സ്വപ്നാ സുരേഷ് ‘ഡിപ്ലോമാറ്റ് ‘എന്ന് സ്പീക്കർ; നയതന്ത്ര വൃത്തങ്ങളിൽ അത്ഭുതം
നിരീക്ഷകന്‍
ന്യൂദൽഹി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നാ സുരേഷിനെ ഒരു “നയതന്ത്ര ഉദ്യോഗസ്ഥ “എന്ന നിലയിലാണ് കണ്ടതെന്നും അതനുസരിച്ചുള്ള ബഹുമാനമാണ് അവർക്കു നൽകിയതെന്നുമുള്ള സ്പീക്കർ കെ ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയിൽ നയതന്ത്ര വൃത്തങ്ങളിൽ അത്ഭുതം.
തിരുവനന്തപുരത്തെ കോൺസുലേറ്റിൽ നേരത്തെ ജോലി ചെയ്തിരുന്ന ഒരു തദ്ദേശ വനിതയാണ് സ്വർണക്കടത്തിന് പിന്നിലെന്നും യുഎഇ എംബസ്സിക്കോ കോൺസുലേറ്റിനോ അതുമായി യാതൊരു ബന്ധവുമില്ലെന്നും അംബാസഡർ അഹമ്മദ് അൽ ബന്ന ന്യൂദൽഹിയിൽ പ്രസ്താവന പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെയാണ് പൊന്നാനിയിൽ മാധ്യമപ്രവർത്തകരെ കണ്ട സ്പീക്കർ സ്വപ്നയെ നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിൽ വിശേഷിപ്പിച്ചത്. യുഎഇ നയതന്ത്ര വിഭാഗത്തിലെ ഒരാൾക്കും കള്ളക്കടത്തു വിഷയവുമായി ബന്ധമില്ലെന്നും പ്രാദേശിക ജീവനക്കാരാണ് കോൺസുലേറ്റിന്റെ മറയാക്കി സ്വർണക്കടത്തു നടത്തിയതെന്നും അംബാസഡർ ഉറപ്പിച്ചു പറയുന്ന അവസരത്തിലാണ് അതിനെ ചോദ്യം ചെയ്യുന്ന തരത്തിൽ സ്പീക്കറുടെ പ്രസ്താവന വന്നത്.
“ഇതു നയതന്ത്ര തലത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്ന്” ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ ദീർഘകാലം പ്രവർത്തിച്ച ഒരു നയതന്ത്ര വിദഗ്ധൻ ചൂണ്ടിക്കാട്ടി.സ്പീക്കറുടെ പ്രസ്‌താവന പ്രഥമദൃഷ്ട്യാ തന്നെ വസ്തുതാവിരുദ്ധമാണ്. എംബസിയിലും കോൺസുലേറ്റുകളിലും ജോലി ചെയ്യുന്നവരിൽ ആരൊക്കെയാണ് നയതന്ത്ര പദവിയും അതനുസരിച്ചുള്ള സംരക്ഷണവും ഉള്ളവർ എന്നതു സംബന്ധിച്ചു വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ട്. അതു സംബന്ധിച്ച അന്താരാഷ്ട്ര പ്രോട്ടോകോളുകൾ സ്പീക്കറെ പോലെ ഉന്നത ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആൾക്കു അറിയാതിരിക്കാനും വഴിയില്ല. അതിനാൽ സ്പീക്കറുടെ പ്രസ്‌താവന ചില പ്രത്യാഘാതങ്ങൾക്കു ഇടയാക്കാനിടയുണ്ടെന്നു നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്‌പീക്കറുടെ പ്രസ്താവന ദൃശ്യമാധ്യമങ്ങളിലും കേരളത്തിലെ പ്രമുഖ അച്ചടിമാധ്യമങ്ങളിലും വന്ന സാഹചര്യത്തിൽ അടിസ്ഥാനരഹിതമായ പ്രസ്താവന സംബന്ധിച്ചു ബന്ധപ്പെട്ട എംബസ്സി വിദേശകാര്യവകുപ്പിൽ പരാതി ഉന്നയിച്ചാൽ സർക്കാർ അതു ഗൗരവമായി എടുക്കേണ്ടി വരും എന്നും നയതന്ത്ര വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.