മുഖ്യമന്ത്രി രാജിവെച്ചു സിബിഐ അന്വേഷണത്തിന് തയ്യാറാകണം:രമേശ്

സ്വർണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു സിബിഐ അന്വേഷണത്തിന് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം.ഈ കേസിലെ വിവാദ നായിക സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്തയാളാണ്.ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ചു സ്റ്റെയ്റ്റ് കാറിലാണ് സ്വർണ്ണം കടത്തിയതായി പറയുന്നത്.
പൊതുജനങ്ങൾക്കിടയിൽ മോശം അഭിപ്രായം വന്നതുകൊണ്ടാണ് ഐ റ്റി സെക്രട്ടറി ശിവശങ്കരനെ മാറ്റിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതല്ലാതെ അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്..അന്വേഷണം മുഖ്യമന്ത്രിയിൽ എത്തുമെന്ന് ഉറപ്പായപ്പോഴാണ് ശിവശങ്കരനെ ഒഴിവാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. ശിവശങ്കരന്റെ നടപടികൾക്കെതിരെ പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷത്തു നിന്നും നിലപാട്എടുത്തിരുന്നു. അപ്പോഴൊന്നും മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റിനിർത്തിയില്ലല്ലോ.പൊതുജനാഭിപ്രായം മാനിച്ചാണ് മാറ്റിയതെങ്കിൽ ഇതിനു മുമ്പ് എത്ര വട്ടമാണ് ഇദ്ദേഹത്തെ മാറ്റേണ്ടിവരുമായിരുന്നു- ചെന്നിത്തല പറഞ്ഞു.
വിവാദ സ്ത്രീയെ ന്യായീകരിച്ചും അവരുടെ പേരിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ലഘൂകരിച്ചും എത്രയോവട്ടം മുഖ്യമന്ത്രി സംസാരിച്ചു.ക്രൈം ബ്രാഞ്ച് അന്വേഷണ കേസിൽ ഈ സ്ത്രീക്കെതിരെ സർക്കാർ കൊടുത്ത സത്യവാങ്മൂലത്തിന്റെ പേരിലാണ് മുഖ്യമന്ത്രി ഈ അവകാശവാദമുന്നയിക്കുന്നതു. 2016 യിൽ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ വെച്ച് താമസിപ്പിച്ചത് കൊണ്ടാണ് ഹൈക്കോടതി ആറ് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തയാക്കി കുറ്റപത്രം സമർപ്പിക്കാന്‍ കോടതി നിർദേശിച്ചത്,ഈ കേസ് അന്വേഷണം താമസിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടായിരുന്നു.
വിവാദ സ്ത്രീയുടെ നിയമനം പ്ലേസ്മെന്റ് ഏജൻസി വഴി ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത് .ഇത് പച്ചക്കള്ളമാണെന്ന് ചെന്നിത്തല വ്യക്തമാക്കി.എല്ലാ അഴിമതിക്കും കൂട്ടുള്ള പി ഡബ്ല്യൂ സി യാണ് ഈ നിയമനത്തിന് പിന്നിലും.ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Leave a Reply