കൊറോണാ വാക്സിൻ പരീക്ഷണം അന്തിമ ഘട്ടത്തിലേക്ക്

ന്യൂദൽഹി: ഇന്ത്യൻ  മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന അവസാനഘട്ട പ്രക്രിയ ആരംഭിച്ചതോടെ ഈ വർഷം തന്നെ കൊറോണയെ ചെറുക്കാൻ മരുന്ന് ലഭ്യമാകുമെന്ന പ്രതീക്ഷ വർധിച്ചു.  ഭാരത് ബയോടെക് മാനേജിങ് ഡയറക്റ്റർ ഡോ. കൃഷ്ണ എല്ല ഇന്നലെ ഇന്ത്യാ ടുഡേയോട് പറഞ്ഞത്  ഡിസംബറിന് മുമ്പുതന്നെ മരുന്ന് കമ്പോളത്തിൽ എത്തുമെന്നാണ്. 

പുണെയിലെ വൈറോളജി ഇന്സ്ടിട്യൂട്ടിൽ വേർതിരിച്ചെടുത്ത രോഗകോശങ്ങൾ ഉപയോഗിച്ചു വികസിപ്പിച്ച വാക്‌സിൻ എലികളിലും മറ്റും  പരീക്ഷിച്ചു വിജയിച്ചതിനെ തുടർന്നാണ് മനുഷ്യരിൽ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കു സർക്കാർ അനുമതി നൽകിയത്. ഈ  പരീക്ഷണങ്ങൾ ഈയാഴ്ച ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

ഇതോടെ ഇന്ത്യയിൽ രണ്ടു കമ്പനികൾ കൊറോണാ  വാക്‌സിൻ നിർമാണ രംഗത്തു മുൻനിരയിൽ എത്തിക്കഴിഞ്ഞു. കഴിഞ്ഞമാസം പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ  ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിൻ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരുന്നു. സെറം ഇന്സ്ടിട്യൂട്ടിന്റെ വാക്‌സിൻ ഇംഗ്ലണ്ടിലാണ് ക്ലിനിക്കൽ  പരീക്ഷണങ്ങൾക്കു വിധേയമാക്കിയത്. ഈ മാസം തങ്ങളുടെ  മരുന്നിനു ബ്രിട്ടീഷ് അധികൃതരുടെ അന്തിമ അനുമതി ലഭിക്കുമെന്നു മരുന്ന് വികസിപ്പിച്ച അസ്ത്ര  സെനേക്കാ കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

ലോകത്തു വിവിധ രാജ്യങ്ങളിലായി ഒരു ഡസനോളം കൊറോണാ വാക്‌സിനുകൾ ഇപ്പോൾ അന്തിമ പരീക്ഷണ ഘട്ടത്തിലാണ്. ജർമനിയിലെ ക്യുർ വാക്,   അമേരിക്കയിലെ ഫൈസർ, ഇംഗ്ളണ്ടിലെ അസ്ത്ര സെനേക്കാ തുടങ്ങി നിരവധി കമ്പനികൾ വാക്‌സിൻ നിർമാണ രംഗത്തു വളരെയേറെ മുന്നേറിക്കഴിഞ്ഞു.

അതിനിടയിൽ ചൈന വികസിപ്പിച്ച ഒരു വാക്‌സിൻ ക്ലിനിക്കൽ  പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി, സൈനികർക്കിടയിൽ പ്രയോഗിക്കാൻ തുടങ്ങിയതായി ചൈനീസ് മാധ്യമങ്ങൾ അറിയിച്ചു. ബിയ്‌ജിങ്ങിലെ  കാൻസിനോ ബയോലോജിക്‌സ് എന്ന കമ്പനിയാണ് അതു വികസിപ്പിച്ചത്. മരുന്നു പരീക്ഷണം  അന്തിമ ഘട്ടത്തിൽ എത്തിയെങ്കിലും അതു എല്ലാവർക്കും ലഭ്യമാകുന്ന വിധം ഉൽപാദിപ്പിച്ചു കമ്പോളത്തിൽ എത്തിക്കാൻ ചുരുങ്ങിയത് 12 മുതൽ 18 മാസങ്ങൾ വരെ വേണ്ടിവരുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ രോഗപ്രതിരോധത്തിനു നിലവിലുള്ള  ജാഗ്രതാ സമീപനം ഇനിയും ഒന്നര വർഷം കൂടി തുടരേണ്ടിവരും എന്നു ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

Leave a Reply