ഗൾവാൻ ഏറ്റുമുട്ടൽ: ചൈനയുടെ നഷ്ടം എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല ?

ന്യൂദൽഹി:  ഗൾവാൻ താഴ്‌വരയിൽ ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ ചൈനയുടെ മരണനിരക്ക്  എത്രയെന്നു സംഭവം കഴിഞ്ഞു രണ്ടാഴ്‌ചയായിട്ടും ചൈന വെളിപ്പെടുത്തുകയുണ്ടായില്ല. ഇന്ത്യയുടെ 20 സൈനികർ മരിച്ചതായി അന്നുതന്നെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ  നഷ്ടം 40ൽ അധികം സൈനികരാണെന്നു വാർത്തകൾ വന്നു. അതു വ്യാജവാർത്തയാണെന്നു ചൈനയുടെ വിദേശകാര്യ വക്താവ് ഷവോ ലിജിയൻ പ്രസ്താവിക്കുകയും ചെയ്തു.

ചൈനീസ്‌ സൈന്യത്തിലെ ഒരു കേണലടക്കം സൈനികർ മരിച്ചതായി ഔദ്യോഗിക  പത്രമായ ഗ്ലോബൽ ടൈംസ് വെളിപ്പടുത്തിയിരുന്നു. മരണസംഖ്യ വെളിപ്പെടുത്താത്തതു വൈകാരികമായ അന്തരീക്ഷം ഒഴിവാക്കാനും സംഘർഷം നിയന്ത്രിക്കാനുമാണെന്നു ചൈന അവകാശപ്പെടുകയും ചെയ്തിരുന്നു. ചൈനയുടെ അതിർത്തി കാര്യ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്റ്റർ  ജനറൽ ഹെ ക്‌സിയാങ്കി ബുധനാഴ്ച വിവിധ  രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ചൈനയ്ക്കു സൈനികർ നഷ്ടപ്പെട്ടതായി സമ്മതിച്ചു. എന്നാൽ  അദ്ദേഹവും മരണസംഖ്യ വെളിപ്പെടുത്തിയില്ല.  വൈകാരിക വിക്ഷോഭവും അതുവഴിയുള്ള സംഘർഷവും ഒഴിവാക്കുകയാണ് അതിനുപിന്നിലുള്ള ലക്‌ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

വൈകാരിക വിക്ഷോഭവും സംഘർഷവും എന്നതുകൊണ്ട് ചൈന ഉദ്ദേശിക്കുന്നത് ഇന്ത്യയുമായുള്ള സംഘർഷത്തെയല്ലെന്നും  മറിച്ചു ചൈനയിൽ  ജനങ്ങൾക്കിടയിൽ പുകയുന്ന അസംതൃപ്തിയെക്കുറിച്ചാണെന്നും ഇന്നലെ  വാഷിങ്ങ്ടൺ പോസ്റ്റിൽ എഴുതിയ ഒരു ലേഖനത്തിൽ ചൈനാ വിദഗ്ധനായ ജിയാങ്‌ലി യാങ് വെളിപ്പെടുത്തി. അദ്ദേഹം വാദിക്കുന്നത് ചൈനയിലെ ഭരണകൂടത്തിനെതിരെ ചൈനീസ് വിമുക്ത ഭടന്മാരിലും കുടുംബങ്ങളിലും നിലനിൽക്കുന്ന അസംതൃപ്തിയെയാണ് അധികൃതർ യഥാർത്ഥത്തിൽ ഭയക്കുന്നതെന്നാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ സേനാവ്യൂഹമാണ്  ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി. അതിൽ നിന്നു വിരമിച്ച സൈനികർക്കു പെൻഷനും മറ്റു  ആനുകൂല്യങ്ങളും നൽകുന്നത് സേനയുടെ നേരിട്ടുള്ള ഏജൻസികൾ വഴിയല്ല. മറിച്ചു വിവിധ പ്രവിശ്യാ സർകാറുകളാണ് വിമുക്ത ഭടന്മാരുടെ ക്ഷേമ കാര്യങ്ങൾ നോക്കുന്നത്. പ്രവിശ്യാ സർക്കാരുകളുടെ സാമ്പത്തികസ്ഥിതി അനുസരിച്ചു ആനുകൂല്യങ്ങളിൽ വലിയ അസമത്വമുണ്ട്. ഒരു റാങ്കിന്‌ പല പെൻഷൻ എന്നതാണ് അവസ്ഥ. ഇതിൽ സൈനികരിലും കുടുംബങ്ങളിലും കടുത്ത പ്രതിഷേധവുമുണ്ട്. ചൈനയിൽ ഈ വിഭാഗങ്ങൾ   ഇക്കാര്യത്തിൽ വ്യാപകമായ പ്രക്ഷോഭങ്ങൾ നടത്തുന്നതായും വാഷിംഗ്ടൺ പോസ്റ്റ് ലേഖനം ചൂണ്ടിക്കാട്ടുന്നു. 

ആഗോളവൽക്കരണ നയങ്ങൾ ചൈന നടപ്പിലാക്കിയതിന്റെ പ്രധാനപ്പെട്ട പ്രത്യാഘാതങ്ങളിൽ ഒന്നാണ് ഗുരുതരമായ സാമൂഹിക അസമത്വം എന്നും ലേഖകൻ പറയുന്നു. പലരും ശതകോടീശരന്മാരായി.പക്ഷേ പലരും  പിന്തള്ളപ്പെട്ടു. ഈ പ്രശ്നങ്ങൾ ചൈനീസ് സമൂഹത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.  ഗൾവാൻ ഏറ്റുമുട്ടലിൽ മരിച്ചവരുടെ വിവരങ്ങൾ മറച്ചുവെക്കുന്നതിനു യാഥാർത്ഥകാരണം ഇതാണെന്നു മുൻ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനും അറിയപ്പെടുന്ന ചൈനാ വിദഗ്ധനുമായ ജിയാങ്‌ലി യാങ് വിവരിക്കുന്നു.

Leave a Reply