ഇസ്രായേൽ ഭൂമികയ്യേറ്റ പ്രഖ്യാപനം നാളെ

ജെറുസലേം: അധിനിവേശ  വെസ്റ്റ് ബാങ്ക് കരയിലെ മൂന്നിലൊന്നു പ്രദേശങ്ങളും ഇസ്രയേലിന്‍റെ ഭാഗമായി പ്രഖ്യാപിക്കാനുള്ള ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്‍റെ തീരുമാനം ജൂലൈ ഒന്നിന് നടപ്പിൽ വരും.

പലസ്‌തീനി പ്രദേശമായ പടിഞ്ഞാറേക്കര  (വെസ്റ്ബാങ്ക്) ഇസ്രായേൽ അധിനിവിഷ്ട പ്രദേശമായാണ് അന്താരാഷ്ട്ര നിയമങ്ങൾ കണക്കാക്കുന്നത്. അവിടെ വർഷങ്ങളായി പ ലസ്‌തീനി  കുടുംബങ്ങളെ ആട്ടിയോടിച്ചു ഇസ്രായേൽ കോളനികൾ പണിതു വരികയായിരുന്നു. ഇത്തരം  കയ്യേറ്റങ്ങൾ ഇസ്രായേൽ സൈന്യത്തിന്‍റെയും അമേരിക്കയുടെയും പിന്തുണയോടെയാണ്  നടന്നുവന്നത്. എന്നാൽ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും  കയ്യേറ്റത്തെ അപലപിക്കുകയും നൂറുകണക്കിന് യു എൻ പ്രമേയങ്ങളിൽ അതിനെ ശക്തമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേലി കുടിയേറ്റക്കാർ പിൻവാങ്ങണം എന്നാണ് യു എൻ പ്രമേയങ്ങളിൽ നിരന്തരം ആവർത്തിച്ചത്. ബരാക് ഒബാമയുടെ കാലത്തു ഇത്തരം അധിനിവേശത്തെ അമേരിക്കൻ ഭരണകൂടം ശക്തമായി വിമർശിക്കുകയുണ്ടായി.

2016ൽ ഡൊണാൾഡ് ട്രംപ്  അധികാരത്തിൽ വന്നതോടെ ഇസ്രായേൽ കയ്യേറ്റങ്ങളെ അമേരിക്ക ഔദ്യോഗികമായിത്തന്നെ അംഗീകരിച്ചു.  ട്രംപ് ഭരണകൂടം  പലസ്തീൻ പ്രശ്‍നം കൈകാര്യം ചെയ്യാനായി ഏല്പിച്ചത് ട്രംപിന്‍റെ മകളുടെ ഭർത്താവും സീനിയർ വൈറ്റ് ഹൌസ് ഉപദേശകനുമായ ജറീഡ് കുഷ്‌ണരെയാണ്. അദ്ദേഹം കൊണ്ടുവന്ന പാക്കേജിലാണ് ഇസ്രായേൽ നടത്തിയ കയ്യേറ്റങ്ങളെയും കുടിയേറ്റക്കാരുടെ കോളനികളെയും നിയമപരമാക്കി മാറ്റുന്ന  നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. കുഷ്ണറുടെ നിർദേശങ്ങളെ  അപ്പോൾത്തന്നെ വെസ്റ്ബാങ്കിൽ അധികാരത്തിലിരിക്കുന്ന പലസ്തിനിയൻ അതോറിറ്റിയും ഗാസയിലെ പ്രധാന കക്ഷി ഹമാസും മറ്റു പലസ്‌തീനി രാഷ്ട്രീയകക്ഷികളും തള്ളിക്കളഞ്ഞിരുന്നു. എന്നാൽ കുഷ്ണറുടെ നിർദേശങ്ങളുടെ ചുവടുപിടിച്ചു നെതന്യാഹു  ജനുവരിയിൽ പ്രഖ്യാപിച്ചത് പാക്കേജ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി വെസ്റ്ബാങ്കിലെ ജൂത കുടിയേറ്റ പ്രദേശങ്ങൾ ജൂലൈ ഒന്നുമുതൽ ഇസ്രയേലിന്‍റെ ഭാഗമായി മാറ്റുമെന്നാണ്.  സൈനികമായി അധിനിവേശം നടത്തിയ പ്രദേശങ്ങൾ ഏതെങ്കിലും രാജ്യം ഏകപക്ഷീയമായി തങ്ങളുടെ നിയമാനുസൃത  പരിധിയിലുള്ള പ്രദേശമായി മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങൾ കൃത്യമായി നിരോധിക്കുന്നുണ്ട്. അതിനാൽ ഇസ്രായേൽ നീക്കം ഒരു കാരണവശാലും അംഗീകരിക്കാൻ സാധ്യമല്ലെന്നും അതു ആഗോള സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും കഴിഞ്ഞയാഴ്ച യു എൻ സെക്രട്ടറി ജനറൽ ഗുതെരേസ് വ്യക്തമാക്കുകയുണ്ടായി.

Leave a Reply