പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വൃഥാ വ്യായാമം
ഇ- മൊബിലിറ്റി ഇടപാടില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വൃഥാവ്യായാമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. ഈ കരാര്‍ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രകോപിതനാകാതെ സൗമ്യവും ശാന്തവുമായാണ് മുഖ്യമന്ത്രി ഇന്ന് മറുപടി പറഞ്ഞത്. മാത്രമല്ല കഴിഞ്ഞ പത്രസമ്മേളനത്തിലെ പോലെ പ്രതിപക്ഷ നേതാവിനെ അടച്ചു ആക്ഷേപിക്കുന്ന രീതിയിലല്ല
മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണവും.
പി ഡബ്ല്യു സി യെ സെബി രണ്ടുവര്‍ഷത്തേക്ക്നിരോധിച്ചതാണെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.അങ്ങിനെ നിരോധിച്ചിരുന്നെങ്കില്‍ കേന്ദ്ര സ്ഥാപനമായ നിക്സില്‍ ഈ കമ്പനിയെ എമ്പാനല്‍ പട്ടികയില്‍ പെടുത്തുമായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.സത്യം ഗ്രൂപ്പ് കമ്പനിയുടെ ആഡിറ്റിങ്ങില്‍ പിശക് ആണ് സെബി നടപടി സ്വീകരിക്കാന്‍ കാരണം എന്നാണ് പറയുന്നത്.കേന്ദ്ര സര്‍ക്കാരിന്‍റെ നയമ നുസരിച്ചാണ് സ്വിസ്സ് കമ്പനിയായ ഹെസ്സുമായി കേരളം ചര്‍ച്ച നടത്തിയത്.ഈ പദ്ധതിയുടെ ധാരണാപത്രം ഇനിയും ഒപ്പുവെച്ചിട്ടില്ല. പക്ഷെ അതുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും.ഇതിന്‍റെ ഫയല്‍ ധനവകുപ്പും നിയമവകുപ്പും കാണണം എന്ന് ഫയലില്‍ രേഖപ്പെടുത്തിയത് താന്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സുതാര്യത ഉറപ്പു വരുത്താനാണിത്.ധന സെക്രട്ടറിയും ചീഫ് സെക്രട്ടറിയും സംശയങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും ഇതില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി കിട്ടി. എം ഒ യു ഒപ്പിടുന്ന കാര്യം ഇപ്പോഴും പരിശോധനയിലാണ് . ഈ പദ്ധതി ഇവിടെ നിന്നു പറിച്ചെടുത്തു മറ്റെവിടെയെങ്കിലും സ്ഥാപിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നുണ്ട്.അതിന് കൂട്ടുനില്‍ക്കുകയാണോ പ്രതിപക്ഷ നേതാവ്?
പ്രതിപക്ഷ നേതാവ് കാണിക്കുന്ന ഫയലില്‍ അദ്ദേഹം വായിച്ചതിന് മുന്നിലും പിന്നിലുമുള്ള വാചകം മനപൂര്‍വം വിട്ടുകളയുകയാണ്. അവിടെയാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.ഒരു പദ്ധതിയുടെ കാര്യത്തിലും ഒരു തെറ്റായ കാര്യവും നടന്നിട്ടില്ല.നടക്കുകയുമില്ല- മുഖ്യമന്ത്രി പറഞ്ഞു..