമൂഹിക സംക്രമണം ഉണ്ടായിക്കഴിഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രിപ്ൾലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി നടത്തിയ പോലീസ് ശക്തി പ്രകടനം സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനത്തിനു കാരണമായി .
എന്നാൽ തോക്കുപയോഗിച്ചുള്ള മാർച്ചിനെ ന്യായീകരിച്ചു കേരള സർക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ മുഹമ്മദ് അഷീൽ നൽകിയ ഒരു ഫേസ്ബുക് പോസ്റ്റ് സർക്കാരിന്റെ ഉദ്ദേശ്യ ശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണ്. പൂന്തുറയിലെ ജനങ്ങൾ സർക്കാർ നിർദേശങ്ങളെ അനുസരിക്കാറില്ലെന്നും അതിനാൽ തോക്കു വേണ്ടവരുമെന്നുമാണ് അദ്ദേഹം പറഞ്ഞത് .പൂന്തുറയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്താതെയാണ് ട്രിപ്പിൾ ലോക്കഡൗൻ പ്രഖ്യാപിച്ചതെന്നും സാധനങ്ങൾ വാങ്ങാനോ ആശുപത്രിയിൽ പോകാനോ പോലും പോലീസ് അനുവദിക്കുന്നില്ല എന്നും പരാതിപ്പെട്ടു രാവിലെ സ്ഥലത്തു ജനങ്ങൾ സമരത്തിനു ഇറങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിൽ നടത്തിയ പരാമർശം സർക്കാരിന് കൂടുതൽ പ്രതിസന്ധിയുണ്ടാക്കും എന്നാണ് വിമർശനം .അഷീൽ പിന്നീട് പോസ്റ്റ് പിൻവലിച്ചു.പക്ഷെ ഉദ്യോഗസ്ഥനെതിരെ വിമർശനം രൂക്ഷമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ തൊഴിലും മറ്റു ജീവിത സൗകര്യങ്ങളും നഷ്‌ടമായ പാവപ്പെട്ട ജനങ്ങളുടെ വികാരങ്ങളും വിഷമങ്ങളും ഒട്ടും പരിഗണിക്കാതെയാണ് സർക്കാർ തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നതെന്ന വിമർശനം നേരത്തേയുണ്ട്. കണ്ണൂരിൽ തെരുവിൽ കാണപ്പെട്ട രണ്ടുപേരെ ഏത്തം ഇടാൻ നിർബന്ധിച്ച പോലീസ് മേധാവിയുടെ പെരുമാറ്റം മുഖ്യമന്ത്രിയുടെ തന്നെ വിമർശനത്തിന് കാരണമായിരുന്നു .
അതിനിടയിൽ കോഴിക്കോട്ടും മറ്റു പല നഗരങ്ങളിലും വിവിധ പ്രതിപക്ഷ യുവജനസംഘടനകൾ സർക്കാർ രാജിവെക്കണം എന്നു ആവശ്യപ്പെട്ടു സമരം നടത്തി. കള്ളക്കടത്തു കേസിൽ സർക്കാരിലെ ഉന്നതർ ബന്ധപ്പെട്ടു എന്നു ആരോപിച്ചു നടത്തിയ പ്രക്ഷോഭത്തിന് നേരെ പോലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു. കോഴിക്കോട്ടു യൂത്തു ലീഗ് പ്രസിഡണ്ട് അടക്കം നിരവധി യൂത്ത് ലീഗ്, യുവമോർച്ചാ പ്രവർത്തകർക്ക് പരിക്കുണ്ട്.