പാറമടയിൽ ബെല്ലി ഡാൻസ്: കേരളം ആർക്കാണ് മാതൃക ആവുന്നത്?

നിരീക്ഷകൻ

ഇടുക്കിയിലെ മന്ത്രിക്ക് ഒരു കോടി, ബെല്ലി ഡാൻസ് ടീമിന് ഓരോരുത്തർക്കും അഞ്ചു ലക്ഷം വീതം. പ്രേക്ഷകർക്ക് തിന്നാൻ വെടിയിറച്ചി. കുടിക്കാൻ 250 ലിറ്റർ വിദേശ മദ്യം. വനഭൂമിയിൽ പാറമട ഖനനത്തിന് അനുമതി ലഭിച്ച സ്വകാര്യ കമ്പനി ആഘോഷം പൊടിപൊടിച്ചു. 

ഇടുക്കിയിലെ മന്ത്രിക്ക് ഒരു കോടി കൊടുക്കുമ്പോൾ തലസ്ഥാനത്തെ തമ്പ്രാക്കൾ എത്ര വാങ്ങിയെന്ന് ചോദിക്കരുത്. അത്തരം ചോദ്യം പരിസര മലിനീകരണവും പകർച്ച വ്യാധി വ്യാപനവും ഉണ്ടാക്കും. പുതിയ നിയമ പ്രകാരം പ്രതികൾക്ക് ഒരു വർഷം വരെ തടവുശിക്ഷ ഉറപ്പ്. അതിനാൽ ഒരു ചോദ്യവും ചോദിക്കുന്നില്ല. 

പക്ഷേ എന്താണ് ഇപ്പോഴത്തെ കേരളം നമ്മോട് പറയുന്നത്? ഇത് എഴുതുന്ന  ഞായറാഴ്ച സംസ്ഥാനത്തെ 26 മത് കോവിഡ്‌ മരണം മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകൾ അയ്യായിരം കവിഞ്ഞു. പ്രതിദിന കേസുകൾ 250 കടക്കാൻ ഇനി ദിവസങ്ങൾ മാത്രം. തലസ്ഥാനത്ത് സ്ഫോടക സ്ഥിതി എന്ന് സ്ഥലത്തെ മന്ത്രി. എപ്പോൾ പൊട്ടിത്തെറിക്കും എന്ന് കാത്തിരുന്ന് കാണാം. 

മാർച്ച് പത്താം തിയ്യതി ഇന്ത്യ ഉറങ്ങുന്ന നേരത്ത് ഉണർന്നിരുന്നു കോവിടിനെ ചെറുക്കാൻ കരുതൽ നടപടിയുമായി മുന്നോട്ട് പോയ സംസ്ഥാനത്തിന്റെ അവസ്ഥയാണിത്. ലക്ഷക്കണക്കിന് ജനങ്ങൾ പണി ഒഴിവാക്കി വീട്ടിലിരുന്നു. അതേസമയം പാറമട സംഘം അധ്വാനിച്ച് പണമുണ്ടാക്കി. ആപത്തു കാലത്ത് സഹായിച്ചവർക്ക്‌ അവർ കയ്യയച്ച്  കാശു നൽകി. ഇടുക്കിയിൽ മാത്രമല്ല ഇൗ അവസ്ഥ. കോഴിക്കോട്ട് ജനവാസ സ്ഥലത്ത് ഖനനത്തിന് എതിരെ ചെറോട്ടു മലയിലും ജനം സമരത്തിലാണ്. സമരക്കാരെ പോലിസ് മാത്രമല്ല, ഗുണ്ടകളും നേരിടുന്നു. പലരുടെയും എല്ലുകൾ പലതും ഒടിഞ്ഞു. 

ചോദ്യം ഇതാണ്. എവിടെപ്പോയി നമ്മുടെ റോക്ക് സ്റ്റാർ ആരോഗ്യ മന്ത്രി? എവിടെപ്പോയി നമ്മുടെ സർക്കാരിന്റെ കരുതൽ? ആർക്കുവേണ്ടിയാണ് ഇക്കൂട്ടർ കരുതൽ എടുത്തത്?  പാറമട സംഘത്തിന് വേണ്ടിയോ? അല്ലെങ്കിൽ ഗൾഫ് മുതലാളിക്ക് വേണ്ടിയോ? 

വൈറസ് ബാധയുടെ ആദ്യഘട്ടത്തിൽ കേരളത്തിൽ കാര്യമായി കേസുകൾ ഇല്ലാത്ത സമയത്ത് പറഞ്ഞത് നമ്മൾ മാതൃകയാണെന്ന്. ഇപ്പോഴും നമ്മൾ മാതൃക തന്നെയോ? എങ്കിൽ എന്തിന്റെ മാതൃക? കഴിവുകേടിന്റെയോ? 

പ്രതിസന്ധികൾ വരുമ്പോഴാണ് നേതൃത്വത്തിന്റെ കഴിവ് പുറത്തു വരുന്നത്. ഇപ്പൊൾ നമ്മൾ ഗുരുതരമായ പ്രതിസന്ധിയിലാണ്. നാട്ടിൽ ജനജീവിതം സ്തംഭിച്ചു കഴിഞ്ഞു. ആത്മഹത്യകൾ വാർത്ത അല്ലാതായി. എത്ര പേരാണ് മാർച്ചിന് ശേഷം ജീവൻ എടുത്തത്? ആർക്കും ഒരു കണക്കുമില്ല. പക്ഷേ അവർ കുടുംബങ്ങളെ ബാക്കി നിർത്തിയാണ് പോയതെന്ന് ഡാൻസ് കഴിഞ്ഞെങ്കിലും മന്ത്രിമാർ ഓർക്കണം. 

കേരള മാതൃക ഒരു വ്യാജ മാതൃക മാത്രമാണെന്ന് നമ്മൾ തിരിച്ചറിയുന്നു. എന്തുകൊണ്ടാണ് ഇതൊരു തട്ടിപ്പ് മാത്രമായി ഒതുങ്ങിയത്‌? ബദൽ മാതൃക ആവാനുള്ള സാധ്യത നമുക്ക് ഉണ്ടായിരുന്നു. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം, ആരോഗ്യ രംഗത്തെ ഗ്രാമതല മുന്നേറ്റങ്ങൾ, അതിനു അടിത്തറ ഒരുക്കിയ ചിന്താമണ്ഡലം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. എല്ലാം ഇവിടെ ഉണ്ടായിരുന്നു. പക്ഷേ ഇന്നത്തെ ദുരന്തത്തിലേക്ക് എങ്ങനെയാണ് നമ്മൾ നടന്നു എത്തിയത്? 

അതിനു ഒരു ഉത്തരം മാത്രമേയുള്ളൂ. നമ്മുടെ നേതൃത്വം നമ്മെ വഞ്ചിച്ചു. പ്രളയം തകർത്ത കേരളത്തെ ഇന്ന് പുനർനിർമിക്കുന്നത് മലയാളി സംഘ ശക്തിയല്ല, മറിച്ച് കേപിഎംജി ആണ്. ജനകീയമായ ആസൂത്രണം എന്ന മാതൃക ലോകത്തിന് കാഴ്ച വെച്ച കേരളം ഇന്ന് കൺസൾട്ടൻസി കമ്പനികളുടെ കൈപ്പിടിയിൽ ഒതുങ്ങി. ഇവിടെയാണ് കേരളം വ്യത്യസ്തമാകുന്നത്. വിജയത്തിന്റെ വക്ത്രത്തിൽ നിന്ന് പരാജയം പിടിച്ചെടുക്കുന്ന ഒരു ജനതയാണ് ഇന്ന് നമ്മൾ. 

Leave a Reply