ബോട്സ്വാനയിലെ ആനകൾക്ക് എന്താണ് സംഭവിക്കുന്നത് ?
ലണ്ടൻ: കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ ദക്ഷിണാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നാനൂറോളം ആനകളുടെ ജഡം കണ്ടെത്തിയത് പരിസ്ഥിതി പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും ഉത്കണ്ഠയുണ്ടാക്കുന്നു.
ലോകത്തു ഏറ്റവും കൂടുതൽ ആനകളുള്ള നാടാണ് ബോട്സ്വാന. അവിടെ ഒക്കാവോങ്ക നദീതട പ്രദേശങ്ങളിലെ വനങ്ങളിലാണ് മെയ് മാസം മുതൽ ആനകൾ കൂട്ടമായി ചരിയുന്ന പ്രവണത ഗവേഷകർ കണ്ടെത്തിയത്.
ലണ്ടനിലെ നാഷണൽ പാർക്ക് റെസ്ക്യൂ എന്ന സംഘടനയുടെ തലവനായ ഡോ. നിയൽ മക്കാൻ ബിബിസിയോട് പറഞ്ഞത് മെയ് ആദ്യവാരം അവർ ഹെലികോപ്റ്റർ ഉപയോഗിച്ച് മൂന്നു മണിക്കൂർ നേരം നടത്തിയ തിരച്ചിലിൽ പലയിടങ്ങളിലായി 350 ജഡങ്ങൾ കിടക്കുന്നതു കണ്ടെത്താൻ കഴിഞ്ഞുവെന്നാണ്. ബോട്സ്വാന അധികൃതർ നാനൂറോളം ജഡങ്ങൾ കണ്ടെത്തിയതായി പറയുന്നുണ്ട്.
ആനകളുടെ കൂട്ടമരണത്തിനു എന്താണ് കാരണം എന്ന് ഇതുവരെ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജഡങ്ങളിൽ നിന്നുള്ള സ്രവവും മറ്റും ലബോറട്ടറികൾക്കു അയച്ചിട്ടുണ്ട്. എന്നാൽ എന്താണ് മരണകാരണം എന്ന്കണ്ടെത്താൻ സമയമെടുക്കും എന്ന് ഗവേഷകർ പറയുന്നു.
ആനവേട്ടക്കാർ ധാരാളമുള്ള പ്രദേശമാണെങ്കിലും അവരല്ല സംഭവത്തിന് ഉത്തരവാദികൾ എന്നു സർക്കാരും ഗവേഷകരും ചൂണ്ടിക്കാണിക്കുന്നു. കാരണം ജഡങ്ങളിൽ നിന്ന് ആരും കൊമ്പ് നീക്കം ചെയ്‌തിട്ടില്ല. ഏതോ മാരകരോഗമാണ് മരണകാരണം എന്നാണ് സംശയം. സാധാരണനിലയിൽ ആന്ത്രാക്സ് എന്ന പേരിലുള്ള കാലുകളെയും വായയെയും ബാധിക്കുന്ന രോഗം ആനകളുടെ ജീവൻ എടുക്കുന്നതാണ്. പക്ഷേ ആന്ത്രാക്സ് ബാധ സംബന്ധിച്ച റിപ്പോർട്ടുകളും ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ വർഷം ആന്ത്രാക്സ് ബാധയിൽ നൂറോളം ആനകൾ ഈ പ്രദേശത്തു ചരിയുകയുണ്ടായി .
മറ്റൊരു കാരണമായി സംശയിക്കുന്നത് വേട്ടക്കാർ സയനൈഡ് വിഷം ഉപയോഗിക്കുന്നതാണ്. പക്ഷേ അതാണ് കാരണമെങ്കിൽ അവർ ആനക്കൊമ്പ് കൈക്കലാക്കും. എന്നാലത് സംഭവിച്ചിട്ടില്ല. മാത്രമല്ല, സയനൈഡ് ഉപയോഗിച്ചാൽ മറ്റു മൃഗങ്ങളെയും അത് ബാധിക്കും. പക്ഷേ അങ്ങനെ ഒന്നും കാണാനില്ല.
അതിനാൽ ആനത്താരയിലെ മണ്ണിലോ വെളളത്തിലോ ഉള്ള മാരകമായ ഏതെങ്കിലും വൈറസോ മറ്റു ഘടകങ്ങളോ ആയിരിക്കണം ആനകളുടെ കൂട്ടമരണത്തിനു കാരണം എന്ന് ഗവേഷകർ പറയുന്നു. അതു മനുഷ്യരെയും ബാധിക്കാവുന്നതാണ്. മാരകമായ എബോള രോഗം കുരങ്ങിൽ നിന്നാണ് സമീപകാലത്തു മനുഷ്യരിൽ എത്തിയതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ ഉയർത്തിയതും. നിപ്പ, സാർസ്, കൊറോണ തുടങ്ങിയ മറ്റു രോഗങ്ങളും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു എത്തിയ വൈറസ് വഴിയാണ് പടർന്നത്. ബോട്സ്വാനയിലെ ആനകളുടെ ജീവൻ എടുക്കുന്നത് അത്തരം പുതിയ വൈറസ് വല്ലതുമാണെങ്കിൽ അതു പുതിയൊരു ആരോഗ്യ വെല്ലുവിളി ലോകത്തിനു മുന്നിൽ ഉയർത്തും എന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.