പൊതു വിദ്യാഭ്യാസം തകരുന്ന ഇന്ത്യ
ഇന്ത്യയിലെ ഗവണ്മെണ്ട് സ്‌കൂളുകളില്‍ പകുതിയോളവും വൈദ്യുതിയോ കളിക്കളമോ ഇല്ലാത്തവയാണെന്ന് വിദ്യാഭ്യാസം സംബന്ധിച്ചുള്ള പാര്‍ലമെണ്ടറി സമിതിയുടെ കണ്ടെത്തല്‍. ബജറ്റില്‍ ആവശ്യത്തിന് തുക ഉള്‍പ്പെടുത്താത്തതും അനുവദിച്ച തുക വിനിയോഗിക്കാത്തതുമാണ് അടിസ്ഥാന സൗകര്യങ്ങളില്‍ സംഭവിക്കുന്ന ഈ വലിയ കുറവിന്‍റെ കാരണമെന്നും സമിതി കണ്ടെത്തി. സ്‌കൂള്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെണ്ട് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ 27% വെട്ടിക്കുറവ് വരുത്തിക്കൊണ്ടാണ് ബജറ്റില്‍ തുക വകയിരുത്തിട്ടുള്ളത്. മാനവ ശേഷി വികസന മന്ത്രാലയത്തിന്‍റെ പാര്‍ലമെണ്ടറി സ്റ്റാണ്ടിങ്ങ് കമ്മിറ്റി 2020-21ല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ഗ്രാന്റ് ആവശ്യപ്പെട്ടു .അത് രാജ്യസഭയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സമിതിയുടെ കണ്ടെത്തൽ. 82,570 കോടി രൂപ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ 59,845 കോടി രൂപ മാത്രമാണ് അനുവദിച്ചത്. കേന്ദ്രത്തിന്‍റെ യും കേന്ദ്രാവിഷ്‌കൃത സംസ്ഥാനതല പദ്ധതികള്‍ക്കുമാണ് 27% വെട്ടിക്കുറവ് വരുത്തിയത്. ഈ പദ്ധതികള്‍ക്ക് പുതുക്കിയ എസ്റ്റിമേറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പ്രകാരം ഗവണ്മെണ്ട് വിദ്യാലയങ്ങളില്‍ അനുഭവപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്‍ കമ്മിറ്റി കടുത്ത നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. 56% സ്‌കൂളുകളില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. ഇക്കാര്യത്തിൽ മണിപ്പൂരും മധ്യപ്രദേശുമാണ് ഏറ്റവും പിന്നില്‍. രണ്ടു സംസ്ഥാനങ്ങളിലും വൈദ്യുതിയുള്ള സ്‌കൂളുകള്‍ 20% ത്തില്‍ താഴെയാണ്. കളിക്കളങ്ങളുള്ള സ്‌കൂളുകള്‍ 57%ത്തില്‍ കുറവാണ്. ഒഡിഷയിലും ജമ്മു-കശ്മീരിലും പ്ലേ ഗ്രൗണ്ടുകള്‍ ഉള്ള സ്‌കൂളുകള്‍ 30% ത്തില്‍ കുറവാണ്. ചുറ്റുമതിലുകള്‍ ഇല്ലാത്ത 40% ത്തോളം സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെയും സ്‌കൂളിന്‍റെ സ്വത്തുക്കളുടെയും സുരക്ഷിതത്വത്തിനു ഭീഷണി ഉയര്‍ത്തുന്നുവെന്നും പാർലമെണ്ടറി സമിതി ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകള്‍ക്ക് ചുറ്റുമതിലുകള്‍ നിര്‍മിക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായും സോളാര്‍ വൈദ്യുതിയും മറ്റു പാരമ്പര്യേതര വൈദ്യുതിയും എത്തിക്കുന്നതിനായി ന്യൂ ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി മന്ത്രാലയവുമായും മാനവശേഷി വികസന മന്ത്രാലയം സഹകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവണ്മെണ്ട് ഹയര്‍ സെക്കണ്ട റി സ്‌കൂളുകളെ ശക്തിപ്പെടുത്തുന്നതിനായി ക്ലാസ് മുറികളും ലാബുകളും ലൈബ്രറികളും നിര്‍മ്മിക്കുന്നതില്‍ കാട്ടുന്ന പരിതാപകരമായ അനാസ്ഥക്ക് ഗവണ്മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച സമിതി 2019-20ല്‍ അനുവദിച്ച 2,613 പദ്ധതികളില്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ 9 മാസങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാലവിളംബം വിദ്യാര്‍ത്ഥികളെ ഗവണ്മെന്‍റെ സ്‌കൂളുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനിടയാക്കുമെന്നും കമ്മിറ്റി ഓർമിപ്പിക്കുന്നു. 2019-20ല്‍ ഗവണ്മെന്‍റെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പുതുതായി 1,021 ക്ലാസ് മുറികള്‍ അനുവദിക്കുകയുണ്ടായെങ്കിലും 2019 ഡിസംബര്‍ 31 വരെയുള്ള സമയത്ത് ഒരു ക്ലാസ് മുറിപോലും പണിതിരുന്നില്ല. 1,343 ലാബുകള്‍ക്കായി പണം അനുവദിച്ചിരുന്നുവെങ്കിലും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഭാഗങ്ങളില്‍ ഓരോ ലാബ് വീതമാണ് സ്ഥാപിച്ചത്. 135 ലൈബ്രറികള്‍ക്കും 74 ആര്‍ട്‌സ്, ക്രാഫ്റ്റ്, കള്‍ച്ചര്‍ മുറികള്‍ക്കും പണം അനുവദിച്ചിരുന്നുവെങ്കിലും സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും ഒരെണ്ണം പോലും സ്ഥാപിച്ചിട്ടില്ല. സെക്കണ്ടറി സ്കൂള്‍ സ്ഥിതി മെച്ചമാണ്. അവിടെ ലക്ഷ്യമിട്ടിരുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ 70-75% വും ഡിസംബറോടെ പൂര്‍ത്തിയായി. എന്നാല്‍ അംഗ പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ടോയ്‌ലറ്റുകള്‍, റാംപുകള്‍ എന്നിവ ലക്ഷ്യമിട്ടിരുന്നതിന്റെ 5% പോലും പൂര്‍ത്തിയായിട്ടില്ല. പ്രൈമറി സ്‌കൂളുകളില്‍ ലക്ഷ്യമിട്ടിരുന്ന 90-95 % അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയായി. വളരെ പ്രധാനപ്പെട്ട സമഗ്ര ശിക്ഷാ പദ്ധതിക്കായി 2019 ഡിസംബര്‍ 31 വരെ ഡിപ്പാര്‍ട്ടുമെന്റ് ചിലവഴിച്ചത് പരിഷ്‌ക്കരിച്ച എസ്റ്റിമേറ്റ് തുകയുടെ 71% മാത്രമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കും വിധം അടിസ്ഥാന സൗകര്യ നിര്‍മ്മാണങ്ങള്‍ വളരെ വേഗം പൂര്‍ത്തിയാക്കാന്‍ മാനവശേഷി വികസന മന്ത്രാലയത്തോട് പാര്‍ലമെണ്ടറി കമ്മിറ്റി ആ വശ്യപ്പെട്ടു. ഇത്തരം സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്നിലെത്തിയ സംസ്ഥാനങ്ങളെ കേന്ദ്രം മാതൃകയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തത് വിദ്യാര്‍ത്ഥികളെ ഗവണ്‍മെന്റ് സ്കൂളുകളില്‍ നിന്നും അകറ്റുമെന്നതിനു പുറമെ നിര്‍മ്മാണം വൈകും തോറും അവയുടെ ചിലവുകള്‍ വര്‍ദ്ധിക്കുകയും അത് രാജ്യത്തിന്‍റെ വിഭവശേഷിക്ക് മേൽ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. |

