സപ്ലൈകോ കേരളം കണ്ട ഏറ്റവുംവലിയ വെള്ളാന


” സപ്ലൈ കോ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിക്കുന്നു: സംഭവം അന്വേഷിക്കുമെന്ന് മന്ത്രി” എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത കണ്ടു.മാതൃഭൂമിക്ക് തെറ്റ് പറ്റിയതാണോ എന്നറിയില്ല, സപ്ലൈ കോയുടെ ഗോഡൌണുകളില്‍ മാത്രമല്ല വില്‍പ്പനശാലകളില്‍ തന്നെ മനുഷ്യന് ഉപയോഗിക്കാന്‍ പാടില്ലാത്ത,പുഴുക്കളും ചെള്ളും മറ്റും ഓടിനടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഒരു കൂസലുമില്ലാതെ പരസ്യമായി വില്‍ക്കുന്നുണ്ട്. . ഇത് നെടുമങ്ങാടോ വിതുരയിലോ ഏതെങ്കിലും ഓണം കേറാമൂലയിലോ മാത്രമല്ല . സെക്രട്ടറിയറ്റിനു തൊട്ടടുത്തു പുളിമൂട്ടിലുള്ള സപ്ലൈകോ ഷോറൂമിലും ഇതാണ് സ്ഥിതി.അതായത് . മന്ത്രിയുടെ ഓഫീസിന്‍റെ മൂക്കിന്ന്‍ താഴെ. ഏതെങ്കിലും ഒരു ജീവനക്കാരന്‍റെ കൈപ്പിഴയല്ല ഇത്. ഇതിന് പിന്നില്‍ ആസൂത്രിതമായ അഴിമതിയുടെ ശൃംഖല ഉണ്ട്. അതല്ലെങ്കില്‍ മന്ത്രിക്കും ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥര്‍ക്കും കണ്ണെത്തുന്ന ദൂരത്തുള്ള ഷോറൂമില്‍ ഇത്തരം ഭക്ഷ്യധാന്യങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കാന്‍ ധൈര്യം കാണിക്കുമോ? ജൂണ്‍ 24 ന് സെക്രട്ടറിയറ്റിനു അടുത്തുള്ള ഈ സപ്ലൈകോ ഷോറൂമില്‍ നിന്ന് ഈ ലേഖകന്‍ 10 കിലോ പച്ചരി വാങ്ങി.വീട്ടില്‍ എത്തി തുറന്നു നോക്കിയപ്പോള്‍ അരി തിന്ന് പെരുകിയ നൂറുകണക്കിന് ചെള്ള് ശരീരത്തിന്‍റെ ഭാരം പോലും താങ്ങാനാവാത്ത വിധം നീന്തിക്കൊണ്ടിരിക്കുന്നു. എത്രയോ നാളായി ആ അരിയില്‍ കുടിയിരിക്കുന്നതാവും ഈ ചെള്ളുകള്‍.അതല്ലെങ്കില്‍ ഇത്രയേറെ വലുപ്പം വയ്ക്കില്ലല്ലോ. ഭക്ഷ്യയോഗ്യമല്ലാത്ത ഈ ധാന്യം പരസ്യവിപണിയില്‍,അതും സര്‍ക്കാര്‍ സ്ഥാപനത്തില്‍, അതും മന്ത്രിയുടെ മൂക്കിനു താഴെ വെച്ച് വില്‍ക്കാന്‍ എന്ത് ധൈര്യം വേണം? ഈ ലേഖകന്‍ മാത്രമല്ല മറ്റെത്രയോ പേര്‍ ഇതോടൊപ്പമുള്ള അരി വാങ്ങിയിട്ടുണ്ടാകും.എത്രപേര്‍ പരിശോധിക്കാതെ ഭക്ഷിച്ചിട്ടുണ്ടാകും. വില സാധാരണ വിപണിയേക്കാള്‍ രണ്ടു രൂപ കൂടുതലും ആയിരുന്നു.
ഈ ദുരനുഭവം അറിയിക്കാന്‍ സപ്ലൈകോയുടെ പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ആരും കയ്യേറ്റില്ല. അരമണിക്കൂര്‍ പണിപ്പെട്ടശേഷം തിരുവനന്തപുരം റീജിയണല്‍ മാനേജരെ ഫോണില്‍ കിട്ടി. അദ്ദേഹത്തോട് കഥ മുഴുവന്‍ കേള്‍പ്പിച്ചു.അടുത്തദിവസം ഓഫീസ്സില്‍ വന്നശേഷം അന്വേഷിക്കാം എന്ന് പറഞ്ഞു സന്മനസ് അദ്ദേഹം കാട്ടി .ഭക്ഷ്യയോഗ്യമില്ലാത്ത അരി മന്ത്രിയുടെ ഓഫീസിന് മുന്നിലെ സര്‍ക്കാര്‍ ഷോറൂമില്‍ ഇനിയും വില്‍ക്കുമെന്നാണോ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഉത്തരമില്ലായിരുന്നു.ഈ അരി ഏതെങ്കിലും ന്യൂസ്‌ ചാനലില്‍ പ്രദര്‍ശിപ്പിച്ചു സര്‍ക്കാരിനും സപ്ലൈകൊയ്ക്കും മോശമുണ്ടാക്കനാണോ പ്രേരിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ആശയകുഴപ്പത്തിലായി. ഷോറൂമില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ അയച്ചു ഈ അരിവിതരണം നിര്‍ത്തിവെപ്പിക്കണമെന്നു പറഞ്ഞപ്പോള്‍ അത് മനസില്ലാ മനസ്സോടെ സമ്മതിച്ചു. ഒന്നും സംഭവിച്ചിട്ടില്ല എന്ന് പിന്നീട് മനസിലായി.
അതിന്ശേഷം ഇത്ര ഗൌരവതരമായ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ എടുക്കുന്ന നിസംഗ നിലപാട് കാരണം മന്ത്രിയുടെ ഓഫീസ്സില്‍ വിളിച്ചു വിവരം ധരിപ്പിക്കാന്‍ ശ്രമിച്ചു. സെക്രട്ടറിയറ്റിനു മുന്നിലെ ഷോറൂമില്‍ നടക്കുന്ന ഈ പകല്‍ കൊള്ള മന്ത്രിയുടെ ഓഫീസിലും കൂടി അറിഞ്ഞിരിക്കണമല്ലോ എന്ന് കരുതിയത്‌ എന്‍റെ തെറ്റായിപ്പോയി. എല്ലാം മുറപോലെ നടക്കുന്ന ഒരു മന്ത്രി ഓഫീസ്.. എന്‍റെ വിവരങ്ങള്‍ പറഞ്ഞശേഷം അവിടെയുള്ള ഉത്തരവാദപ്പെട്ട ആര്‍ക്കെങ്കിലും ഫോണ്‍ കൊടുക്കുമോ എന്ന്‍ ആരാഞ്ഞപ്പോള്‍ “
അതെല്ലാം എന്നോട് പറഞ്ഞാല്‍ മതി” എന്നായിരുന്നു ഈ വിദ്വാന്‍റെ മറുപടി എന്‍റെന്‍റെന്‍റെന്‍റെ അവസ്ഥ ഓര്‍ത്ത്‌ ഞാന്‍ സത്യത്തില്‍ വളരെ ദുഖിച്ചു. ഞാന്‍ ദില്ലിയില്‍ ജോലി നോക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ദില്ലിയില്‍ എത്തുന്ന പല സിപിഐ മന്ത്രിമാരും എന്നെയും കൂട്ടി കേന്ദ്രമന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണാന്‍ പോകാന്‍ എന്‍റെ സമയം കാത്തിരുന്നിട്ടുള്ള അനുഭവം ഓര്‍ത്തുപോയി. കൃഷി മന്ത്രിയായിരുന്ന വി കെ രാജന്‍ സ്വന്തം പാര്‍ട്ടിയിലെ കേന്ദ്രമന്ത്രി ആയിട്ടും കേന്ദ്ര കാബിനറ്റ്‌ മന്ത്രി ചതുരാനന്ദ് മിശ്രയെ കാണാന്‍ കാത്തിരുന്ന ദിവസം ഇപ്പോഴും ഓര്‍ക്കുന്നു. “നിങ്ങള്‍ കൂടി ഉണ്ടെങ്കിലെ സഖാവിനോട് കൃത്യമായി വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആവൂ ” എന്ന് പറഞ്ഞ അന്നത്തെ രാജന്‍ എവിടെ, പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന പച്ചരിയില്‍ പുഴുക്കള്‍ ആണെന്ന് ധരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ച ഈ വിദ്വാന്‍ എവിടെ.! മന്ത്രി ഓഫീസിലെ ഇയാളുടെ കമ്മിഷന്‍ നിരക്ക് (അങ്ങിനെ ഉണ്ടെങ്കില്‍) എത്രയെന്ന് എനിക്കറിയില്ല.
ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ഭരണമാണ് ഇവിടെ ഉണ്ടായിരുന്നതെങ്കില്‍ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷ്യധാന്യം വിറ്റഴിക്കുന്നവര്‍ അപ്പോള്‍ തന്നെ ജയിലില്‍ ആകുമായിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യധാന്യം സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ബോര്‍ഡും വെച്ചു വിറ്റാല്‍ പിടികൂടാന്‍ ഇവിടെ നിയമമില്ലേ.
. എന്‍റെ പേരും മറ്റും പറഞ്ഞിട്ടും അയാള്‍ക്ക്‌ ഒരു കുലുക്കവുമുണ്ടായില്ല. എന്താണ് പേര്‍ എന്ന് എത്ര ചോദിച്ചിട്ടും അയാള്‍ വെളിപ്പെടുത്താനും കൂട്ടാക്കിയില്ല. ഈ ഭക്ഷ്യമന്ത്രിയുടെ ഒഴികെ കേരളം കണ്ടിട്ടുള്ള എല്ലാ ഭക്ഷ്യ മന്ത്രിമാരുടെയും ഓഫീസ് എത്രയോവട്ടം സന്ദര്‍ശിച്ചിട്ടുള്ള ഒരാള്‍ ആണിത് എഴുതുന്നത്‌. . പക്ഷെ ഇന്നത്തെ സ്ഥിതി പരിതാപകരം ആണ്.
ഏറെ കൌതുകകരം റീജിയണല്‍ മാനേജറുമായുള്ള സംഭാഷണം ആയിരുന്നു. നെടുമങ്ങാട്ടുള്ള വീട്ടിലേക്കു പോകുകയായിരുന്ന അദ്ദേഹവും തുടക്കത്തില്‍ വളരെ നിസ്സംഗനായിരുന്നു . നാളെ ഓഫീസില്‍ വന്നിട്ട് അന്വേഷിക്കാം എന്ന് പറഞ്ഞപ്പോള്‍ അതൊരു പതിവ് ഒഴികഴിവ് ആണെന്ന് ബോധ്യമായി., എന്നാല്‍ ഞാനിത് മാധ്യമങ്ങളെ അറിയിക്കട്ടെ എന്നും സംസാരിക്കുന്നയാളും ഒരു മാധ്യമ പ്രവര്‍ത്തകനാണെന്നും അറിയിച്ചപ്പോള്‍ അദ്ദേഹം ഗൗരവം മനസ്സിലാക്കി. തൊട്ട് താഴെയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷി പ്പിക്കുകയും അടുത്തദിവസം ഓഫീസ്സില്‍ വന്നപാടെ എന്നെ വിവരം അറിയിക്കുകയും ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ ഞാനും ആശ്വസിച്ചു.പക്ഷെ ഇത്രദിവസം കഴിഞ്ഞിട്ടും ഈ നിമിഷം വരെ അദ്ദേഹത്തിന് വിവരം അറിയിക്കാന്‍ സമയം കിട്ടിയിട്ടില്ല. ഇവിടെ ഒരു ചുക്കും നടക്കില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ ഇന്നലെ അരി മടക്കി കൊടുത്ത് പണം തിരിച്ചു വാങ്ങി. ചെവിക്ക് ചെവി അറിയാതെ തീര്‍ത്തു. പക്ഷെ മാതൃഭൂമിയിലെ ഇന്നത്തെ ചിത്രവും വാര്‍ത്തയും കണ്ടപ്പോഴാണ് പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത്.
കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വകുപ്പിലെ നല്ലവരായ ഉദ്യോഗസ്ഥരില്‍ നിന്ന് മനസിലായത്, നല്ല തുക കൊടുത്താണ് പല ഉദ്യോഗസ്ഥരും നല്ല വരിശുള്ള പദവികള്‍ ഒപ്പിച്ചെടുക്കുന്നത്. അവര്‍ക്ക് ആരെയും ഭയപ്പെടണ്ട.ഇനി ഓണത്തിന്‍റെ ഊഴമാണ്. കോടികള്‍ രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ദല്ലാള്‍ മാരുടെയും കീശയില്‍ എത്തുന്നകാലം ആണ്. ഓണക്കാലത്ത് ജനങ്ങള്‍ക്ക്‌ വേണ്ടി വിലകുറച്ച് സാധനങ്ങള്‍ വിറ്റഴിച്ചതിന്റെ കണക്കുകള്‍ മന്ത്രിമാര്‍ ഉയര്‍ത്തിക്കാട്ടി മേനിനടിക്കും. പക്ഷെ അതി ന്‍റെ എത്രയോ ഇരട്ടിയാണ് പൊതുഖജനാവില്‍ നിന്ന് ഇതിന്‍റെ പേരില്‍ മറിക്കുന്നതെന്നു ആരറിയാന്‍?.

Leave a Reply