തട്ടിപ്പു ജീവിതശൈലിയാക്കിയ ആളെന്ന് ട്രംപിനെപ്പറ്റി മരുമകൾ

ന്യൂയോർക്ക്:  പ്രസിഡണ്ട് ഡൊണാൾഡ്  ട്രംപിനെ “തട്ടിപ്പു  ജീവിതശൈലിയാക്കിയ”വ്യക്തിയെന്നാണ്  സഹോദരപുത്രി മേരി ട്രംപ് അടുത്തയാഴ്ച പുറത്തിറക്കുന്ന പുതിയ പുസ്തകത്തിൽ വർണിക്കുന്നത്.

“എത്ര കിട്ടിയിട്ടും  മതിയാകാത്തവൻ: ലോകത്തെ ഏറ്റവും  ആപത്കാരിയായ മനുഷ്യനെ എന്‍റെ കുടുംബം സൃഷ്ടിച്ചതെങ്ങനെ” എന്ന പേരിലുള്ള മേരി ട്രംപിന്റെ പുസ്തകം പുറത്തിറങ്ങുന്നത്   തടയാനായി കുടുംബം കോടതിയെ സമീപിച്ചുവെങ്കിലും അതു ഫലപ്രദമായില്ല. ജൂലൈ 24നു  പുറത്തിറക്കാൻ തയ്യാറാക്കിയ പുസ്തകം അതിനു മുമ്പ് തന്നെ വായനക്കാർക്ക് എത്തിക്കുമെന്ന് പ്രസാധകരായ സൈമൺ & ഷൂസ്റ്റർ അറിയിച്ചു.

പ്രസിഡണ്ട് ട്രംപിന്റെ മൂത്തസഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകളാണ് മനോരോഗ ചികിത്സകയായ മേരി ട്രംപ്. കുടുംബത്തിലെ അനുഭവങ്ങളും   ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയും അടിസ്ഥാനമാക്കിയുള്ള ട്രംപിന്റെ ചിത്രമാണ് പുസ്തകത്തിൽ നൽകുന്നത്.

ആളുകളെ വഞ്ചിക്കുന്നത് ഒരു തെറ്റായി  ചെറുപ്പം മുതലേ ട്രംപ്  കണ്ടിരുന്നില്ലെന്നു അവർ പറയുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം പെൻസിൽവാനിയ സർവകലാശാലയുടെ ഭാഗമായ വാർട്ടൻ ബിസിനസ് സ്കൂളിൽ പ്രവേശനം നേടാനുള്ള  പരീക്ഷ  ട്രംപ് മറികടന്നത് പണം കൊടുത്തു മറ്റൊരു വിദ്യാർത്ഥിയെ വശത്താക്കി ആൾമാറാട്ടം നടത്തിയാണ്. അന്നുമുതൽ തട്ടിപ്പു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നും മേരി ട്രംപ് പറയുന്നു.

കുടുംബത്തിൽ ട്രംപ് സഹോദരന്മാർ അവരുടെ പിതാവ് ഫ്രെഡ് ട്രംപ് സീനിയറിന്റെ കർക്കശമായ നിയന്ത്രണങ്ങൾക്കും പീഡനങ്ങൾക്കും ഇരയായാണ് വളർന്നത്. ഡൊണാൾഡിന്റെ സ്വഭാവത്തെ വക്രമാക്കിയ പ്രധാനഘടകം ചെറുപ്പത്തിൽ പിതാവിൽ നിന്നേറ്റ പീഡനമാണെന്നു മനശാസ്തജ്ഞയായ മേരി അഭിപ്രായപ്പെടുന്നു .

പുസ്തകത്തിലെ ചില ഭാഗങ്ങൾ ഇന്നലെ ന്യൂയോർക്ക് ടൈംസ്, വാഷിങ്ങ്ടൺ പോസ്റ്റ്, ഗാർഡിയൻ  തുടങ്ങിയ പത്രങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

Leave a Reply