കൊറോണയ്ക്കു ശേഷം മാധ്യമങ്ങളുടെ ഗതിയെന്ത്?

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വാർത്താസംഭവമാണ് 2020 തുടക്കത്തിൽ തന്നെ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ബാധയും അതു കൊണ്ടുവന്ന ദുരന്തങ്ങളും. ലക്ഷക്കണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു; രോഗത്തിന്‍റെ  തേർവാഴ്ച എന്ന് അവസാനിക്കും എന്ന് ആർക്കും തീർച്ചയില്ല.  സാമ്പത്തിക പ്രവർത്തനങ്ങൾ തകരുന്നു; രാജ്യങ്ങൾ കടക്കെണിയിലാവുന്നു. കോടിക്കണക്കിനു  ജനങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാവുന്നു. പട്ടിണിയും  പരിവട്ടവും കുടുംബങ്ങളെയും സമൂഹങ്ങളെയും രാജ്യങ്ങളെയും തുറിച്ചുനോക്കുന്നു.

 ഇതു വാർത്തകളുടെ മലവെള്ളപ്പാച്ചിലിന്‍റെ കാലമാണ്. അതേസമയം വാർത്താമാധ്യമങ്ങളുടെ തകർച്ചയുടെ കാലവും.  അച്ചടിമാധ്യമങ്ങൾ മാത്രമല്ല പ്രതിസന്ധിയിൽ. ടെലിവിഷൻ വാർത്താമാധ്യമങ്ങളും ഇന്‍റെർനെറ്റ് വാർത്താസ്രോതസ്സുകളും ഒരേപോലെ പ്രതിസന്ധിയിലാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. സ്ഥാപനങ്ങൾ പലതും പൂട്ടുകയാണ്; പിടിച്ചുനിൽക്കാനായി പ്രമുഖസ്ഥാപനങ്ങൾ പോലും  ജീവനക്കാരെ പുറത്തേക്കെറിയുകയാണ്.  ഇന്ത്യയിൽ മുൻനിരയിലെ ടൈംസ് ഇന്ത്യയിലും ഹിന്ദുസ്ഥാൻ ടൈംസിലും ഹിന്ദുവിലും പോലും ജീവനക്കാരെ വെട്ടിക്കുറക്കുന്ന വാർത്തകൾ പുറത്തുവരുന്നു. പലരും എഡിഷനുകൾ അടച്ചുപൂട്ടി ചെലവു ചുരുക്കി മുന്നോട്ടുപോകാൻ ശ്രമിക്കുകയാണ്. ടൈംസ് ഓഫ്ഇന്ത്യ കേരളത്തിലടക്കം മൊത്തം 20 എഡിഷനുകളാണ് അടച്ചുപൂട്ടുന്നത്. ഹിന്ദുവിന്‍റെ മുംബൈ എഡിഷൻ ഈ മാസം അവസാനം വരെ മാത്രമേ ഉണ്ടാവുകയുള്ളു എന്നു  ജീവനക്കാർക്ക് മുന്നറിയിപ്പു ലഭിച്ചുകഴിഞ്ഞു. പ്രാദേശിക പത്ര ങ്ങളുടെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്. കോപ്പികൾ വിൽക്കാൻ സാധിക്കുന്നില്ല. പരസ്യങ്ങൾ പേരിനുപോലും ലഭ്യമല്ല. അടച്ചുപൂട്ടുകയല്ലാതെ മറ്റൊരു നിവൃത്തിയും മിക്കവാറും ചെറുകിട,ഇടത്തരം പത്രങ്ങളുടെ  മുന്നിലില്ല. പ്രാദേശികവാർത്തകൾ മാധ്യമങ്ങൾ ഉപേക്ഷിച്ചു കഴിഞ്ഞു. പ്രാദേശിക പേജുകള്‍ നിലനിർത്തുന്ന പത്രങ്ങളിൽ പോലും വാർത്തകൾ പേരിനു മാത്രം.

പത്രമാധ്യമങ്ങൾ ആഗോളതലത്തിൽ തന്നെ കടുത്ത പ്രതിസന്ധിയിലാണ്. ആദ്യം വന്നത് ടെലിവിഷന്‍റെ ഭീഷണിയാണ്. പിന്നെ വന്നത്  ഇന്‍റെർനെറ്റിലെ പുതിയ വാർത്താ സംവിധാനങ്ങൾ. ഗൂഗ്‌ളും ഫേസ്ബുക്കും  വാർത്തകൾ നൽകുന്ന പ്രധാന സ്രോതസ്സുകളായി. പ്രാദേശിക  പത്രങ്ങളിൽ നിന്നടക്കം വാർത്തകൾ തിരഞ്ഞുപിടിച്ചു അവർ  വായനക്കാർക്കു നൽകി. വാർത്ത വിതരണം ചെയ്യുന്ന  ആഗോള കമ്പനികൾക്ക് ലാഭം കുന്നുകൂടി. വാർത്തകൾ കണ്ടുപിടിച്ചു അതു തയ്യാറാക്കി വിളമ്പിയ മാധ്യമസ്ഥാപനങ്ങളും ജീവനക്കാരും കുത്തുപാളയെടുത്തു. നേരത്തെ മാധ്യമങ്ങൾക്കു കിട്ടിയിരുന്ന പരസ്യങ്ങളിൽ മഹാഭൂരിപക്ഷവും ഇപ്പോൾ ഗൂഗ്‌ൾ, ഫേസ്ബുക്  തുടങ്ങിയ പ്ലാറ്റുഫോമുകളിലേക്കു മാറി എന്നു വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

പഴയ  ജന്മി-കുടിയൻ കാലത്തെ അവസ്ഥയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്നത്തെ മാധ്യമലോകം. പാടത്തു പണിയെടുത്തവന് കഞ്ഞിക്കു വകയില്ല; ജന്മിക്കും നാടുവാഴിക്കും പത്തായം നിറയെ നെല്ല് എന്നതായിരുന്നു പഴയ അവസ്ഥ. അതേപോലെ പണിയെടുത്തവനു കൂലി നൽകാതെ വരമ്പത്തു നിൽക്കുന്നവൻ വിളവും കൊണ്ടുപോകുന്ന അവസ്ഥയിലാണ് ഇന്ന് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും.

ദരിദ്രരാജ്യങ്ങളിൽ  മാത്രമല്ല ഈ ദുരവസ്ഥ. അമേരിക്കയിലും യൂറോപ്പിലും ചെറുകിട, ഇടത്തരം പത്രങ്ങൾ ഓരോന്നോരോന്നായി പൂട്ടാൻ തുടങ്ങിയിട്ടു കാലമേറെയായി. ഒരുകാലത്തു ഓരോ നഗരത്തിനും സ്വന്തമായി ഒന്നോ രണ്ടോ പത്രങ്ങളുണ്ടായിരുന്നു. ഇപ്പോൾ ചെറു നഗരങ്ങളിലെ മിക്കവാറും പത്രങ്ങൾ പ്രവർത്തനം നിർത്തിക്കഴിഞ്ഞു. കൊറോണയുടെ ബാധ ഗുരുതരമായതോടെ പത്രങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. പലരാജ്യങ്ങളിലും അച്ചടി മാധ്യമങ്ങളുടെ വിതരണം തടസ്സപ്പെട്ടു. അമേരിക്കയിൽ മാർച്ചിനു ശേഷം അച്ചടിമാധ്യമങ്ങളിൽ മാത്രം 38,000 പത്രപ്രവർത്തക ജീവനക്കാരുടെ തൊഴിൽ നഷ്ടമായതായി ഫിനാൻഷ്യൽ ടൈംസ്  റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ പ്രധാന രാജ്യങ്ങളിൽ പലതിലും നിലവിൽ  സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമായതിനാൽ പിരിച്ചുവിടൽ അത്ര വ്യാപകമല്ല. പക്ഷേ കൊറോണയുടെ പേരിൽ പ്രഖ്യാപിച്ച സർക്കാർ ആനുകൂല്യങ്ങൾ നിലക്കുന്നതോടെ അവിടെയും തൊഴിൽനഷ്ടം വ്യാപകമാവുമെന്നു പത്രം ചൂണ്ടിക്കാണിക്കുന്നു.

പ്രാദേശിക മാധ്യമങ്ങളുടെ തകർച്ചയാണ് ഏറ്റവും രൂക്ഷമായ സാമൂഹിക പ്രശ്നമെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. മാധ്യമമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലുകൾ അത്തരം സ്ഥാപനങ്ങളിലാണ്. അവിടെയാണ് തകർച്ചയും തൊഴിൽനഷ്ടവും ഏറ്റവും വ്യാപകവും. മാത്രമല്ല, സാധാരണജനങ്ങൾക്ക് തങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങൾ അറിയാനും അതിൽ ഇടപെടാനുമുള്ള സാധ്യതയാണ് അവയുടെ തിരോധാനത്തിലുടെ സംഭവിക്കുന്നത്.  ജനാധിപത്യം  മധ്യവർഗങ്ങളുടെയും വരേണ്യരുടെയും മാത്രം വിഹാരമണ്ഡലമായി മാറുകയാണ്. ജനാധിപത്യക്രമം കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയും ഏകാധിപതികളും വലതുപക്ഷ പ്രസ്ഥാനങ്ങളും അരങ്ങുവാഴുകയാണ്. അത്തരം രാജ്യങ്ങളിൽ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് മാധ്യമങ്ങളാണ്. ട്രംപ്‌ തന്‍റെ ഏറ്റവും വലിയ ഭീഷണിയായി കാണുന്നതും സ്വതന്ത്ര മാധ്യമങ്ങളെ തന്നെ. മോദിയും അങ്ങനെതന്നെ.

കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതിയാണ് ചുറ്റും. മാധ്യമരംഗത്തും അതു വ്യക്തമായി കാണുന്നു.  ചെറുകിടക്കാർ തകരുമ്പോൾ, ആഗോള സ്വാധീനമുള്ള വൻകിട മാധ്യമങ്ങൾ കരുത്തു നേടുകയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ന്യൂയോർക്ക് ടൈംസ്വാഷിംഗ്‌ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേർണൽ, ഫിനാൻഷ്യൽ ടൈംസ് എന്നീ നാലു മേലേക്കിട ആഗോള മാധ്യമ ബ്രാൻഡുകൾ ഓരോന്നും ഒരു ദശലക്ഷത്തിലേറെ വരിക്കാരെ കൂടുതലായി നേടിയതായി ഫിനാൻഷ്യൽ ടൈംസ് ചൂണ്ടിക്കാണിക്കുന്നു. അവയൊന്നും പ്രാദേശിക വാർത്തകൾക്കു കാര്യമായ ശ്രദ്ധ നൽകുന്നില്ല. ലോകം ആഗോള ഗ്രാമമാകുമ്പോൾ പുൽക്കൊടികൾ വന്മരങ്ങൾക്കു കീഴിൽ ഞെരിഞ്ഞമരുകയാണ്. അവയ്ക്കു നിലനിൽക്കാൻ ഓക്സിജനോ സൂര്യപ്രകാശമോ കിട്ടാത്ത സ്ഥിതിയാണ്.

എന്താണ് ചെറുകിട, പ്രാദേശിക മാധ്യമപ്രവർത്തനത്തിന്‍റെ  ഭാവി എന്ന ചോദ്യമാണ് ഉയരുന്നത്. ഒന്നുകിൽ അവ രാഷ്ട്രീയ പാർട്ടികളുടെയോ സാമൂഹിക ശക്തികളുടെയോ സർക്കാരുകളുടെയോ ജിഹ്വ എന്ന നിലയിൽ അപ്രസക്തമാകും; അല്ലെങ്കിൽ വൻകിട കമ്പനികളുടെയോ താല്പര്യങ്ങളുടെയോ നിയന്ത്രണത്തിലമരും. രണ്ടായാലും അവ നേരത്തെ സമൂഹത്തിൽ നിർവഹിച്ചുവന്ന സുപ്രധാന ചുമതലകൾ ഏറ്റെടുക്കാനാവാതെ അവ പിന്നാക്കം പോകും. ഇത്രയും കാലം നമ്മുടെ ചുറ്റും സമൂഹത്തിന്‍റെ ജീവവായു പോലെ നിലനിന്ന സ്വതന്ത്ര മാധ്യമപ്രവർത്തനം അതിന്‍റെ അവസാനനാളുകളിലേക്കു പ്രവേശിക്കുകയാണ് ലോകമെങ്ങും എന്ന ഭീതി ഉയരുകയാണ്. ഓർക്കാപ്പുറത്തു കേറിവന്ന കൊറോണ ആ തകർച്ചയ്ക്ക് വേഗം കൂട്ടുകയുമാണ്. 

Leave a Reply