അടിമക്കച്ചവടം: നഷ്ടപരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു

ലണ്ടൻ: ഇന്ത്യൻ പാർലമെന്റംഗം ശശി തരൂർ കഴിഞ്ഞ വർഷം ഓക്സ്ഫോഡ്   സർവകലാശാലയിൽ നടത്തിയ  പ്രസംഗം സാമൂഹിക മാധ്യങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. ഇന്ത്യയെ 200 വർഷക്കാലം അടിമത്തത്തിലാക്കി ബ്രിട്ടൻ നടത്തിയ കൊള്ളയ്ക്ക് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്ക്  നഷ്ടപരിഹാരം നൽകണമെന്നാണ് തരൂർ ആവശ്യപ്പെട്ടത്. ഇത്  തരൂർ മാത്രം ഉന്നയിക്കുന്ന ആവശ്യമല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ബ്രിട്ടീഷ് കച്ചവടക്കാർ ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അടിമകളുടെ പിന്മുറക്കാർക്കു സർക്കാർ  നഷ്ടപരിഹാരം നൽകണമെന്ന് 2015ൽ കരീബിയൻ രാജ്യമായ ബാർബഡോസും  ആവശ്യപ്പെടുകയുണ്ടായി.

ബ്രിട്ടനിലും അമേരിക്കയിലും കറുത്ത വർഗക്കാർ നടത്തുന്ന  സമരങ്ങളുടെ ഒരു പ്രധാന മുദ്രാവാക്യമായി  നഷ്ടപരിഹാരം എന്ന ആവശ്യം ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. അമേരിക്കയിലെയും ബ്രിട്ടനിലെയും അടിമക്കച്ചവടക്കാർ  തങ്ങളുടെ പൂർവികന്മാരുടെ നേരെ നടത്തിയ ക്രൂരതകൾക്കു ഇരുരാജ്യങ്ങളും അത്തരം  ഇടപാടുകളിൽ ഉൾപ്പെട്ട കുടുംബങ്ങളും സ്ഥാപനങ്ങളും മറുപടി പറയണം എന്ന ആവശ്യമാണ് പലരും ഉന്നയിക്കുന്നത്.

അക്കാദമിക തലങ്ങളിലും ഇതൊരു വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. അടിമക്കച്ചവടം  വഴി ബ്രിട്ടനിലെയും അമേരിക്കയിലെയും പല കുടുംബങ്ങളും വൻ നേട്ടമുണ്ടാക്കി എന്നതു നിഷേധിക്കാനാവാത്ത വസ്തുതയാണ്. അത്തരം കുടുംബങ്ങളെയും സ്ഥാപനങ്ങളെയും സംബന്ധിച്ച വിവരങ്ങളും രേഖകളിൽ  കൃത്യമായി ലഭ്യമാണ്. അടിമകളായി അവരുടെ കീഴിൽ പണിയെടുത്ത കുടുംബങ്ങളുടെ വിവരങ്ങളും കൃത്യമായി നിലനിൽക്കുന്നു. അതിനാൽ നഷ്ടപരിഹാരം എന്നതു അചിന്ത്യമായ കാര്യമല്ലെന്ന് പല പണ്ഡിതന്മാരും അംഗീകരിക്കുന്നുണ്ട്.

 ബാർബഡോസിലെ പ്രഫ . ഹില്ലരി ബക്കിൾസ് അടിമകളുടെ കുടുംബത്തിൽ നിന്നു വന്നയാളാണ്. തന്‍റെ   ചെറുപ്പത്തിൽ പോലും ബാർബഡോസിൽ അടിമത്തത്തിനു തുല്യമായ സാമൂഹിക അന്തരീക്ഷമാണ് തോട്ടങ്ങളിൽ നിലനിന്നതെന്നു അദ്ദേഹം ഓർമ്മിക്കുന്നു. തോട്ടങ്ങൾ ഒന്നുകിൽ വലിയ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു; അല്ലെങ്കിൽ   യൂറോപ്യൻ -അമേരിക്കൻ കമ്പനികളുടെ നിയന്ത്രണത്തിൽ. അത്തരം  സ്ഥാപനങ്ങളിൽ അടിമത്തത്തിൽ  നിന്നു ലഭിച്ച മൂലധനം ഇപ്പോഴും പ്രവർത്തനത്തിലുണ്ട്. അതിനാൽ അതിൽനിന്നുള്ള  ലാഭവിഹിതം ബന്ധപ്പെട്ട കുടുംബങ്ങൾക്കും നിയമപരമായി അർഹതയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അടിമത്തം അമേരിക്കയിലെയും ബ്രിട്ടനിലേയും സർക്കാരുകൾ നിയമപരമായി അവസാനിപ്പിച്ചതാണെങ്കിലും അതിൽ നിന്നുള്ള മൂലധനം ഇന്നും  ബിസിനസ് രംഗത്തു നിലനിൽക്കുന്നു എന്നതാണ്  നഷ്ടപരിഹാരം സംബന്ധിച്ച അവകശവാദങ്ങൾക്കു ശക്തി നൽകുന്നത്. മാത്രമല്ല, 1833ൽ ബ്രിട്ടൻ നിയമം മൂലം അതിന്‍റെ കോളനികളിൽ അടിമത്തം അവസാനിപ്പിച്ചപ്പോൾ സ്വതന്ത്രരാക്കിയ അടിമകളുടെ പേരിൽ  നഷ്ടപരിഹാരമായി വിവിധ കമ്പനികളും കുടുംബങ്ങളും വൻതുകയാണ് അന്നു സാമ്രാജ്യത്വ സർക്കാരിൽ നിന്നു കൈപ്പറ്റിയത്. ലണ്ടനിലെ  യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് അന്നു സർക്കാർ അടിമയുടമകൾക്കു വിതരണം ചെയ്ത നഷ്ടപരിഹാരത്തുക 20 ദശലക്ഷം പൗണ്ട് വരുമെന്നാണ്. അന്നു എട്ടുലക്ഷം അടിമകളുടെ മൂല്യമായി സർക്കാർ നിശ്ചയിച്ച  കമ്മിഷൻ കണക്കാക്കിയത് 50 ദശലക്ഷം പൗണ്ടാണ്. അന്നത്തെ ബ്രിട്ടന്റെ മൊത്തം ജിഡിപിയുടെ  12 ശതമാനം വരും ഈ തുകയെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മുഴുവൻ തുകയും സർക്കാർ നൽകിയില്ല എന്നുമാത്രം.  ഇന്നത്തെ മൂല്യം നോക്കിയാൽ അതു ഏതാണ്ട് 600 കോടി പൗണ്ടിനു തുല്യമാണ്. അന്നത്തെ  നഷ്ടപരിഹാര വിതരണം വഴിവന്ന സാമ്പത്തിക ബാധ്യത ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പൂർണമായും വീട്ടിയത്  ഏതാനും വർഷങ്ങൾക്കു  മുമ്പാണ്‌. 

അമേരിക്കയിൽ 1865ൽ എബ്രഹാം ലിങ്കൺ പ്രസിഡന്റായിരുന്ന കാലത്താണ് അടിമത്തം അവസാനിപ്പിച്ചത്. അതിന്‍റെ  പേരിൽ  ആഭ്യന്തര യുദ്ധം വരെ നടന്നു. എന്നാലും അടിമകളെ സ്വ തന്ത്രരാക്കിയ വകയിൽ  നഷ്ടപരിഹാരമായി  അവിടെയും കുടുംബങ്ങൾക്കും കമ്പനികൾക്കും ഭൂമി ലഭ്യമാക്കിയിരുന്നു. അന്നു നൽകിയ ഭൂമിയുടെ വിലയും അടിമകൾക്ക്‌ നിഷേധിച്ച കൂലിയും സംബന്ധിച്ച കണക്കുകൾ അമേരിക്കൻ ഗവേഷകരും പുറത്തിറക്കിയിട്ടുണ്ട്.ഫിനാൻഷ്യൽ ടൈംസ് ഇന്നലെ   ലേഖനത്തിൽ പറയുന്നത് അടിമകളുടെ കൊടുക്കാതെ നിർത്തിയ കൂലിയുടെ മൂല്യം ഇന്നത്തെ കണക്കിൽ 14 ലക്ഷം കോടി ഡോളർ വരുമെന്നാണ്. നഷ്ട പരിഹാരമായി നൽകിയ ഭൂമിയുടെ  മൂല്യവില ഇപ്പോൾ 16.5 ലക്ഷം കോടി ഡോളറാണ്. അമേരിക്കയുടെ ഇന്നത്തെ മൊത്തം  ജിഡിപി 21.4 ലക്ഷം കോടി ഡോളർ. അതായത് അടിമകൾ അമേരിക്കയ്ക്ക് നൽകിയ സമ്പാദ്യം അവരുടെ മൊത്തം  പ്രതിവർഷ ഉല്പാദനത്തിന് തുല്യമായ ഒരു തുകയാണ്. അടിമകളുടെ പിന്മുറക്കാരാവട്ടെ, ഇന്നും ജീവിതസൗകര്യങ്ങൾ ഒന്നുമില്ലാതെ സമൂഹത്തിന്‍റെ പുറമ്പോക്കിലും.  

Leave a Reply