ന്യൂയോർക്ക് ടൈംസ് അഭിപായ സർവേയിൽ ജോ ബൈഡനു മുന്നേറ്റം

പ്രത്യേക പ്രതിനിധി 

ന്യൂയോർക്ക്:  നവമ്പറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പിന്തുണയിൽ ഡൊണാൾഡ് ട്രംപിനെതിരെ ഏതിർസ്ഥാനാർത്ഥി ജോ ബൈഡൻ 14 പോയൻറ് മുന്നിലാണെന്ന് ന്യൂയോർക്ക് ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ വ്യക്തമായി. വോട്ടെടുപ്പിൽ  പങ്കെടുത്തവരിൽ 50 ശതമാനം പേർ തങ്ങൾ ബൈഡനെ പിന്തുണക്കുമെന്ന് പറഞ്ഞപ്പോൾ 36 ശതമാനം മാത്രമാണ് നിലവിലെ  പ്രസിഡണ്ട് ട്രംപിന് അനുകൂലമായി പ്രതികരിച്ചത്.

 ബൈഡന്റെ അനുകൂലികളിൽ കറുത്ത വർഗക്കാരും സ്ത്രീകളും ലാറ്റിനോ വിഭാഗങ്ങളുമാണ് മുന്നിൽ നിൽക്കുന്നത്. 79 ശതമാനം കറുത്തവരും 64 ശതമാനം ലാറ്റിനോകളും ഡെമോക്രാറ്റിക്‌  സ്ഥാനാർഥി ബൈഡനെ അനുകൂലിക്കുന്നു.  എന്നാൽ വെള്ളക്കാരായ  വോട്ടർമാരിലും ട്രംപിന് ഇപ്പോൾ കാര്യമായ പിന്തുണ നിലനിൽക്കുന്നില്ലെന്നു സർവ്വേ വ്യക്തമാക്കി. ആ വിഭാഗത്തിൽ ട്രംപിന് 44 ശതമാനവും ബൈഡനു 43 ശതമാനവും പിൻതുണയുണ്ട്.  അമേരിക്കയിലെ പാർട്ടി അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിലും സ്വതന്ത്ര വോട്ടർമാരിലും ബൈഡനു തന്നെയാണ് കൂടുതൽ സ്വാധീനം. 

അമേരിക്കയിൽ കൊറോണാ വൈറസ് പ്രതിസന്ധി നേരിടുന്നതിലും സാമ്പത്തിക തകർച്ച, വംശീയ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലും ട്രംപിന്റെ നയങ്ങളെ വോട്ടർമാരിൽ ഭൂരിപക്ഷവും അംഗീകരിക്കുന്നില്ല എന്നു ബുധനാഴ്ച പുറത്തിറക്കിയ സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പ് സിഎൻഎൻ ചാനൽ നടത്തിയ സർവേയിലും ബൈഡൻ ട്രംപിനെക്കാൾ 14 പോയൻറ് കൂടുതൽ ജനപിന്തുണ നേടിയതായാണ് കണ്ടെത്തിയത്. 

Leave a Reply