സർവകലാശാലയ്ക്കു വിസി വേണം; പൊതുജനം സമരത്തിലേക്ക്

കോഴിക്കോട്: മലബാറിൽ  അരനൂറ്റാണ്ട്  മുമ്പ് മുഴങ്ങിയ ഒരു മുദ്രാവാക്യം വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഒരു സർവകലാശാല വേണമെന്നായിരുന്നു. അങ്ങനെ 1968ൽ ഇഎംഎസ് സർക്കാർ  സ്ഥാപിച്ച സർവകലാശാലയിൽ ഇപ്പോൾ  ഉയരുന്ന മുദ്രാവാക്യം   സർവകലാശാലയ്ക്കു ഒരു തലവനെ വേണമെന്നാണ്. ഒൻപതുമാസമായി വൈസ്  ചാൻസലറില്ലാതെ കഴിയുന്ന സർവകലാശാലയിൽ ഭരണരംഗത്തു കനത്ത പ്രതിസന്ധിയാണ് നിലവിലുള്ളത്. ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാൻ പോലും ആളില്ല . സെനറ്റ്, സിൻഡിക്കറ്റ് പ്രവർത്തനങ്ങൾ  അവതാളത്തിലായി.

സർവകശാലയ്ക്കു വിസിയെ ഉടൻ നിയമിക്കണം എന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് പ്രവർത്തകർ ഇന്നലെ മുതൽ സത്യഗ്രഹം തുടങ്ങി. വിസി നിയമനം  അനിശ്ചിതമായി നീളുന്നതിൽ അധ്യാപക -വിദ്യാർഥിസംഘടനകളും ജീവനക്കാരും ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.

വിസിയെ   കണ്ടെത്താനുള്ള സെർച് കമ്മിറ്റിയുടെ ശുപാർശകൾ ഒന്നര മാസമായി ഗവർണറുടെ മുന്നിൽ കെട്ടിക്കിടക്കുകയാണ്.  മലബാറിലെ ഈ സർവകലാശാലയ്ക്കു തലവനില്ലാത്തതിന്‍റെ ബുദ്ധിമുട്ടുകൾ അക്കാദമിക പാരമ്പര്യമുള്ള ഗവർണർക്കും അറിയാവുന്നതാണ്. പക്ഷേ നിയമനം നടത്തി ഉത്തരവിടാൻ സാധ്യമാകുന്നില്ല.

 ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കൈകൾ കക്ഷിരാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ ബിജെപി നേതാക്കൾ കെട്ടിയിട്ടതാണ് പ്രശ്നമെന്ന് സർവകലാശാലയിൽ ആരോപണമുണ്ട്.  സംസ്ഥാനസർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലയിൽ വിസിയെ നിയമിക്കുന്നതും സംസ്ഥാനം തന്നെയാണ്. സാധാരണ നിലയിൽ കേന്ദ്രസർക്കാരിന്‍റെ ഭാഗമായ യുജിസിയുടെ പ്രതിനിധി ഇത്തരം കാര്യങ്ങളിൽ ഉടക്കുണ്ടാക്കാറില്ല. എന്നാൽ ഇത്തവണ  യുജിസി പ്രതിനിധിയും കേരളത്തിലെ ബിജെപി നേതാക്കളും ഒത്തുകളിച്ചു ഗവർണറെ സമ്മർദ്ദത്തിലാക്കി. ഗവർണർ ഫയൽ മടക്കി വച്ചു.  വിദ്യാർഥികളും  നാട്ടുകാരും പെരുവഴിയിലുമായി .

കഴിഞ്ഞ വർഷം സപ്തംബറിലാണ് കാലിക്കറ്റ് വിസി ഡോ.മുഹമ്മദ്  ബഷീർ  സ്ഥാനമൊഴിഞ്ഞത്. പകരക്കാരനെ കണ്ടെത്താനുള്ള മൂന്നംഗ സേർച് കമ്മിറ്റിയിൽ സെനറ്റ്  പ്രതിനിധി ഡോ .വികെ രാമചന്ദ്രൻ, യുജിസി പ്രതിനിധി ഡൽഹി ജെ എൻ യു  വൈസ് ചാൻസലർ ജഗദിഷ് കുമാർ, സംസ്ഥാന സർക്കാർ പ്രതിനിധി ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരായിരുന്നു. എന്നാൽ കമ്മിറ്റിയുടെ ഫൈനൽ ഇന്റർവ്യൂ മുടങ്ങി. കാരണം ജെ എൻ യു വിൽ സമരം കാരണം വിസിക്ക് എത്താൻ കഴിഞ്ഞില്ല. അതോടെ അന്നത്തെ ലിസ്റ്റും കാലഹരണപ്പെട്ടു. വീണ്ടും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; വീണ്ടും ഷോർട് ലിസ്റ്റുണ്ടാക്കി. മെയ് ആദ്യം കമ്മിറ്റി വീഡിയോ കോൺഫറൻസിങ് വഴി ഇന്റർവ്യൂ നടത്തി. 

ഗവർണർക്കു അയച്ച ഫൈനൽ ലിസ്റ്റിൽ മൂന്നു പേരുകളാണ് നിർദേശിക്കപ്പെട്ടത്. കോട്ടയം  എംജി സർവകലാശാലയിലെ ഡോ.കെ എം  സീതി,  കോഴിക്കോട് കിഴങ്ങു ഗവേഷണ കേന്ദ്രം തലവൻ ഡോ. ജയപ്രകാശ്, ഷിംല സെന്റർ ഫോർ  അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഡോ.എം വി നാരായണൻ  എന്നിവരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നു സർവ്വകലാശാലാ വൃത്തങ്ങൾ പറയുന്നു.

അതോടെയാണ് തർക്കം വന്നത്. ഡോ.  സീതിയെ നിയമിക്കണമെന്ന്  സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി കെടി  ജലീൽ ആവശ്യപ്പെട്ടു. മുസ്ലിം  പ്രതിനിധ്യം എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാൽ  പ്രശസ്ത മാർക്സിസ്റ് പണ്ഡിതനായ ഡോ. നാരായണന് അനുകൂലമായും സർക്കാരിൽ ഒരു വിഭാഗം സ്വാധീനം ചെലുത്തി. ബിജെപിയാകട്ടെ ദളിത് പ്രതിനിധി വേണം എന്ന വാദമുയർത്തി ഡോ ജയപ്രകാശിനു വേണ്ടിയും രംഗത്തു വന്നു. ഈ വിഷയത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരനും മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയും ഗവർണറുമായി സംസാരിച്ചതായി അറിയുന്നു .

അതോടെ ഗവർണർ തൽകാലം തീരുമാനം എടുക്കുന്നതു മാറ്റിവെച്ചു. സംസ്ഥാന സർക്കാരിന്റെ സർവ്വകലാശാലയിൽ അവരുടെ താല്പര്യങ്ങളെ മറികടന്നു നിയമനം നടത്താൻ അദ്ദേഹം തയ്യാറില്ല. അതേസമയം പൊതുതാല്പര്യം  പരിഗണിച്ചു സമ്മർദ്ദ തന്ത്രം അവസാനിപ്പിക്കാൻ ബിജെപിയും തയ്യാറല്ല. ഇത്തരമൊരു പരിതസ്ഥിതിയിൽ വിസിയില്ലാതെ സർകലാശാലാ പ്രവർത്തനങ്ങൾ മുടന്തുന്നു.  തിരുർ തുഞ്ചൻ സർവകലാശാലയിലെ വിസിയെയാണ്  താത്കാലികമായി ചുമതല  ഏല്പിച്ചതെങ്കിലും അദ്ദേഹത്തിന്  പ്രധാന വിഷയങ്ങൾ മാറ്റിവെക്കുകയല്ലാതെ മറ്റു നിവർത്തിയില്ല. 

Leave a Reply