ചൈനാ അതിർത്തി: പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പിന്നിലെന്ത് ?

ന്യൂദൽഹി:  വെള്ളിയാഴ്ച വൈകിട്ട്  നടന്ന അഖിലകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സജീവമായ കൗതുകം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയുടെ അതിർത്തിക്കകത്തു ഒരു കയ്യേറ്റവും നടന്നിട്ടില്ലെന്നും ഒരു തരി  മണ്ണു പോലും നഷ്ടമായിട്ടില്ലെന്നുമാണ് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്.

ഇതു കഴിഞ്ഞ ഒരുമാസത്തിലേറെയായി  ചൈനാ അതിർത്തിയിൽ നിലനിൽക്കുന്ന വസ്തുതകൾക്ക് വിരുദ്ധമാണെന്ന് രാഹുൽഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചതോടെ വിഷയത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസിനും അതിനുശേഷം വിദേശകാര്യ മന്ത്രാലയത്തിനും പ്രസ്താവനകൾ ഇറക്കേണ്ടിവന്നു. ഇരുസേനകളും തമ്മിലുള്ള സംഘർഷത്തിൽ ആൾനാശമുണ്ടായ ഗൾവാൻ താഴ്വരയിലെ സ്ഥിതിയെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ്  വിശദീകരിച്ചു. അതിർത്തിയിൽ ഏതാനും പ്രദേശങ്ങളിൽ ചൈനയുടെ കയ്യേറ്റമുണ്ടെന്നും അതു  പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയവും ശനിയാഴ്ച വിശദീകരിച്ചു.

എന്തുകൊണ്ടു രണ്ടു ദിവസത്തിൽ രണ്ടു തവണ വിശദീകരിക്കേണ്ടി വന്ന  തരത്തിലുള്ള ഒരു പ്രസ്താവന പ്രധാനമന്ത്രി യോഗത്തിൽ നടത്തി എന്ന വിഷയമാണ് ഇപ്പോൾ രാഷ്ട്രീയ -നയതന്ത്ര -സൈനിക തലങ്ങളിലും ലോക മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെടുന്നത്. ചൈനീസ് മാധ്യമങ്ങൾ പ്രധാനമന്ത്രിയുടെ പ്രസ്താവന വളരെ വിശദമായിത്തന്നെ കൊടുത്തിട്ടുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന്‌ അതിക്രമം ഉണ്ടായിട്ടില്ല എന്ന അവരുടെ നിലപാടിനെ സാധൂകരിക്കുന്നതാണ്  മോദിയുടെ പ്രസ്താവന എന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ ഗ്ലോബൽ ടൈംസ് വിശദീകരിക്കുന്നു .സംഘർഷം പടരുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് മോദി നടത്തുന്നത്. അക്രമം തടയാൻ ഇന്ത്യൻ സേനകൾക്കു പൂർണ സ്വാതന്ത്ര്യം നൽകി എന്നു പറയുമ്പോഴും തർക്കങ്ങൾക്ക്  പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങൾക്കു ശക്തി പകരുന്നതാണ് പ്രധാനമന്തിയുടെ പ്രസ്‌താവന എന്നു ചൈനീസ് പത്രം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ ചൈനക്കെതിരെ ജനവികാരം ഇളക്കി വിടാൻ ശ്രമിക്കുന്നുണ്ടെന്നും അതിനെ പ്രതിരോധിച്ചു ഇന്ത്യയുടെ തന്ത്രപരമായ ദീർഘകാല താല്പര്യങ്ങൾ സംരക്ഷിക്കാനാണ് മോദിയുടെ ശ്രമമെന്നും പത്രം വിലയിരുത്തുന്നു. ചൈനയുമായുള്ള തർക്കങ്ങൾ പരിഹരിക്കാനാണ് അദ്ദേഹം മുൻതൂക്കം നൽകുന്നത് എന്നും പത്രം പറയുന്നു.

അതേസമയം ചൈനയെ ശക്തമായി നേരിടണമെന്നും ചൈനീസ് ഇറക്കുമതി പൂർണമായും ഒഴിവാക്കണമെന്നും സാമ്പത്തിക കരാറുകൾ   അവസാനിപ്പിക്കണമെന്നും ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ പ്രചാരണം നടത്തുന്നുണ്ട്. വിശ്വ ഹിന്ദു  പരിഷത്ത്, സ്വദേശി ജാഗരൺ മഞ്ച് തുടങ്ങിയ സംഘപരിവാര പ്രസ്ഥാനങ്ങളാണ് അത്തരം ആവശ്യങ്ങൾ ഉയർത്തുന്നത്. അതു നിലവിലുള്ള ആഗോള പശ്ചാത്തലത്തിൽ ഇന്ത്യയെ കൂടുതൽ അമേരിക്കൻ പക്ഷത്തേക്ക് ഉന്തിനീക്കുമെന്നും അങ്ങനെവന്നാൽ ചൈനയുടെ ഭീഷണി കൂടുതൽ ഗുരുതരമായ നിലയിലേക്കു മാറുമെന്നും സർക്കാരിൽ തന്നെ വിലയിരുത്തലുണ്ട്.

ഇരുരാജ്യങ്ങൾക്കിടയിലുമുള്ള പ്രശ്നങ്ങളിൽ   ഇടപെടാൻ അമേരിക്ക നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തർക്കത്തിൽ  മധ്യസ്ഥത ഏറ്റെടുക്കാനുള്ള താല്പര്യം കഴിഞ്ഞമാസം തന്നെ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് തുറന്നു പറഞ്ഞു. എന്നാൽ ഉഭയകക്ഷി  പ്രശ്നങ്ങളിൽ പുറത്തുനിന്നു ആരും ഇടപെടേണ്ടതില്ല എന്നു ഇന്ത്യയും ചൈനയും അമേരിക്കൻ നിലപാടിനോട് പ്രതികരിച്ചു. ഇന്നലെ വീണ്ടും വിഷയത്തിൽ ഇടപെടാനുള്ള താല്പര്യം ട്രംപ് പ്രകടിപ്പിക്കുകയുണ്ടായി. ഇന്ത്യാ -ചൈനാ അതിർത്തിയിൽ പ്രശ്‍നം ഗുരുതരമാണെന്നും പരിഹാരത്തിന് അമേരിക്ക ശ്രമങ്ങൾ നടത്തുന്നു എന്നുമാണ് ശനിയാഴ്ച ട്രംപ് പറഞ്ഞത്. അമേരിക്കൻ  വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും വിഷയത്തിൽ ഇടപെട്ടു പ്രസ്താവന നടത്തി. ചൈനയുടെ ഭാഗത്തു നിന്നുള്ള കയ്യേറ്റമാണ് നടന്നതെന്നും മേഖലയിൽ മേധാവിത്വം നേടാനുള്ള ചൈനയുടെ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും പോംപിയോ പറഞ്ഞു. ദക്ഷിണ ചൈനാക്കടലിലും മേഖലയിലെ മറ്റു പ്രദേശങ്ങളിലും ചൈന കയ്യേറ്റം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രശ്നത്തെ  അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടു വരാനുള്ള നീക്കങ്ങളെ ഇന്ത്യ വളരെ കരുതലോടെയാണ് വീക്ഷിക്കുന്നത്. പ്രാദേശിക പ്രശ്‍നം  എന്നനിലയിൽ തർക്കം പരിഹരിക്കാനാണ്  സർക്കാർ ശ്രമിക്കുന്നത് എന്നും വ്യക്തമാണ്. അതിനാലാണ് ചൈനയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്നു പ്രധാനമന്തി ഒഴിഞ്ഞു നിന്നത്. ഈയാഴ്ച നടക്കുന്ന റഷ്യ-ചൈന – ഇന്ത്യാ വിദേശകാര്യ മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യ പങ്കെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കാനും അതുതന്നെയാണ് കാരണം. 

Leave a Reply