മുഖ്യമന്തിയുടെ ഓഫീസ് കരിനിഴലിൽ
തിരുവനന്തപുരം: കേരള ചരിത്രത്തിൽ ആദ്യമായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസും അതിഗുരുതരമായ അഴിമതി ആരോപണങ്ങളെ നേരിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത് അഴിമതി ആരോപണം മാത്രമല്ല, മറിച്ചു ദേശസുരക്ഷയെ അപകടത്തിലാക്കുന്ന ശക്തികളുമായും വിദേശ മാഫിയാ സംഘങ്ങളുമായും അദ്ദേഹത്തിന്‍റെ ഓഫീസ് ബന്ധം പുലർത്തുന്നു എന്നും അത്തരം കേസുകളിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമം നടത്തി എന്നുമുള്ള കുറ്റാരോപണമാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യുഎഇ കോൺസുലേറ്റ് വിലാസത്തിൽ വന്ന 30 കിലോ കള്ളക്കടത്തു സ്വർണ കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയോടു ആവശ്യപ്പെട്ടു കഴിഞ്ഞു. കേസിന്റെ സ്വഭാവവും അന്താരാഷ്ട്ര മാനങ്ങളും കണക്കിലെടുത്താൽ കേസ് എൻഐഎയുടെ പരിഗണനയിലും എത്തിച്ചേരും എന്നാണ് സംശയിക്കേണ്ടത്. കള്ളക്കടത്തിന് പിന്നിലുള്ള ശക്തികളുടെ ബന്ധങ്ങളും വിദേശരാജ്യത്തിൻറെ കോണ്സുലേറ്റിന് അതിലുള്ള നേരിട്ടുള്ള ബന്ധവും നോക്കുമ്പോൾ ആർക്കു വേണ്ടിയാണ് ഇത്രയും ഭീമമായ തരത്തിൽ സ്വർണം കടത്തിയത് എന്ന ചോദ്യം ഉയർന്നുവരും. ബിജെപി നേതാക്കൾ പരോക്ഷമായി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കേന്ദ്ര ധനകാര്യ, വിദേശ, ആഭ്യന്തര മന്ത്രാലയങ്ങൾ കേസിൽ കാര്യമായ താല്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്.
ഇത്തരം വിപുലമായ മാനങ്ങളുള്ള മറ്റൊരു സംഭവം മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്‍റെ ഓഫീസുമായും ബന്ധപ്പെട്ടു നേരത്തേയുണ്ടായത് കരുണാകരന്‍റെ കാലത്തെ ഐഎസ്ആർഒ ചാരക്കേസാണ്. അന്നത്തെ കേസിൽ വളരെ ദുർബലമായ വസ്തുതകൾ മാത്രമാണ് ഉണ്ടായിരുന്നത്. മാലിദ്വീപ് സ്വദേശികളായ മറിയം റഷീദയും മറ്റു ചില സ്ത്രീകളും കേരളത്തിൽ വിസാ കാലാവധിക്ക് അപ്പുറം താമസിച്ചതും അവർ അക്കാലത്തു കേരളത്തിൽ ചിലരുമായി ബന്ധപ്പെട്ടതും മാത്രമാണ് കേസിനു ആധാരമായി ഉണ്ടായിരുന്ന വസ്തുതകൾ.പക്ഷേ ഗുരുതരമായ ആരോപണങ്ങളാണ് അന്ന് സർക്കാരിനെതിരെ ഉയർന്നുവന്നത്. കരുണാകരൻ അതിന്‍റെ പേരിൽ രാജി സമർപ്പിക്കുകയും ചെയ്തു.
ജനാധിപത്യരാഷ്ട്രീയ മര്യാദകളുടെ പാരമ്പര്യം നോക്കിയാൽ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ സാധിക്കുകയില്ല എന്നു വ്യക്തമാണ്. കേസിൽ ആരോപണ വിധേയരായവരും ഇതിനകം പിടിയിൽ ആയവരുമായ സംഘവുമായി അദ്ദേഹത്തിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി പുലർത്തിയ അടുത്ത ബന്ധം അനിഷേധ്യമാണ്. ഇതിനകം പുറത്തു വന്നിരിക്കുന്ന തെളിവുകൾ അങ്ങേയറ്റം ഗുരുതരവുമാണ്. പ്രതികളിൽ ചിലരുടെ വീടുകളിൽ നടന്ന മദ്യസൽക്കാര പരിപാടികളിൽ അദ്ദേഹത്തിന്‍റെ സെക്രട്ടറി പങ്കെടുത്തതും ബഹളവും ശല്യവും കാരണം അയൽക്കാർ പരാതിയുമായി പോലിസിൽ എത്തിയതും കേസ് ഒതുക്കിയതും ഇതിനകം പുറത്തു വന്നതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്വാധീനം ഉപയോഗിച്ചു കേസ് ഇല്ലായ്മ ചെയ്യുകയായിരുന്നു.
മറ്റൊരു വിഷയം, കസ്റ്റംസ് അധികൃതര്‍ സ്വർണം പിടിച്ചപ്പോൾ അതു വിട്ടു കൊടുക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അദ്ദേഹത്തിന്‍റെ ചില ഉപദേശകരിൽ നിന്നും ഉണ്ടായതായി പറയുന്ന സമ്മർദ്ദമാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി മാത്രമാണ് ഇപ്പോൾ ഇക്കാര്യത്തിൽ നേരിട്ടു ബന്ധപ്പെട്ടതായി അറിയപ്പെടുന്നതെങ്കിലും ഉപദേശകനിരയിലെ ഇടപെടലും ഉടൻ പുറത്തുവരുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. നേരത്തെ ചില ഗുരുതരമായ കേസുകളിലും ഇത്തരം ആരോപണങ്ങൾ ഉയർന്നെങ്കിലും അതു പ്രതിപക്ഷം പോലും വേണ്ടവിധം ഗൗരവമായി എടുക്കുകയുണ്ടായില്ല.
ഇത്തവണ സ്തിഥിതിഗതികൾ മാറും എന്നു വ്യക്തമാണ്. അതിനു പ്രധാന കാരണം പ്രതിപക്ഷത്തു യുഡിഎഫിന് പുറമെ ബിജെപി കൂടി നിർണായക ശക്തിയായി ഉയർന്നുവന്നതാണ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് ചെന്നിത്തല ഇന്നു പത്രസമ്മേളനം നടത്തിയതിനു തൊട്ടു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കോഴിക്കോട്ടു മാധ്യമങ്ങളെ കണ്ടത്. പ്രതിപക്ഷ നേതാവ് അടിക്കാൻ ഓങ്ങി കൈ പിന്നോട്ടുവലിച്ച പ്രതീതിയാണ് ജനിപ്പിച്ചത്.എന്നാൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ കൃത്യമായ മൂന്ന് ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി.ഒന്ന്, മുഖ്യമന്ത്രിയും കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‍ന സുരേഷും തമ്മിൽ 2017മുതൽ ബന്ധമുണ്ട്; ഷാർജ ഷെയ്ക്കിന്റെ കേരള പര്യടനവും ലോക കേരള സഭയും അടക്കമുള്ള പരിപാടികളിൽ മുഖ്യമന്ത്രി അവരുമായി വേദി പങ്കിട്ടു. അതിനാൽ സ്വന്തം വകുപ്പിൽ അവർ ജോലി നേടിയത് അറിയില്ല എന്ന വാദം കളവാണ്. രണ്ട്, മുഖ്യമന്ത്രിക്ക് പുറമേ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ അടക്കമുള്ളവർ ഇവരുമായി നിരന്തര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഭരണകേന്ദ്രങ്ങളിൽ ഇടപെടാൻ അതു അവർക്ക് അവസരം നൽകി. മൂന്ന്, ശിവശങ്കരനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ മുഖ്യമന്ത്രി ഐ ടി സെക്രട്ടറി പദവിയിൽ നിന്നു നീക്കിയില്ല. പകരം ലീവെടുത്തു പോകാൻ സഹായിക്കുകയായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്‍റെ മകളുടെ ബംഗളുരുവിലെ ഐടി കമ്പനിയ്ക്ക് ശിവശങ്കരൻ നൽകിവരുന്ന വഴിവിട്ട സഹായങ്ങളാണ്.
ചുരുക്കത്തിൽ, മുഖ്യമന്ത്രിയുടെ മുന്നിൽ കടുത്ത പ്രതിസന്ധികൾ ഉയർത്തുന്ന പ്രശ്നങ്ങളാണ് നീണ്ടുകിടക്കുന്നത്. അദ്ദേഹത്തിന്‍റെ വിശ്വസ്തർ ഒന്നുകിൽ അദ്ദേഹത്തെ ചതിച്ചു; അല്ലെങ്കിൽ അവരുടെ വഴിവിട്ട നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ മുന്നിൽ വന്നിട്ടും അദ്ദേഹം നടപടിയെടുത്തില്ല. വിശ്വസ്തർ ചതിച്ചു എന്നാണ് വിശദീകരണമെങ്കിൽ അതനുസരിച്ചു നടപടി വരണം. തൽക്കാലം ഒരു ഉദ്യോഗസ്ഥനെ മാറ്റി മുഖം രക്ഷിക്കാൻ അദ്ദേഹത്തിന് സാധ്യമാവുകയില്ല. ആഭ്യന്തര വകുപ്പും രഹസ്യാന്വേഷണ വിഭാഗവും നിയന്ത്രണത്തിലുള്ള മുഖ്യമന്ത്രി സ്വന്തം ഓഫീസിൽ എന്താണ് നടക്കുന്നതെന്നും ഉപദേശകർ ആർക്കുവേണ്ടിയാണ് പണിയെടുക്കുന്നതെന്നും തിരിച്ചറിഞ്ഞില്ലെങ്കിൽ അതു അത്ഭുതമാണ്.
പാർട്ടി ഭരണത്തിലുള്ളപ്പോൾ സാധാരണ നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംവിധാനം ഇത്തരം സന്ദർഭങ്ങളിൽ ആപത്തു കണ്ടറിഞ്ഞു ഇടപെടാറുണ്ട്. എക്കാലത്തും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പ്രധാന സുരക്ഷാ കവചവും അതുതന്നെയായിരുന്നു. പക്ഷേ ഇത്തവണ പാർട്ടി സംവിധാനത്തെ അരികിലേക്ക് തട്ടിമാറ്റി ഉപദേശകരും ഉദ്യോഗസഥരും നിയന്ത്രിക്കുന്ന ഓഫിസ് സംവിധാനമാണ് കേരളത്തിൽ നടപ്പിലാക്കിയത്. അതിനാൽ ഇന്നു മുഖ്യമന്ത്രി നേരിടുന്ന പ്രതിസന്ധിയിൽ അദ്ദേഹത്തെ ഫലപ്രദമായി സംരക്ഷിക്കുന്നതിനു പാർട്ടി വിചാരിച്ചാൽ പോലും കഴിയാത്ത ഒരു ദുരന്തവും പിണറായി വിജയനെ തുറിച്ചു നോക്കുന്നുണ്ട്. ഇത്തവണ അദ്ദേഹത്തിന്‍റെ ആവനാഴിയിൽ സ്വരക്ഷയ്ക്കു പറ്റിയ ആയുധങ്ങളില്ല. പ്രതിപക്ഷ സഹായവും കിട്ടുമെന്ന് ഉറപ്പിക്കാനാവില്ല. കാരണം ചെന്നിത്തലയുടെ വായ്ത്തല മടങ്ങിയാൽ സുരേന്ദ്രൻ കളം കയ്യടക്കും എന്നു ഉറപ്പാണ്. എന്തുകൊണ്ടു ഉപദേശകരുടെ പങ്കിനെപ്പറ്റി പറയുന്നില്ല എന്ന ചോദ്യത്തിന്കോഴിക്കോട്ടു സുരേന്ദ്രൻ നൽകിയ മറുപടി മുഖ്യമന്ത്രിയെ മാത്രമല്ല പ്രതിപക്ഷ നേതാവിനെയും സമ്മർദ്ദത്തിലാക്കുന്നതാണ്. ഭരണവും പ്രതിപക്ഷവും പരസ്പര സഹായസഹകരണ സംഘമാണ് എന്ന പ്രതീതി വരുന്നത് ആർക്കും ഗുണം ചെയ്യില്ല; ബിജെപിക്ക് ഒഴികെ.