കോവിഡ് വാക്സിൻ ആഗോളമത്സരത്തിൽ ഇന്ത്യയ്ക്ക് വൻസാധ്യതകൾ
പുനെ: പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇന്ന് ലോകമാധ്യമങ്ങളുടെ കണ്ണിലുണ്ണിയാണ്. കാരണം കോവിഡിനെ ചെറുക്കാനായി നിർമിക്കപ്പെടുന്ന വാക്‌സിൻ കോടിക്കണക്കിന് ഡോസുകൾ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള അപൂർവം സ്ഥാപനങ്ങളിലൊന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ബ്രിട്ടനിലെ അസ്ത്ര സെനെക്കാ കമ്പനിയുമായി ചേർന്ന് കൊവിഡിനെ ചെറുക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന ഒരു വാക്‌സിന്റെ ഉത്പാദനം ഇതിനകം തന്നെ കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ഒക്ടോബർ ആവുമ്പോഴേക്കും 40 കോടി ഡോസ് മരുന്ന് ഇവിടെ ഉത്പാദിപ്പിച്ചു കഴിയും. മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം ഇപ്പോൾ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നടന്നുവരികയാണ്.
വാക്‌സിൻ ഫലപ്രദമാണോ എന്ന കാര്യത്തിൽ ആഗസ്റ്റ് മാസത്തിൽ അന്തിമ തീരുമാനമാവും. അതിനുശേഷം ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെയും ഇന്ത്യൻ സർക്കാരിന്റെയും അനുമതി ലഭ്യമാകണം. അതോടെ മരുന്ന് കമ്പോളത്തിൽ എത്തിക്കാൻ കഴിയുമെന്ന് സെറം ഇൻസ്റ്റിട്യൂട്ടിന്റെ തലവൻ അദാർ പൂനവാല പറയുന്നു. തങ്ങൾ ഉല്പാദിപ്പിക്കുന്ന മരുന്നിൽ പകുതി ഇന്ത്യയിൽ ലഭ്യമാക്കും. ബാക്കി മറ്റു വികസ്വര രാജ്യങ്ങൾക്കു നൽകുമെന്നും 39കാരനായ പൂനവാല അറിയിക്കുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ലോകരാജ്യങ്ങളിൽ അതിനു മറുമരുന്നു കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമായി നടക്കുകയാണ്. നൂറുകണക്കിന് കോടി ഡോളറാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും അതിനായി ഇതിനകം ചെലവാക്കിയിരിക്കുന്നത്. പന്ത്രണ്ടു രാജ്യങ്ങളിൽ 130 കോവിഡ് വാക്‌സിനുകൾ ഇപ്പോൾ പരീക്ഷണത്തിന്റെ പല ഘട്ടങ്ങളിലായി നിലവിലുണ്ട് എന്നു ജർമൻ പ്രസിദ്ധീകരണമായ ദേർ സ്പീഗൽ ഈയാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അമേരിക്ക, ചൈന, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് വാക്‌സിൻ ഗവേഷണ രംഗത്ത് മുൻനിരയിലുള്ളത്. മത്സരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കമ്പനികളിൽ ജർമനിയിലെ ക്യൂർവാക്, അമേരിക്കയിലെ മോഡേണ എന്നിവ ഉൾപ്പെടുന്നു. അമേരിക്കൻ കമ്പനികളായ ജോൺസൺ & ജോൺസൺ, മെർക്, ബ്രിട്ടീഷ് കമ്പനി ഗ്ലാക്സോ സ്മിത്ക്ളീൻ, ഫ്രാൻസിലെ സനോഫി തുടങ്ങിയ കമ്പനികളും പരീക്ഷണത്തിട്നെ പല ഘട്ടങ്ങളിലാണ്. പ്രീക്ലിനിക്കൽ, ക്ലിനിക്കൽ ഘട്ടങ്ങൾ പൂർത്തിയായാൽ മരുന്ന് കമ്പോളത്തിലിറക്കാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ അനുമതി ലഭിക്കണം. അതിനുശേഷം മാത്രമേ വ്യവസായാടിസ്ഥാത്തിൽ മരുന്ന് നിർമാണം ആരംഭിക്കാനാവു. ഇത് സാധാരണ നിലയിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്.
എന്നാൽ കോവിഡ് മരുന്ന് ഗവേഷണതിൽ കാര്യങ്ങൾ മാറിമറിഞ്ഞു. എത്രയും വേഗം മരുന്ന് വികസിപ്പിക്കാനും അതു കമ്പോളത്തിലെത്തിക്കാനുമാണ് കമ്പനികൾ ശ്രമിക്കുന്നത്. കാരണം അത്ര വിപുലമായ വിപണന സാധ്യതകളാണ് ഇന്നത്തെ മഹാമാരിയുടെ അന്തരീക്ഷം അവർക്കു മുന്നിൽ തുറന്നു വെക്കുന്നത്. സർക്കാരുകൾക്കാകട്ടെ എത്രയും വേഗം തങ്ങളുടെ ജനങ്ങളെ ആപത്തിൽ നിന്നു രക്ഷപ്പെടുത്തി സാമ്പത്തികരംഗം ഭദ്രമാക്കണം എന്ന ആലോചനയാണ്.
അക്കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഒരു കടുത്ത മത്സരം തന്നെ നടക്കുകയാണ്. ജർമനിയിലെ ട്യൂബിൻഗെൻ ആസ്ഥാനമായ ക്യൂർവാക് കമ്പനിയുടെ മരുന്നു പൂർണമായും അമേരിക്കയ്ക്ക് മാത്രം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡണ്ട് ട്രംപ് കമ്പനിയെ സമീപിച്ചത് വലിയ വിവാദമായി. കമ്പനിയെ അങ്ങനെത്തന്നെ അമേരിക്കയിലേക്ക് കടത്താനാണ് ട്രംപ് ശ്രമിച്ചത്. അതു തടയാനായി ജർമൻ സർക്കാർ കമ്പനിയുടെ 23 ശതമാനം ഓഹരികൾ വാങ്ങിയിരിക്കുകയാണ്.
ബ്രിട്ടനിൽ അസ്ത്ര സെനേക്കാ കമ്പനി തങ്ങളുടെ ഗവേഷണത്തിലുള്ള മരുന്നിന്റെ നിർമാണം ഇപ്പോൾത്തന്നെ തുടങ്ങിയിരിക്കുകയാണ്.കമ്പോളത്തിൽ ആദ്യം എത്തുക തന്നെയാണ് ലക്ഷ്യം. എന്നാൽ തങ്ങളുടെ മരുന്ന് ധനികരാജ്യങ്ങൾക്കു മാത്രമല്ല, ദരിദ്രരാജ്യങ്ങൾക്കും തുല്യഅളവിൽ വിഭജിച്ചു നൽകും എന്നു കമ്പനി ഉറപ്പു നൽകുന്നു. അതിനായി ഗവി, ബിൽ & മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി അവർ കരാറിലെത്തിയിട്ടുമുണ്ട്.
മത്സരത്തിൽ ചൈനയും പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു. ചൈനയിൽ ബീജിങിലും വുഹാനിലുമുള്ള രണ്ടു ലബോറട്ടറികളിൽ വാക്‌സിൻ പരീക്ഷണം വളരെ പുരോഗതി പ്രാപിച്ചതായി ദേർ സ്പീഗൽ പറയുന്നു. .സർക്കാർ നിയന്ത്രണത്തിലാണ് അവിടെ ഗവേഷണം നടക്കുന്നത്. തങ്ങൾ വികസിപ്പിക്കുന്ന മരുന്ന് ഒരു ആഗോള സമ്പത്തായാണ് കണക്കാക്കുകയെന്നും ലോകത്തിന്റെ ഉപയോഗത്തിനു അതു പൂർണമായി ലഭ്യമാക്കുമെന്നും ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ് ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. പേറ്റന്റ് നിയന്ത്രണങ്ങൾ ഒഴിവാക്കി മരുന്ന് മറ്റു രാജ്യങ്ങൾക്കും നിർമിക്കാൻ അനുമതി നൽകാനാണ് ചൈന തീരുമാനിച്ചതെന്നു ചിലർ പറയുന്നു.
ആരാദ്യം മരുന്ന് കണ്ടെത്തിയാലും അതിന്റെ വ്യാവസായിക ഉല്പാദനത്തിൽ ചൈനയും ഇന്ത്യയും സുപ്രധാനമായ പങ്കു വഹിക്കും എന്നു തീർച്ചയാണ്. കാരണം മരുന്ന് നിര്മാണത്തിനുള്ള അടിസ്ഥാന ഘടകങ്ങളും മൂലകങ്ങളും ഇപ്പോൾ വൻതോതിൽ നിർമ്മിക്കപ്പെടുന്നത് ഈ രണ്ടു രാജ്യങ്ങളിലാണ്. ആഗോള മഹാമാരികളുടെ കാലത്തു ലോകം മരുന്നിനായി ചൈനയെയും ഇന്ത്യയേയും ഉറ്റുനോക്കേണ്ടി വരും എന്നാണ് കമ്പോള നിരീക്ഷകർ പറയുന്നത്. കാരണം ലോകത്തെ 700 കോടി ജനങ്ങൾക്കു അത്യാവശ്യമായ വാക്‌സിനാണിത്. അതു നിർമിച്ചു എല്ലാവർക്കും എത്തിക്കുകയെന്നത് എളുപ്പമല്ല. ഇന്ത്യൻ മരുന്ന് ഉല്പാദനരംഗത്ത് വൻ കുതിച്ചുചാട്ടത്തിനു ഈ മഹാമാരി കാരണമാകുമെന്നും കമ്പോള നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.