ജീവനാണോ “ആശംസ”യാണോ വലുത്?

കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ്‌ കണ്ട് കേരളം പകച്ച്‌ നില്‍ക്കുമ്പോള്‍ ,നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്‍റെ ചൂടുപിടിച്ച ചര്‍ച്ച കേന്ദ്രസര്‍ക്കാരിലെ ഒരു വകുപ്പ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ “അഭിനന്ദനം ” എന്ന വാക്ക് ഉപയോഗിച്ചതിനെ കുറിച്ചാണ്.ആ വിവാദം കൊഴുപ്പിച്ച് മുതലെടുക്കാന്‍ ചില വാര്‍ത്താ ചാനലുകളും. ചങ്ങലയ്ക്ക് തന്നെ ഭ്രാന്ത് പിടിച്ചാല്‍ എന്ത് ചെയ്യും.ഇത്ര ഇടുങ്ങിയതാണോ കേരളത്തിന്‍റെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ചിന്തയും മാധ്യമങ്ങളുടെ ബൌദ്ധിക നിലവാരവും . ജനങ്ങള്‍ക്ക്‌ ഇതില്‍ എന്ത് താല്‍പ്പര്യം.അവരുടെ കൂടെപ്പിറപ്പുകള്‍ ജീവിക്കുമോ മരിക്കുമോ എന്ന ആശങ്കയില്‍ വിമാനത്തിലും വഴിയിലും ആശുപത്രികളിലും ക്വാറന്ടയിന്‍ കേന്ദ്രങ്ങളിലുമായി മല്ലടിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഈ തമാശകളി മനുഷ്യത്വരഹിതമല്ലേ? ഇവിടെ ജീവനാണോ ആശംസയാണോ വലുത്?
പ്രശംസയും കുറ്റപ്പെടുത്തലും ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവർ നടത്തുമ്പോൾ ഇന്നത്തെ സാഹചര്യത്തിന്‍റെ തീവൃത ഉള്‍ക്കൊണ്ടുവേണ്ടേ പ്രതികരിക്കാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ഉത്തരപ്രദേശിനെ മാത്രം വാതോരാതെ പ്രശംസിച്ചു നടത്തിയ പ്രസംഗം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മറ്റ് സംസ്ഥാനങ്ങൾ ഉത്തർപ്രദേശിനെ കണ്ട് പഠിക്കണം എന്നാണ് മോദി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് ഇരയായ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് ഇപ്പോഴും ഈ സംസ്ഥാനം കേരളവും ഒറീസ്സയും പോലുള്ള മറ്റു ചില സംസ്ഥാനങ്ങളെ കണ്ട് പഠിച്ചിരുന്നെങ്കിൽ ഉത്തർപ്രദേശ് ഇന്നത്തെ പോലുള്ള ശവപ്പറമ്പ് ആകുമായിരുന്നില്ല എന്നതാണ് സത്യം. പക്ഷെ പ്രധാനമന്ത്രിക്കും തൻകുഞ്ഞു പൊൻകുഞ്ഞു തന്നെയാണല്ലോ.ഇത് പ്രതിരോധമല്ല, രാഷ്ട്രീയം മാത്രമാണ്. കൊവിഡ് പ്രതിരോധത്തില്‍ കുത്തഴിഞ്ഞ ഒരു സംസ്ഥാനം.ഒന്നിനും അവിടെ കണക്കോ രേഖകളോ ഇല്ല.
അതിന്‍റെ മറ്റൊരു വികൃത രൂപമാണ് കേരളത്തിലെ ഈ വിവാദത്തില്‍ കാണുന്നതും. കേന്ദ്ര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ സൗഹൃദപരമായ ഒരു വാക്ക് ഇത്തരത്തിൽ ഊതിവീർപ്പിച്ചു മുഖ്യമന്ത്രിയെ പോലെ ഉന്നതനായ ഒരാളെക്കൊണ്ട് പ്രതികരിപ്പിക്കുന്നതിന്‍റെ ലക്ഷ്യം ആർക്കും മനസിലാകില്ലെന്ന് കരുതരുത്. ഇത് അധികം വിസ്തരിച്ചാൽ പല മുഖം മൂടികളും തെറിക്കും. അതുകൊണ്ട് എല്ലാം തുറന്ന് പറയുന്നില്ല. പക്ഷെ ഒരു സത്യം തുറന്ന് പറയാതിരിക്കാനാകില്ല. മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ പത്രസമ്മേളനത്തിൽ ആവശ്യമുണ്ടെങ്കിലും, ഇല്ലെങ്കിലും, കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പരാമർശിക്കുന്ന എന്തെങ്കിലും ഉൾപ്പെടുത്താൻ തുടക്കം മുതലേ ശ്രമം ഉണ്ട്. മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിലേക്കുള്ള കുറിപ്പ് തയ്യാറാക്കി കൊടുക്കുന്നവരുടെ പൊടിക്കൈ ആണിത്. എന്നും മുരളീധരനെ സെൻട്രൽ സ്റ്റേജിൽ നിർത്തി അദ്ദേഹത്തിന് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കുക. ഇതിലെ ചതി മനസ്സിലാക്കി കഴിഞ്ഞ ഒന്നുരണ്ട് ദിവസമായി അങ്ങിനെ മുരളീധരനെ പൊക്കണ്ട എന്ന നിലപാട് മുഖ്യമന്ത്രി എടുത്തപ്പോൾ അത് മറികടക്കാൻ പുതിയ തന്ത്രം എടുത്തു. ഒരു ലേഖകനെ കൊണ്ട് മുരളീധരന്‍റെ പേർ മുഖ്യമന്ത്രിയുടെ നാവിൽ നിന്ന് കിട്ടാവുന്ന ഒരു ചോദ്യം പരുവപ്പെടുത്തി കൊടുത്ത് ലക്ഷ്യം നിറവേറ്റുക. ഈ ചക്കളത്തി പോരാട്ടം നടത്തുന്നവർ ജീവനുമായി മല്ലിടുന്ന പാവപ്പെട്ട കോവിഡ് രോഗികളുടെ ദൈന്യമുഖങ്ങൾ കാണുന്നില്ല.
കേരളത്തിന്‍റെ മഹനീയമായ പ്രവർത്തനത്തെ പ്രധാനമന്ത്രി എണ്ണി എണ്ണി പറഞ്ഞു അഭിനന്ദിക്കുന്ന വാക്കുകൾ പറയേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. ആ നിരുത്തരവാദിത്വത്തെ ആരും എതിർക്കുന്നില്ല. അത് മനസ്സിലാക്കണമെങ്കിൽഇന്നലെ മുഖ്യമന്ത്രി ആദിത്യനാഥിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേൾക്കണം.

പ്രധാനമന്ത്രി മൗനം ദീക്ഷിക്കുന്നത് കൊണ്ടാകാം കേന്ദ്രത്തിലെ ഒരു സാധാ സെക്രട്ടറിയുടെ വാക്കുകള്‍ കയറിപ്പിടിച്ച് കേരളത്തിന് നിര്‍വൃതി അടയേണ്ടിവരുന്നത്.

Leave a Reply