ട്രൂനാറ്റിന്റെ പേരിൽ ഗൾഫുകാരെ പെരുവഴിയിലാക്കിയത് ആര്?
കോഴിക്കോട്: ഗൾഫിൽ നിന്നുള്ള മലയാളികൾ കേരളത്തിലേക്ക് വരും മുമ്പ് കൊവിഡ് വിമുക്ത സർട്ടിഫിക്കറ്റിനായി ട്രൂനാറ്റ് പരിശോധന വേണമെന്ന നിബന്ധന മുഖ്യമന്ത്രി അതു പ്രഖ്യാപിച്ചു ദിവസങ്ങൾക്കകം സർക്കാർ തിരുത്തി. പരിശോധന പ്രായോഗികമല്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചതോടെയാണ് ബുധനാഴ്ച കേരളം നിലപാടു മാറ്റിയത്. കൊവിഡ് ഭീതിയിൽ കഴിയുന്ന ഗൾഫ് മലയാളികളെ കുരങ്ങു കളിപ്പിക്കുന്ന ഈ പരിപാടിയിലേക്കു ആരാണ് മുഖ്യമന്ത്രിയെ നയിച്ചത് എന്ന വിഷയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത സംവിധാനം അവർ ഉപയോഗിക്കണമെന്ന് ഏതു ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നിർദേശിച്ചത്?
വിഷയം വിവാദമായതോടെ ബുധനാഴ്ച സർക്കാർ തീരുമാനിച്ചത് സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന തരം പി പി ഇ കിറ്റ് ഉപയോഗിച്ചാൽ മതിയെന്നാണ്. പക്ഷേ അതും അപ്രായോഗികമാണെന്നു പ്രതിപക്ഷ നേതാക്കൾ പറയുന്നു. വിമാനക്കമ്പനികൾ അത്തരം കിറ്റുകൾ നല്കണമെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ കിറ്റുകൾ ആവശ്യത്തിന് കിട്ടാനില്ല. വില താങ്ങാൻ പ്രവാസികൾക്ക് സാധ്യവുമല്ല .
എന്താണ് യാഥാർത്ഥത്തിൽ സംഭവിച്ചത്? എന്തുകൊണ്ട് ട്രൂനാറ്റ് അപ്രായോഗികം എന്നു കേന്ദ്രസർക്കാർ പറയുന്നു? മുഖ്യമന്ത്രി ഇങ്ങനെയൊരു ടെസ്റ്റ് നിർദേശിക്കുമ്പോൾ അതിന്‍റെ പ്രായോഗിക വശങ്ങൾ എന്തെന്ന് അന്വേഷിക്കുകയുണ്ടായില്ലേ?
ഇതിനുള്ള ഉത്തരം അന്വേഷിക്കുമ്പോൾ കാണുന്നത് ഗൾഫിലെ സാധാരണ മനുഷ്യരുടെ ജീവൻ കൊണ്ടു പന്തു കളിക്കുന്ന ചിലരുടെ ലീലാവിലാസങ്ങളാണ്. കേരളത്തിൽ മെഡിക്കൽ കോളേജുകളിൽ പോലും ട്രൂനാറ്റ് ടെസ്റ്റ് ഇനിയും പ്രയോഗത്തിൽ വന്നിട്ടില്ല. പൊതുവിൽ ആർടി-പിസിആർ എന്ന സമ്പ്രദായവും സമീപ കാലത്തു അമേരിക്കൻ നിർമിത ജീൻ എക്സ്പെർട് മെഷിനുമാണ് രോഗപരിശോധനയുടെ ഭാഗമായി ഉപയോഗിച്ചു വന്നത്. ട്രൂനാറ്റ് മെഷിൻ ഇതിനു പകരമായി ഉപയോഗിക്കുന്നതിനു ലോകാരോഗ്യ സംഘടന അനുമതി നൽകിയത് രണ്ടു മാസം മുമ്പ് ഏപ്രിലിലാണ്. അതിനാൽ ഇന്ത്യയിൽ തന്നെ ഈ ഉപകരണം ഇപ്പോൾ പ്രയോഗത്തിൽ വരുന്നതെയുള്ളു. ഗൾഫ് രാജ്യങ്ങളിൽ അതു പരീക്ഷണാർത്ഥം പോലും ഉപയോഗത്തിൽ എത്തിയിട്ടില്ല. അതിനാൽ ട്രൂനാറ്റ് ടെസ്റ്റ് അവിടെ നടക്കുകയുമില്ല. ഇക്കാര്യമൊന്നും പരിഗണിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഉപദേശകർ ട്രൂനാറ്റ് പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി വരുന്നവർ വിമാനത്തിൽ കേറിയാൽ മതി എന്ന നിർദേശം വെച്ചത്.
ട്രൂനാറ്റ് ടെസ്റ്റ് ഫലപ്രദമാണെന്നു ഏപ്രിലിലാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. തുടർന്ന് മെയ് മാസത്തിൽ ഈ ടെസ്റ്റ് ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്തുന്നതിന് ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസേർച് (ഐസിഎംആർ) അനുമതി നൽകി. നേരത്തെ ടിബി പരിശോധനയുടെ ആവശ്യത്തിനായി ഉപയോഗിച്ച മെഷിൻ ഇപ്പോൾ കൊവിഡ് പരിശോധനക്കും ഇന്ത്യയിൽ ഉപയോഗത്തിലുണ്ട്.
ട്രൂനാറ്റ് ഉപകരണം വികസിപ്പിച്ചെടുത്തത് ഗോവയിലെ മോഐബിയോ എന്ന സ്വകാര്യ സ്ഥാപനമാണ്. ഒറ്റപ്പാലം സ്വദേശി ഡോ. ചന്ദ്രശേഖരൻ എന്ന മലയാളിയാണ് ഈ മെഷിൻ വികസിപ്പിച്ചതെന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഷിൻ ആദ്യമായി ഉപയോഗിച്ചു ടെസ്റ്റുകൾ നടത്തിയ ഒരു ടെക്നീഷ്യൻ പറഞ്ഞു. ഈ മെഷിൻ ഇന്ത്യൻ അവസ്ഥക്ക് പറ്റിയ ഒന്നാണ്. കാരണം ബാറ്ററി ചാർജിൽ എയർകണ്ടിഷൻ സൗകര്യങ്ങൾ ഇല്ലാതെ അതു പ്രവർത്തിപ്പിക്കാൻ കഴിയും. സാധാരണ നിലയിൽ ഒരു ടെക്‌നീഷ്യൻ മാത്രം മതി അതിന്‍റെ പ്രവർത്തനം നടത്താനായി. അതിനാൽ ടിബി അടക്കമുള്ള ഗുരുതരമായ രോഗങ്ങൾ കണ്ടെത്താൻ ഗ്രാമങ്ങളിൽ ഏറ്റവും ഫലപ്രദമാണ് ട്രൂ നാറ്റ് മെഷിൻ എന്നു വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്രവം എടുത്തു ഒരു മണിക്കൂറിനകം റിസൾട് നൽകാനും അതിനു കഴിയും. ചെലവു താരതമ്യേന വളരെ കുറവും. എന്നാൽ ഒരേസമയം നാലു ടെസ്റ്റുകൾ മാത്രമേ അതിൽ നടത്താൻ കഴിയു.
വേഗത്തിൽ ടെസ്റ്റ് റിസൾട്ട് നൽകാനായി നേരത്തെ ആശുപത്രികൾ ഉപയോഗിച്ചു വന്നത് ജീൻ എക്സ്പെർട് എന്ന അമേരിക്കൻ നിർമിത ഉപകരണമാണ്. നാൽപതു മിനിറ്റിൽ റിസൾട്ട് നൽകാൻ അതിനു കഴിയും. ഒറ്റയടിക്ക് 90 ടെസ്റ്റുകൾ നടത്താം. പക്ഷേ എയർകണ്ടിഷൻ സൗകര്യങ്ങൾ വേണം. കൂടുതൽ സ്ഥലസൗകര്യവും അതിനു ആവശ്യമാണ്. അമേരിക്കൻ ഉപകരണത്തിന് 20 ലക്ഷത്തിലേറെ വിലയുണ്ട്. അതേസമയം ഗോവ കമ്പനി 13 ലക്ഷം രൂപയ്ക്കാണ് തങ്ങളുടെ ഉപകരണം വിൽക്കുന്നത്. ഒരു സ്യൂട്കേസിൽ കൊണ്ടുനടക്കാവുന്ന വിധം ഒതുക്കമുള്ള ഉപകരണമാണ് ട്രൂനാറ്റ്.
പക്ഷേ ഗൾഫിൽ അതു ഉപയോഗിച്ചു ടെസ്റ്റ് നടത്താൻ അവിടെയുള്ള സർക്കാരുകൾ അതിനു അംഗീകാരം നൽകണം. വിമാനങ്ങളിൽ നൂറുകണക്കിന് ആളുകൾ വരുന്നതിനാൽ ടെസ്റ്റുകൾ നടത്താൻ ഒരു മെഷിൻ മതിയാവില്ല. ഇതൊന്നും ആരും മുഖ്യമന്ത്രിയുടെശ്രദ്ധയിൽ പെടുത്തിയില്ല എന്നത് അത്ഭുതകരമാണ്. ഇന്ത്യയിൽ ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ ഈ ഉപകരണം വാങ്ങി ടിബി, കോവിഡ് തുടങ്ങിയ ടെസ്റ്റുകൾക്കായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നു വളരെ വ്യത്യസ്തമാണ് ഗൾഫിലെ അന്തരീക്ഷം. അതിനാൽ ട്രൂനാറ്റ് ടെസ്റ്റ് വേണം എന്ന നിർദേശത്തിനു പിന്നിലാര് എന്ന വിഷയം പ്രസക്തമാണ്. ഒരുപക്ഷേ ഗൾഫുകാരുടെ വരവു നീട്ടിക്കൊണ്ടു പോകാനുള്ള ഒരു തന്ത്രമായാണോ ട്രൂനാറ്റിനെ മുഖ്യമന്ത്രി പൊക്കിക്കൊണ്ടു വന്നത് എന്നും ചിലർ