കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ആപ്പുമായി ബീഹാർ

അന്യ സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ കുടിയേറ്റക്കാ രായ തൊഴിലാളികൾ വീണ്ടും തൊഴിലന്വേഷിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുകയില്ലെന്നുറപ്പാക്കാനുള്ള ശ്രമത്തിലാണ് ബീഹാർ സംസ്ഥാന ഗവണ്മെന്റ്. അതിന്‍റെ ഭാഗമായി സംസ്ഥാനത്തു തന്നെ തൊഴിലുകൾ കണ്ടെത്തുന്നതിനും വൈദഗ്ദ്യമനുസരിച്ചുള്ള തൊഴിലുകൾക്കുള്ള അറിയിപ്പുകൾ   ലഭിക്കുന്നതിനുമുള്ള ഒരു സംവിധാനത്തിന്  സംസ്ഥാന വ്യവസായ ഡിപ്പാർട്ടുമെന്‍റെ രൂപം നൽകുകയാണ്. കുടിയേറ്റക്കാരായ തൊഴിലാളികളുടെ വൈദഗ്ധ്യങ്ങളും  വിവിധ വ്യവസായങ്ങൾക്ക് പ്രത്യേകമായുള്ള ആവശ്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് സ്ഥിതിവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ആപ്പ് വികസിപ്പിക്കും. ലോക്ക്ഡൗണിനുശേഷം  സംസ്ഥാനത്ത് തിരിച്ചെത്തിയ തൊഴിലാളികൾക്ക് ഒഴിവുകൾ വരുന്ന മുറക്ക് അവരുടെ വൈദഗ്ധ്യത്തിനു അനുയോജ്യമായ അറിയിപ്പുകൾ ലഭിച്ചു തുടങ്ങും.നിലവിലുള്ള വ്യവസായങ്ങൾ ഇതിനകം തന്നെ അവരുടെ ആവശ്യങ്ങൾ ജില്ലാ വ്യവസായ കേന്ദ്രങ്ങളെ അറിയിച്ചു തുടങ്ങിയതായി  സംസ്ഥാന വ്യവസായ മന്ത്രി ശ്യാം രാജക് മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്ത് തിരിച്ചെത്തിയ തൊഴിലാളികൾ ക്വാറന്റൈനിൽ കഴിയവേ അവരുടെ തൊഴിൽ വൈദഗ്ധ്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ അധികൃതർ ശേഖരിക്കുകയുണ്ടായി. ലോക്ക് ഡൗണിനെ തുടർന്ന് മുപ്പതു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 2.1  ദശലക്ഷത്തിലധികം തൊഴിലാളികൾ  പ്രത്യേക ശ്രമിക് ട്രെയിനുകളിലും മറ്റുള്ളവർ വാഹനങ്ങൾ വാടകക്കെടുത്തോ അല്ലെങ്കിൽ കടുത്ത ചൂടും സഹിച്ച് അൽപ്പമാത്രമായ ഭക്ഷണവും കഴിച്ചു 1000ത്തിലധികം കിലോമീറ്റർ നടന്നുമാണ് തിരിച്ചെത്തിയത്. കുടിയേറ്റ തൊഴിലാളികളുടെ വൈദഗ്ധ്യം മനസ്സിലാകുന്നതിനുള്ള സ്കിൽ മാപ്പിംഗ് പ്രക്രിയ ഒരു മാസത്തിലേറെ നീണ്ടുനിന്നു. തൊഴിൽ വൈദഗ്ധ്യമുള്ളവരും അർദ്ധവൈദഗ്ധ്യമുള്ളവരുമായി 1.6 ദശലക്ഷ്യം ആൾക്കാരെ കണ്ടെത്തിയതായി ബീഹാർ വ്യവസായ ഡിപ്പാർട്ടുമെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു. അവരിൽ 840,000 പേർ  നിർമ്മാണത്തൊഴിലാളികളും 57,000 പേർ തയ്യൽക്കാരും 41,000 പേർ കൽപ്പണിക്കാരും 4,000 പേർ ഭക്ഷ്യ സംസ്കരണ തൊഴിലാളികളും 1,400 പേർ കരകൗശല തൊഴിലാളികളുമാണ്. തയ്യൽക്കാരിലേറെയും ഗുജറാത്ത് , മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വസ്ത്രനിർമ്മാണ ശാലകളിലായിരുന്നു പണിയെടുത്തിരുന്നതെങ്കിൽ മറ്റുള്ളവർ പോർബന്ദർ, സൂററ്റ് (ഗുജറാത്ത്), ബെംഗളൂരു (കർണാടകം), ചെന്നൈ (തമിഴ്‌നാട്), ഡൽഹി എന്നിങ്ങനെയുള്ള നഗരങ്ങളിലുമായിരുന്നു പണിയെടുത്തിരുന്നത്.

Leave a Reply