പ്രവാസികളെ മടക്കി സ്വീകരിച്ചില്ലെങ്കിൽ കടുത്ത നടപടി
പ്രവാസികളെ മടക്കി സ്വീകരിക്കാൻ മടികാണിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്തനടപടി സ്വീകരിക്കുമെന്ന് യു എ ഇ മുന്നറിയിപ്പ് നൽകി. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ ജന്മനാട്ടിലേക്ക് മടങ്ങുമ്പോൾ സ്വീകരിക്കാൻ മടികാണിച്ചാൽ ആ രാജ്യങ്ങളുമായി തൊഴിൽ മേഖലയിലെ തൊഴിൽ സഹകരണം തുടരുന്നതിൽ മാറ്റം വരുത്തുന്നതടക്കമുളള കാര്യങ്ങൾ ആലോചിക്കേണ്ടിവരുമെന്നു ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കി. “ഗൾഫ് ടൈംസ്” പത്രം ആണ് ഇത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഈ രാജ്യങ്ങളിൽ നിന്ന് ഭാവിയിൽ ജോലിക്കാരെ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും എന്ന് എമിറേറ്റ്സ് വാർത്താ ഏജൻസിയായ വാം അറിയിച്ചു. തൊഴിലാളികൾക്ക് ജോലി നൽകുന്നതിൽ ക്വാട്ട സമ്പ്രദായം ഏർപ്പെടുത്തും. ഈ രാജ്യങ്ങളിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളും മന്ത്രാലയവും തമ്മിലുണ്ടാക്കിയ ധാരണാപത്രം നിർത്തലാക്കുന്നതും ആലോചിച്ചു കൂടെന്നില്ല. മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ സ്വീകരിക്കുന്നതിൽ ചിലരാജ്യങ്ങൾ താല്പ്പര്യം എടുക്കാതിരിക്കുന്നത് കൊണ്ടാണ് ഈ നടപടികളിലേക്ക് നീങ്ങുന്നത്. മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ അതിന് സഹായിക്കാനുള്ള ഉത്തരവാദിത്വം ഈ രാജ്യങ്ങൾക്കുണ്ട്. ഓരോ രാജ്യത്തെയും തൊഴിലാളികളെ മാനുഷികമായ പരിഗണന നൽകി മടക്കിക്കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്വം ആ രാജ്യങ്ങൾക്കുണ്ട് എന്ന് ഔദ്യോഗിക വക്താവ് മുന്നറിയിപ്പ് നൽകി.