ഹോങ്കോങ് സുരക്ഷാനിയമം: പ്രതിഷേധവും അറസ്റ്റും തുടരുന്നു
ഹോങ്കോങ്: ഹോങ്കോങ്ങിൽ പുതിയ സുരക്ഷാ നിയമം നടപ്പിലായതിനു തൊട്ടുപിന്നാലെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ മുന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിയായ പെൺകുട്ടിയും അറസ്റ്റി ലായവരിൽ ഉൾപ്പെടുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിയമത്തെ വിമർശിച്ചു അമേരിക്കൻ കോൺഗ്രസ്സ് സമിതിക്കു മുന്നിൽ വീഡിയോ ലിങ്കിലൂടെ ഹാജരായി മൊഴി കൊടുത്ത പ്രക്ഷോഭ നേതാവ് നാഥാൻ ലോ ഹോങ്കോങ് വിട്ടതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു . 2004ലെ പ്രശസ്തമായ ശീലക്കുട സമരനേതാവാണ് ലോ.
1997ൽ ഹോങ്കോങ്ങിന്‍റെ നിയന്ത്രണം ബ്രിട്ടനിൽ നിന്നും ചൈന ഏറ്റെടുത്തതിനു ശേഷം ചൈനയുടെ ആഭ്യന്തര നിയമങ്ങൾ ആദ്യമായിട്ടാണ് ഹോങ്കോങ്ങിൽ പ്രയോഗത്തിൽ വരുന്നത്. ഹോങ്കോങ്ങിന്‍റെ നിയന്ത്രണം കൈമാറുന്ന അവസരത്തിൽ ഒരു രാജ്യം,രണ്ടു സംവിധാനങ്ങൾ എന്ന നിലയിൽ അവിടുത്തെ കാര്യങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്യും എന്ന് ചൈനീസ് അധികൃതർ പ്രഖ്യാപിച്ചിരുന്നു. അമ്പതു വർഷം ആ നില തുടരുമെന്നായിരുന്നു സർക്കാർ പാഞ്ഞതെങ്കിലും 23 വർഷത്തിനകമാണ് ചൈനയുടെ പൂർണനിയന്ത്രണം ഹോങ്കോങ്ങിൽ സ്ഥാപിക്കുന്നതെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ചൈനയുടെ പുതിയ നിയമങ്ങൾ പ്രകാരം ഭീകരപ്രവർത്തനം, വിഭജനവാദം, വേറിട്ടുപോകൽ വാദം തുടങ്ങിയവ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഹോങ്കോങ് ഭരണസംവിധാനത്തിൽ ചൈനീസ് നിയന്ത്രണം കൂടുതൽ ശക്തമാക്കാനും നിയമം വഴി സർക്കാരിന് കഴിയുന്നു. ഹോങ്കോങ്ങിലെ കേസുകൾ ചൈനയിലേക്ക് വിചാരണ മാറ്റുന്നതിനും നിയമം അനുമതി നൽകുന്നു.
ഹോങ്കോങ് ഭരണാധികാരി കാരി ലാമിന്‍റെ നേതൃത്വത്തിൽ രണ്ടു വർഷം മുമ്പ് കൊണ്ടുവന്ന ചില ഭരണപരിഷ്കാരങ്ങൾക്കെതിരെ യുവജനങ്ങൾ സമരരംഗത്തു വന്നിരുന്നു. ഹോങ്കോങ്ങിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ അത്യാവശ്യ സന്ദർഭങ്ങളിൽ ചൈനയിൽ വിചാരണ ചെയ്യാൻ അനുവദിക്കുന്ന നിയമഭേദഗതിയാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. അക്രമാസക്തമായ സമരങ്ങൾ ഹോങ്കോങ്ങിലെ സാമ്പത്തിക -സാമൂഹിക നിലയെ തകിടം മറിക്കുന്ന അവസ്ഥയിലെത്തി. പോലീസും യുവാക്കളും തമ്മിൽ തെരുവിൽ നിരന്തരം ഏറ്റുമുട്ടി. ഈ ഗുരുതരമായ പരിതസ്ഥിതിയിലാണ് കൂടുതൽ ശക്തമായ നിയമങ്ങൾ നഗരത്തിൽ കൊണ്ടുവരാൻ ചൈനീസ് സർക്കാർ തീരുമാനിച്ചത്.
ചൈനയുടെ ഭാഗമായ ഹോങ്കോങ് ദ്വീപ് 1840കളിൽ കറുപ്പു യുദ്ധകാലത്താണ് ബ്രിട്ടൻ നിയന്ത്രണത്തിലാക്കിയത്. നൂറ്റമ്പത് വർഷക്കാലത്തെ പാട്ടത്തിനാണ് ആ പ്രദേശം തങ്ങളുടെ വാണിജ്യാവശ്യങ്ങൾക്കായി അവർ ഏറ്റെടുത്തത്. പാട്ടക്കാലാവധി കഴിഞ്ഞതോടെ ബ്രിട്ടൻ സ്ഥലം വിട്ടുകൊടുത്തിവെങ്കിലും അപ്പോഴേക്കും ഹോങ്കോങ് ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായ, വാണിജ്യ കേന്ദങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരുന്നു. അവിടെയുള്ള സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും തങ്ങളുടെ ജീവിതവും പ്രവർത്തനങ്ങളും സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഒരുരാജ്യം, രണ്ടു വ്യവസ്ഥകൾ എന്ന നില ചൈന അംഗീകരിച്ചത്.
ചൈന നേരത്തെ നൽകിയ ഉറപ്പുകൾ ലംഘിക്കുകയാണെന്നും അതിനാൽ ഹോങ്കോങ്ങിലെ മുൻ ബ്രിട്ടീഷ് പൗരന്മാരായ ജനങ്ങൾക്ക് വേണ്ടിവന്നാൽ ബ്രിട്ടീഷ് പൗരത്വം നൽകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് 30 ലക്ഷം ഹോങ്കോങ് നിവാസികൾക്ക് ബ്രിട്ടൻ അഭയം നൽകും എന്നാണ് അദ്ദേഹം പറഞ്ഞത്. നഗരത്തെ ജനശൂന്യമാക്കുമെന്ന ബ്രിട്ടന്റെ ഭീഷണിയോട് ചൈന പ്രതികരിച്ചത് ഇത്തരം പ്രകോപനപരമായ നടപടികളിലേക്ക് ബ്രിട്ടൻ നീങ്ങിയാൽ അതിനു അവർ വലിയ വില കൊടുക്കേണ്ടിവരുമെന്നാണ്.
ഏതായാലും ഹോങ്കോങ്ങിലെ ഭരണസംവിധാനത്തിലെ മാറ്റങ്ങൾ സംബന്ധിച്ച തർക്കങ്ങൾ ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ പുതിയ ഒരു പോർമുഖം തുറക്കുകയാണ്. അമേരിക്കൻ കോൺഗ്രസ്സ് ഹോങ്കോങ് സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട മുഴുവൻ ചൈനീസ് , ഹോങ്കോങ് ഉദ്യോഗസ്ഥർക്കുമെതിരെ ഉപരോധ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട് . സെനറ്റ് അതു ഉടൻ അംഗീകരി ക്കുമെന്നാണ് കരുതുന്നത്.