ഇന്ത്യയില്‍ 14 കോടി നഗരവാസികള്‍ ദാരിദ്ര്യത്തിന്‍റെ വക്കിൽ

നല്ല കാലത്തുപോലും ഇന്ത്യയിലെ ദരിദ്രർ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടുന്ന പാട് നമുക്കറിയാം. എന്നാല്‍ വ്യാപാര വ്യവസായ തൊഴില്‍ മേഖലകള്‍ സ്തംഭനാവസ്ഥയില്‍ ഉഴലുന്ന ഈ ഘട്ടത്തില്‍ അവരുടെ അവസ്ഥ അതി ശോചനീയമാവുമെന്നതില്‍ തര്‍ക്കമുണ്ടാകില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ലോക് ഡൌണ്‍ ഏറ്റവും വലിയ ആഘാതമേൽപ്പിച്ചിട്ടുള്ളത് നഗരങ്ങളിലെ ദരിദ്രർക്ക് മേലാണ്. 

കൃത്യമായി പറയുക പ്രയാസമാണെങ്കിലും ഔദ്യോഗിക കണക്കുകൾ വിശകലനം ചെയ്യുമ്പോൾ തെളിയുന്ന ഒരു ചിത്രമുണ്ട്. ഇന്ത്യയിലെ 30%ത്തോളം നഗരവാസികൾക്ക് അവരുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെടുകയാണ്. ജൂൺ അവസാനമാകുമ്പോഴേക്കും അത്യാവശ്യ ചിലവുകൾ നിർവഹിക്കാൻ പോലും  കഴിയാത്ത സ്ഥിതിയിലവരെത്തും. അതേസമയം ഗ്രാമീണ മേഖലയിലെ ദരിദ്രരെയും സ്ഥിതി സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും അവർ താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലാണ്. അവർക്ക് കുറച്ചു സമ്പാദ്യവും അതിനു പുറമെ ക്ഷേമനടപടികളുടെ ആനുകൂല്യവുമുണ്ട്. 

ലോക് ഡൌണ്‍ 84% കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടാക്കിയെന്നാണ് സർവേയിൽ തെളിഞ്ഞത്. വരുമാനം കുറഞ്ഞപ്പോൾ അവശ്യ ചിലവുകൾ നിർവഹിക്കുന്നത് സമ്പാദ്യങ്ങൾ ചിലവഴിച്ചു കൊണ്ടാണ്. നഗരങ്ങളിലെ ദരിദ്രരുടെ പക്കലുണ്ടായിരുന്ന സമ്പാദ്യം കാലിയാകുന്നത് വളരെ വേഗതയിലാണ്. ഇത് മനസ്സിലാക്കണമെങ്കിൽ ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 50% പേരുടെ വരുമാനത്തിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും ലോക് ഡൌണ്‍ കാലത്തുണ്ടായ കുറവ് പ്രത്യേകമായി വിലയിരുത്തണം. 

ഏപ്രിൽ മുതൽ  ജൂൺ വരെ മൂന്നു ഘട്ടങ്ങളിലായുള്ള ലോക്ക്ഡൌൺ കാലത്ത് നഗരങ്ങളിൽ ശരാശരി 88%വും ഗ്രാമങ്ങളിൽ 66%വുമാണ് പരമാവധി സംഭവിച്ച വരുമാനക്കുറവെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിൽ ലോക് ഡൌണ്‍ നഗരങ്ങളുടെയത്രയും കടുപ്പമുള്ളതായിരുന്നില്ല. ഏറ്റവും കുറഞ്ഞത് നഗരപ്രദേശങ്ങളിൽ 62%വും ഗ്രാമീണ മേഖലയിൽ 50%വുമാണ് വരുമാനം കുറഞ്ഞതെന്നു കണക്കാക്കിയാൽ പോലും നഗര പ്രദേശങ്ങളിലെ 92 മില്യൺ ഇന്ത്യക്കാരും (നഗരജനസംഖ്യയുടെ 20%) ഗ്രാമപ്രദേശങ്ങളിലെ 89 മില്യൺ ഇന്ത്യക്കാരും (ഗ്രാമീണ ജനസംഖ്യയുടെ 10%)  21 ദിവസങ്ങൾ നീണ്ട ആദ്യ ലോക് ഡൌണ്‍ ഘട്ടത്തിൽത്തന്നെ അത്യാവശ്യ കാര്യങ്ങൾക്കു പോലും പണം ചിലവഴിക്കാൻ കഴിയാത്ത വിധം സമ്പാദ്യമില്ലത്തവരായി മാറി.  

കർഷകർക്ക് ഗവണ്മെന്‍റെ നൽകിയ പിന്തുണയും ഗ്രാമീണ മേഖലയിലെ സമ്പദ്ഘടന വേഗത്തിൽ വീണ്ടും തുറന്നതും കാരണം ഗ്രാമീണ ഇന്ത്യക്കാർക്ക് ജൂൺ അവസാനം വരെയുള്ള അവരുടെ അത്യാവശ്യ ചിലവുകൾ നടത്താൻ കഴിയും. എന്നാൽ നഗരങ്ങളിലെ 139 മില്യൺ ഇന്ത്യക്കാർ (നഗര ജനസംഖ്യയുടെ 30%) ജൂൺ അവസാനമാകുമ്പോഴേക്കും അവരുടെ നിത്യചിലവുകൾ നടത്താൻ കഴിയാത്ത വിധം സമ്പാദ്യങ്ങൾ തീർന്നു പോയവരായി മാറും. 

അവശ്യ സാധനങ്ങൾക്കായി കൂടുതൽ ചിലവഴിക്കണമെന്നതിനാലും സമ്പാദ്യം വളരെ കുറവാണെന്നതിനാലും നഗരങ്ങളിലെ ദരിദ്രരാണ് കൂടുതൽ ആഘാതത്തിന് ഇരയാകുന്നത്. നഗരങ്ങളിലെ ദരിദ്രരായ 20% പേർക്ക്  ഗ്രാമീണ മേഖലകളിലെ ദരിദ്രരെ അപേക്ഷിച്ച് സമ്പാദ്യത്തുക കുറവാണെന്നും അത്യാവശ്യ കാര്യങ്ങൾക്കായി അവർക്ക് കൂടുതൽ പണം ചിലവഴിക്കേണ്ടതായിവരുന്നുവെന്നുമാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്.

ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്ന സമ്പാദ്യവും ജൂൺ അവസാനമുണ്ടാകുന്ന സമ്പാദ്യവും

Leave a Reply