വാരിയൻകുന്നത്ത്: ചരിത്രപുരുഷനും വിവാദനായകനും

കോഴിക്കോട്: അടുത്തവർഷം 1921ലെ മലബാർ കലാപത്തിന്‍റെ ശതാബ്ദി വേളയിൽ  തീയേറ്ററുകളിൽ എത്തുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയ  സിനിമ വിവാദമായി. കലാപത്തിലെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായ കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ സിനിമയാക്കുന്നത് ആഷിഖ് അബുവും മുഹ്‌സിൻ പരാരിയും ഒരുമിക്കുന്ന ടീമാണ്. പൃത്വിരാജ്‌ അതിൽ നായകനായി അഭിനയിക്കും.

സിനിമയുടെ നേരെ ഇതിനകം പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത് സംഘപരിവാര പ്രസ്ഥാനങ്ങളാണ്. വാരിയൻകുന്നത്ത് അടക്കമുള്ള കാലപനേതാക്കൾ  പ്രദേശത്തെ ഹിന്ദുക്കളെ  ഉപദ്രവിക്കുകയും നിരവധി ആളുകളെ ഇസ്ലാമിലേക്ക് ബലാൽക്കാരമായി മതപരിവർത്തനം നടത്തുകയും ചെയ്തു എന്നാണ് അവരുടെ ആരോപണം. അതിനാൽ കലാപനായകരെ ആഘോഷിക്കുന്ന ചിത്രീകരണം   അനുവദിക്കുകയില്ല എന്നാണ് ഓൺലൈൻ പ്രചാരണം പറയുന്നത്.

സിനിമയുടെ പ്രവർത്തകർ ആരോപണങ്ങൾ നിഷേധിക്കുന്നു. സിനിമയുടെ   തിരക്കഥ തയ്യാറാക്കുന്നത് ചരിത്രരേഖകൾ വിശദമായി പരിശോധിച്ചതിന്റെ  അടിസ്ഥാനത്തിലാണെന്ന് മുഹ്‌സിൻ പരാരി പറയുന്നു. അതിനായി ഇന്ത്യയിലും വിദേശത്തുമുള്ള രേഖാസഞ്ചയങ്ങൾ പരിശോധിക്കുകയും ചരിത്ര ഗവേഷകരുമായി സംസാരിക്കുകയും ചെയ്തതായി സിനിമാ പ്രവർത്തകർ പറയുന്നു. ഏതാനും വർഷം മുമ്പ് ഐ വി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമ ഈ കലാപത്തിന്റെ പശ്ചാത്തലത്തിൽ നിർമിക്കപ്പെട്ട  കലാസൃഷ്ടിയാണ്. അന്തരിച്ച തിരക്കഥാകൃത്ത് ടി ദാമോദരനാണ് അതിന്റെ തിരക്കഥ തയ്യാറാക്കിയത്. സമീപകാലത്തു പുറത്തുവന്ന പഴശ്ശിരാജയുടെ വൻവിജയത്തിനു ശേഷം മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾ അടിസ്ഥാനമാക്കിയ മറ്റൊരു സിനിമയാണ് വാരിയൻകുന്നത്തിലൂടെ പുറത്തുവരുന്നത്. എം ടി വാസുദേവൻ നായരാണ് പഴശ്ശിരാജയുടെ തിരക്കഥ തയ്യാറാക്കിയത്.

വാരിയൻകുന്നത്തിന്‍റെ  ജീവിതം സംബന്ധിച്ച നിരവധി ഐതിഹ്യങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയായിരുന്ന ഏറനാട് പ്രദേശങ്ങളിൽ ഇന്നും സജീവമാണ്. മഞ്ചേരിയിൽ ഒരു പോത്തുവണ്ടിക്കാരനായാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. 1830കൾ മുതൽ മലബാറിലെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ   നിരവധി ബ്രിട്ടിഷ് വിരുദ്ധ കലാപങ്ങൾ നടന്നിരുന്നു. മഞ്ചേരിയിൽ അത്തൻ ഗുരുക്കളും ശിഷ്യന്മാരും നടത്തിയ പോരാട്ടം അത്തരതിലൊന്നാണ്‌. പ്രധാനമായും ജന്മിമാരുമായും അവർക്കു പിന്തുണ നൽകിയ  ബ്രിട്ടീഷ് അധികാരികളുമായാണ് സമരക്കാർ പോരാടിയത്. അതിന്റെ ഭാഗമായി 1857ൽ കോഴിക്കോട്ടു  കളക്ടറുടെ വസതിയിൽ അതിക്രമിച്ചു കടന്ന മൂന്ന് കലാപകാരികൾ കളക്ടർ എച്ച് വി കൊണോലിയെ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. അതിന്റെ പേരിൽ നിരവധി ഗ്രാമങ്ങളിൽ ബ്രിട്ടീഷ് കൂട്ടക്കൊലയും അതിക്രമങ്ങളും നടന്നു. ഗ്രാമങ്ങളിൽ  കൂട്ടപ്പിഴ ചുമത്തി. ആയിരക്കണക്കിന് ആളുകളെ അന്തമാനിലേക്കു നാടുകടത്തി.

ഈ പശ്ചാത്തലത്തിലാണ് 1921 ആഗസ്റ്റിലെ കലാപം ആരംഭിക്കുന്നത്. മലപ്പുറത്തും മഞ്ചേരിയിലും സർക്കാർ  സ്ഥാപനങ്ങൾ ആക്രമിച്ചു രേഖകൾ നശിപ്പിച്ചു. സർക്കാർ ഖജനാവ് കൊള്ള ചെയ്തു [പലേടങ്ങളിലും ബ്രിട്ടിഷ്‌ സേനയും കലാപകാരികളും ഏറ്റുമുട്ടി. ആയിരക്കണക്കിന് ആളുകൾക്ക് ജീവനാശമുണ്ടായി. ഡസൻ കണക്കിന് ബ്രിട്ടീഷ്‌ സൈന്യങ്ങളും  ഏറ്റുമുട്ടലിൽ മരിച്ചു. ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ചേക്കുട്ടി സാഹിബിനെ വാരിയൻകുന്നത്തിന്റെ നേതൃത്വത്തിൽ പിടികൂടി തലയറുത്തു ശിരസ്സുമായി  കലാപകാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി.

കലാപകാലത്തു ആറുമാസത്തോളം കലാപകാരികളുടെ ഖിലാഫത്തു ഭരണം ഏറനാട് ഗ്രാമങ്ങളിൽ നടപ്പാക്കുകയുണ്ടായി. വിമോചിത പ്രദേശങ്ങളിലൂടെ  യാത്ര ചെയ്യാനുള്ള അനുമതിപത്രം വാരിയൻകുന്നതിന്റെ ഭരണകൂടമാണ്  നൽകിയതെന്നു ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കലാപകാരികളിൽ പലരും കൊള്ളയടിയും അക്രമങ്ങളും തുടങ്ങിയപ്പോൾ അവർക്കെതിരെ കർശനമായ ശിക്ഷ നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ കലാപത്തിന്റെ അവസാനനാളുകളിൽ  പലേടത്തും മേൽജാതി ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുകയുണ്ടായെന്നും ചരിത്രകാന്മാർ പറയുന്നു .കൊന്നാറ തങ്ങൾ അടക്കമുള്ള ചില നേതാക്കൾ ബലാൽക്കാരമായി മത പരിവർത്തനം നടത്തിയതായും കലാപത്തെപ്പറ്റി പഠനം നടത്തിയ ഡോ.കെ എൻ പണിക്കർ, ഡോ.എം ഗംഗാധരൻ തുടങ്ങിയവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കലാപത്തിന്റെ പ്രധാന നേതാക്കൾ ആലി  മുസലിയാർ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി തുടങ്ങിയവരെ ബ്രിട്ടീഷ് പട്ടാളമാണ് പിടികൂടിയത്. .വിചാരണക്ക് ശേഷം സേലം ജയിലിലാണ് അവരെ തൂക്കിലേറ്റിയത്. 

Leave a Reply