കാലിക്കറ്റ് വിസി: അധ്യാപക നിയമനവും ത്രിശങ്കുവിൽ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ   വൈസ് ചാൻസലർ നിയമനം മുടങ്ങിയത് കാരണം വിവിധ വകുപ്പുകളിലെ അധ്യാപക നിയമനം പ്രതിസന്ധിയിൽ. 

മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട സർവ്വകലാശാലയിൽ ഏതാണ്ട് 160 അധ്യാപക തസ്തികകൾ ഒഴിവുണ്ട്. നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതിൽ സംവരണം പാലിച്ചില്ല എന്ന പരാതിയും നിലവിലുണ്ട്. അതിനാൽ പൂർണ സമയ വൈസ് ചാൻസലർ ഇല്ലാതെ നിയമനം നടന്നാൽ അതിൽ  ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 

വിസി നിയമനത്തിൽ സംസ്ഥാന സര്‍ക്കാര്‍  ഒരു ഭാഗത്ത്. ബിജെപി നേതൃത്വം മറുഭാഗത്ത്  എന്ന നിലയിൽ പോര് നടക്കുകയാണ്. സർക്കാരിൽ തന്നെ രണ്ടു അഭിപ്രായങ്ങൾ നിലവിലുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ കോട്ടയം എംജി സർവകലാശാല അധ്യാപകൻ കെ എം സീതിയെ നിയമിക്കണം എന്ന് ആവശ്യപ്പെടുന്നു. സർക്കാരിൽ മറ്റൊരു വിഭാഗം ഷിംലയിൽ ഉന്നത പഠന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡോ.എം വി നാരായണനെ അനുകൂലിക്കുന്നു. ബിജെപി ആകട്ടെ, കോഴിക്കോട് കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ ഡോ. സി എ ജയപ്രകാശ് വിസി ആവണം എന്നു നിർബന്ധിക്കുന്നു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫയൽ മടക്കി വച്ചിട്ട് മൂന്നു മാസമായി. ഒമ്പത് മാസമായി സർവകലാശാല തലവൻ ഇല്ലാതെ നിൽക്കുകയാണ് എന്ന് ചാൻസലർ ആയ ഗവർണർക്ക് അറിയാം. പക്ഷേ സമ്മർദങ്ങൾ കാരണം തീരുമാനം എടുക്കാൻ കഴിയുന്നില്ല. 

ഗവർണറുടെ മേൽ സംസ്ഥാന സർകാർ സമ്മർദ്ദം സ്വാഭാവികമാണ്. കാരണം ഇതു സംസ്ഥാന നിയന്ത്രണത്തിൽ ഉള്ള സർവകലാശാലയാണ്. ബിജെപി കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി നിയമനം തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ആക്കാൻ ശ്രമം നടത്തുന്നു. ബിജെപി, ആർ എസ് എസ് നേതാക്കൾ ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സഹായം തേടി എന്ന് ബിജെപി വൃത്തങ്ങൾ വെളിപ്പെടുത്തി. 

ഇത്രയും കടുത്ത സമ്മർദ്ദത്തിന് ഒരു കാരണം അധ്യാപക നിയമനം സ്വന്തം കൈപ്പിടിയിൽ ആക്കാനുള്ള താൽപര്യമാണ്. നേരത്തെ പെട്രോൾ പമ്പ് കച്ചവടം നടന്ന പോലെ ഇനി അധ്യാപക തസ്തികയുടെ വിൽപനയും നടക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

Leave a Reply