സ്വീഡനെ തീണ്ടാപ്പാടകലെ നിർത്തി അയൽരാജ്യങ്ങൾ

നിരീക്ഷകന്‍

ലണ്ടൻ: ജാതിക്കോമരങ്ങളുടെ കാലത്തെ കേരളത്തിലെ തീണ്ടൽ ജാതിക്കാരുടെ അവസ്ഥയിലാണ് ഇപ്പോൾ യൂറോപ്പിലെ മുൻനിര രാജ്യമായ സ്വീഡൻ.  യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ കോവിഡ്  ബാധയുടെ മൂർധന്യത്തിൽ അടച്ചിട്ട അതിർത്തികൾ തുറക്കുമ്പോൾ സ്വീഡൻ, പോർത്തുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള  സന്ദർശകർക്കു പ്രവേശനമില്ല എന്നാണ് രണ്ടു രാജ്യങ്ങളുടെയും അയൽക്കാർ പറയുന്നത്. കൊറോണാ  ബാധയെ നേരിടാൻ മറ്റു രാജ്യങ്ങൾ കടുത്ത അടച്ചിടൽ നടപടികളിലേക്കു തിരിഞ്ഞപ്പോൾ പൊതുവിൽ തുറന്ന സമീപനമാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചത്. ഇപ്പോൾ അടച്ചിട്ട രാജ്യങ്ങൾ തുറക്കുമ്പോൾ നേരത്തെ  തുറന്നിട്ടവർക്കു അങ്ങോട്ടു പ്രവേശനമില്ല എന്നതാണ് യൂറോപ്പിലെ അവസ്ഥ.

ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് സ്വീഡനെ സംബന്ധിച്ചു  കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ടിൽ ആ രാജ്യത്തിന്‍റെ കൊറോണാ നയത്തെക്കുറിച്ചു അയൽരാജ്യങ്ങൾ ഉയർത്തുന്ന വിമർശനങ്ങളും സ്വീഡനിൽ തന്നെ അതു സംബന്ധിച്ചു നടക്കുന്ന ചർച്ചകളും  പരിശോധിക്കുന്നു. അടച്ചിടൽ മാർഗം സ്വീകരിച്ച  ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്കു സ്വീഡന്‍റെ അനുഭവത്തിൽ നിന്നു പാഠങ്ങൾ പഠിക്കാനുണ്ടെന്നു നിരീക്ഷകർ പറയുന്നു.

യൂറോപ്പിൽ ജർമനിയാണ് അടച്ചിടൽ നയം തുടക്കം മുതലേ കർശനമായി നടപ്പിലാക്കിയത്. ചാൻസലർ ആംഗല മെർക്കൽ അടക്കമുള്ള നേതൃത്വം പൊതുവിൽ അടച്ചിടലിനു അനുകൂലമായ സമീപനമാണ്‌ സ്വീകരിച്ചത്. അവരുടെ ശാസ്ത്ര ഉപദേശകരും  കർശനമായ  അടച്ചിടൽ നയങ്ങൾക്ക് വേണ്ടിയാണ് വാദിച്ചത്. രാജ്യത്തു പലരും അതിനെ ശക്തിയായി വിമർശിച്ചെങ്കിലും അടച്ചിടൽ നയം മരണസംഖ്യ കുറയ്ക്കാനും ചുരുങ്ങിയ സമയം കൊണ്ടു വീണ്ടും സമ്പദ് ഘടനയെ പ്രവർത്തന ക്ഷമമാക്കാനും കഴിഞ്ഞു എന്നു ജർമൻ നേതൃത്വം വിലയിരുത്തുന്നു.

മറിച്ചൊരു സമീപനമാണ് സ്വീഡൻ സ്വീകരിച്ചത്. അവിടെ  ശാസ്ത്ര  ഉപദേശകരും സർക്കാരും അടച്ചിടൽ ഒഴിവാക്കി സമ്പദ്ഘടനയെ ചലനാത്മകമാക്കി നിലനിർത്താനാണ് തീരുമാനിച്ചത്.  പതിനാറു വയസ്സു വരെയുള്ള കുട്ടികളുടെ വിദ്യാലയങ്ങളും തുറന്നു തന്നെ നിലനിർത്തി.  കടകളും ഓഫീസുകളും ബാറുകളും റസ്റ്റാറന്റുകളും തുറന്നു പ്രവർത്തിച്ചു. സാമൂഹിക അകലവും ശുചിത്വം അടക്കമുള്ള മറ്റു നടപടികളുമാണ് സ്വീഡൻ കൊറോണക്കെതിരെ എടുത്ത നടപടികൾ.

ഇപ്പോൾ മൂന്നു മാസത്തിനു ശേഷം  കാര്യങ്ങൾ മാറിമറിയുകയാണെന്നു സ്വീഡനും സമ്മതിക്കുന്നു. അയൽരാജ്യങ്ങളിൽ മരണനിരക്കു വളരെ കുറഞ്ഞിരിക്കുമ്പോൾ സ്വീഡനിൽ അതു കുതിച്ചുയരുകയാണ്. ദൈനംദിന മരണനിരക്കിൽ  യൂറോപ്പിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിൽ ചെന്നുപെട്ട ഇറ്റലി, സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കു തുല്യമായ മരണനിരക്കിലേക്കാണ് ഒരു കോടി ജനങ്ങളുള്ള സ്വീഡനും കുതിക്കുന്നത്‌.. സ്വീഡനിൽ ഇതിനകം 5053 പേർ  മരിച്ചപ്പോൾ അയൽരാജ്യങ്ങളായ ഡെന്മാർക്കിൽ 598, ഫിൻലണ്ടിൽ 326, നോർവേയിൽ 242 എന്നിങ്ങനെയാണ് കണക്ക്. മറ്റുരാജ്യങ്ങളിൽ പ്രതിദിന മരണനിരക്ക് ഇപ്പോൾ വളരെ കുറഞ്ഞു. സ്വീഡനിലാകട്ടെ, മരണനിരക്കു കൂടുതൽ ഉയരുകയാണ്. ബുധനാഴ്ച മാത്രം  സ്വീഡനിൽ 102 മരണമുണ്ടായി. അതു നോർവേയിൽ രണ്ടുമാസത്തിൽ ഉണ്ടായ മൊത്തം മരണത്തിനു തുല്യമാണ്. സ്ഥിതിഗതികൾ കൈവിട്ടുപോകുകയാണ് എന്ന ഭീതി രാജ്യത്തു പടരുകയാണ്.  അതേസമയം, സ്വീഡന്‍റെ നയങ്ങളിൽ പ്രായോഗികമായ ചില  വശങ്ങളുണ്ടെന്നു വിമർശകരും അംഗീകരിക്കുന്നു. ചെറിയ കുട്ടികളെ സ്കൂളുകളിൽ  നിലനിർത്തിയത് കുടുംബങ്ങളിൽ ഭദ്രതയും കുട്ടികളുടെ മാനസിക നിലയിൽ മെച്ചപ്പെട്ട അവസ്ഥയും നിലനിർത്താൻ സഹായിച്ചു.  ദീർഘകാലം അടച്ചിടലിനു തയ്യാറായ രാജ്യങ്ങളിൽ കുട്ടികളിലും യുവജനങ്ങളിലും പോലും കടുത്ത മാനസിക പ്രശ്നങ്ങൾ കാണുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, വൃദ്ധരുടെ കാര്യത്തിൽ സ്വീഡനിൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്. അവിടെ  വാർധക്യത്തിൽ എത്തിയവരെ കുടുംബങ്ങളിലല്ല, നഴ്സിങ് ഹോമുകളിലാണ് സംരക്ഷിക്കുന്നത്. അത്തരം  കേന്ദ്രങ്ങളിൽ കോവിഡ് പടർന്നുപിടിച്ചു. മരിച്ചവരിൽ വലിയ പങ്കും അത്തരക്കാരാണ്. സ്വീഡൻ തങ്ങളുടെ മുതിർന്ന പൗരന്മാരെ കൈവിട്ടു എന്നാണ് പൊതുവിലുള്ള വിമർശനം. എന്നാൽ രാജ്യം മുതിർന്ന പൗൻമാരുടേതു മാത്രമല്ലെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. എന്നാൽ  കോവിഡ് മുതിർന്നവരിൽ നിന്നു മറ്റു വിഭാഗങ്ങളിലേക്കും വ്യാപിക്കുന്നതോടെ തുറന്നിടൽ നയം സംബന്ധിച്ച ചർച്ചകളും വിപുലമാകുകയാണ്

( സ്വീഡനിലെ വിവാദ ശാസ്ത്രജ്ഞന്‍ ആന്ടെഴസ് റ്റെഗ്നല്‍ ആണ് മുകളിലെ ചിത്രത്തില്‍. ലോക് ഡൌണ്‍ എന്നത് ഭ്രാന്താണ് എന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞത് ഇദ്ദേഹമാണ്)

Leave a Reply