കാലാവസ്ഥാ വകുപ്പിനെ കേരളം കൈവിടുന്നു; വിശ്വാസം സ്വകാര്യ മേഖലയെ
പ്രത്യേക പ്രതിനിധി
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വർഷങ്ങളിൽ രണ്ടു പ്രളയവും ഒരു കൊടുംകാറ്റും നേരിട്ട കേരളം കാലാവസ്ഥാ മുന്നറിയിപ്പിനു സ്വകാര്യ ഏജൻസികളുടെ സഹായം തേടുന്നു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ വകുപ്പുകൾക്കും കാലാവസ്ഥാ മാറ്റങ്ങളെ സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഈ ആവശ്യത്തിനായി സ്വകാര്യ ഏജന്സികളെ സമീപിക്കുന്നതെന്നു ഐഎംഡി (ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെൻറ്) വൃത്തങ്ങൾ പറയുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൂന്നു സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസികളെയാണ് കേരളം കാലാവസ്ഥാ മുന്നറിയിപ്പിനായി ആശ്രയിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്കൈമെറ്റ്, എർത്ത് നെറ്റ്‌വർക്സ്, ഐബിഎം വെതർ കമ്പനി എന്നിവയാണ് സ്വകാര്യ മേഖലയിലെ ഈ സ്ഥാപനങ്ങൾ.
അവയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഫീസ് എന്ന നിലയിൽ 95 ലക്ഷം രൂപയാണ് കേരള സർക്കാർ ചെലവാക്കുന്നത്. ഇതു സംബന്ധമായ സർക്കാർ ഉത്തരവ് കഴിഞ്ഞ ആഴ്‍ച, ജൂൺ 19നാണ് ഇറങ്ങിയത്. കേരളത്തിലെ കാലാവസ്ഥയിൽ വരുന്ന ഗുരുതരമായ മാറ്റങ്ങളെ സംബന്ധിച്ച പ്രവചനങ്ങൾക്കാണ് ഇത്രയും പണം സ്വകാര്യ ഏജൻസികൾക്ക് അനുവദിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു വർഷത്തേക്ക് പൈലറ്റ് പ്രൊജക്റ്റ് എന്ന നിലയിലാണ് മൂന്നു കമ്പനികളുടെയും സേവനം ഉപയോഗപ്പെടുത്തുന്നതെന്നും സംസ്ഥാനത്തിന്‍റെ ഉത്തരവിൽ പറയുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ തഴയാൻ കാരണമായി കേരളം പറയുന്നത് നേരത്തെ കൂടുതൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ കേരളത്തിൽ സ്ഥാപിക്കാമെന്ന ഉറപ്പു ഐഎംഡി പാലിച്ചില്ല എന്നതാണ്. ജൂണിൽ മഴ വരും മുമ്പ് അത്തരം 15 സ്റ്റേഷനുകൾ കൂടി കേരളത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാമെന്നു ഐഎംഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അതു പാലിക്കുകയുണ്ടായില്ല എന്നു കേരളാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏപ്രിലിൽ നടന്ന യോഗത്തിൽ വിലയിരുത്തലുണ്ടായി. അതിന്‍റെ ഫലമായി കൃത്യമായ പ്രവചനത്തിനു വേണ്ട വിവരങ്ങൾ ലഭ്യമാകുകയില്ല എന്നും അതോറിറ്റി കുറ്റപ്പെടുത്തി. ഏപ്രിൽ 30നാണ് അതു സംബന്ധിച്ച സർക്കാർ നോട്ടു തയ്യാറാക്കിയത്.
എന്നാൽ ഐഎംഡി ബന്ധപ്പെട്ട വെതർസ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിനു കാരണം കേരളത്തിലെ ചില ഉദ്യോഗസ്ഥർ തന്നെയാണെന്ന് ഐഎംഡിയിലെ ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. എവിടെ അവ സ്ഥാപിക്കണം എന്ന കാര്യത്തിലാണ് പ്രശ്നങ്ങൾ ഉയർന്നത്. ഓഖി കൊടുംകാറ്റിനു ശേഷം കാലാവസ്ഥാ മുന്നറിയിപ്പിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും കൂടുതൽ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ഐഎംഡി 100പുതിയ ഓട്ടോമേറ്റഡ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എവിടെയാണ് അവ സ്ഥാപിക്കപ്പെടേണ്ടത് എന്നതു സംബന്ധിച്ചു ഐഎംഡിയ്ക്കു വ്യവസ്ഥാപിതമായ മാർഗനിർദേശങ്ങളുണ്ട്. രാജ്യത്തെങ്ങും അതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. എന്നാൽ കേരളത്തിലെ ചില ഉദ്യോഗസ്ഥർ എവിടെ അവ സ്ഥാപിക്കണം എന്നു തങ്ങൾ നിശ്ചയിക്കും എന്ന നിർബന്ധം പിടിച്ചു. അതോടെയാണ് മൺസൂൺ തുടങ്ങുന്നതിന് മുമ്പ് അവ സ്ഥാപിക്കാൻ കഴിയാതെ പോയതെന്ന് ഐഎംഡി വൃത്തങ്ങൾ വിശദമാക്കി.
എന്നാൽ ഈ തർക്കം മുതലെടുത്തു ഒരു കോടിയോളം രൂപ മൂന്നു സ്വകാര്യ ഏജൻസികൾക്കു ഒരു വർഷത്തെ മുന്നറിയിപ്പിനായി നൽകാൻ യുദ്ധകാല അടിസ്ഥാനത്തിലാണ് സെക്രെട്ടറിയറ്റിൽ നീക്കങ്ങൾ നടന്നത്. മൺസൂൺ തുടങ്ങി ആഴ്ചകൾ കഴിഞ്ഞെങ്കിലും ഇക്കൊല്ലത്തെ പ്രവചനത്തിനു വേണ്ടി പണവും അനുവദിച്ചു കഴിഞ്ഞു.
രസകരമായ കാര്യം, കാലാവസ്ഥാ പ്രവചനത്തിൽ ഇന്നു ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഐഎംഡി തന്നെയാണെന്നു വിദഗ്ധർ പൊതുവിൽ അംഗീകരിക്കുന്നു എന്ന വസ്തുതയാണ്. എല്ലാ കൊല്ലവും കൊടുംകാറ്റും പ്രകൃതി ക്ഷോഭങ്ങളും വേട്ടയാടുന്ന ബംഗാളും ആന്ധ്രയും ഒഡിഷയും അടങ്ങുന്ന സംസ്ഥാനങ്ങൾ ഐഎംഡിയെ തന്നെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. അത്തരം സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത പരാതിയുടെ പേരിൽ ഒറ്റയടിക്ക് ഒരു കോടി രൂപ സ്വകാര്യ ഏജൻസികൾക്ക് മറിക്കാനുള്ള കേരളത്തിന്‍റെ നീക്കമാണ് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നത്.