അഴിമതികള്‍ പുറത്തായതിലുള്ള അമർഷം:ചെന്നിത്തല
തിരു: കൊവിഡിന്‍റെ മറവില്‍ നടത്തിയ അഴിമതികള്‍ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതിലും പ്രവാസികളെ കബളിപ്പിക്കുന്ന നയം തൊണ്ടിയോടെ പിടിച്ചതിലുമുള്ള അമര്‍ഷമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രകോപനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്‍റെ ജാള്യം മറയ്ക്കാനാണ് മുഖ്യമന്ത്രി സൈബര്‍ ഗൂണ്ടയെപ്പോലെ പെരുമാറുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഒരു മണിക്കൂർ നീണ്ട പത്രസമ്മേളനത്തിൽ ചെന്നിത്തലയ്ക്ക് വിഷയദാരിദ്ര്യമേ ഉണ്ടായില്ല. കൊവിഡിൽ തുടങ്ങി അഴിമതിയുടെ നീണ്ട പട്ടികയുടെ ചുരുൾ ഒന്നുകൂടി നിവർത്തി, വനാഴിയിലുള്ള മുഴുവൻ ആയുധങ്ങളും പുറത്തെടുത്തു നടത്തിയ ചെന്നിത്തലയുടെ ആരോപണ പേമാരി പശ്ചിമ ബംഗാളും കടന്ന് ചെന്ന് നിന്നത് . “സൈബർ ഗുണ്ട”യെന്ന വിശേഷണം കൂടി മുഖ്യമന്ത്രിക്ക് ചാർത്തിക്കൊടുത്തു എന്നുമാത്രമല്ല , മകളുടെ വിവാഹത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലയാളിക്ക് നൽകിയ പ്രത്യേക ആദരവും ചെന്നിത്തല ആക്രമണത്തിന് കരുവാക്കി.. എങ്കിലും എന്തുകൊണ്ടാണ് കൊവിഡ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഒരക്ഷരം പറയാത്തതെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെയുണ്ട്.
“കൊവിഡിന്‍റെ മറവില്‍ നടന്ന അഴിമതി ഇടപാടുകൾ മുഴുവന്‍ പ്രതിപക്ഷം മൂടിവെക്കണം എന്നാണോ മുഖ്യമന്ത്രി പറയുന്നത് എന്ന ചെന്നിത്തലയുടെ ചോദ്യം കുറിക്കുകൊള്ളുന്നതായി. സ്പ്രിന്ഗ്ലര്‍ അഴിമതി അന്വേഷിക്കാന്‍ നിയോഗിച്ച രണ്ടംഗ കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെ.? കമ്മിറ്റി എന്നെങ്കിലും കൂടിയിട്ടുണ്ടോ? ഈ കമ്പനിയുമായി അവിഹിത ബിസിനസ് നടത്താന്‍ ശ്രമിച്ചത് പൊളിച്ചതാണല്ലോ മുഖ്യമന്ത്രിയുടെ അമര്‍ഷത്തിന് ഒരു കാരണം. ആ അമര്‍ഷത്തെ സ്വാഗതം ചെയ്യുന്നു.” ചെന്നിത്തല പറഞ്ഞു “ഇരുന്നൂറു കോടി രൂപയുടെ മണല്‍ കുംഭകോണം പുറത്തുകൊണ്ടുവന്നതാണല്ലോ മറ്റൊരു അമര്‍ഷത്തിനു കാരണം. ആ അമര്‍ഷത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വൈദ്യുതി കൊള്ളയെ എതിര്‍ത്തു. അത് തിരുത്തേണ്ടി വന്നു. അതിൽ മുഖ്യമന്ത്രിയുടെ അതൃപ്തിയെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കള്ളനെ കയ്യോടെ പിടിച്ചാല്‍ ഉള്ള ജാള്യതയാണിത്”.-ചെന്നിത്തല പറഞ്ഞു
” താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നും. മികച്ച പാര്‍ലമെണ്ടെറിയന്‍ എന്‍ കെ പ്രേമചന്ദ്രനെ പരനാറി. എന്നും ടി പി ചന്ദ്രശേഖരനെ കുലം കുത്തിയെന്നും രാഷ്ട്രീയ നേതാക്കളെ ചെറ്റ എന്നും മറ്റും വിളിച്ചത് ആരാണ്?. അത് വല്ലതും തിരുത്തുകയോ മാപ്പ് പറയുകയോ ഉണ്ടായോ? മുല്ലപ്പള്ളി യുടെ അച്ഛന്‍ .മുല്ലപ്പള്ളി ഗോപാലനെതിരെയും. രമ്യ ഹരിദാസിനെതിരെയും പറഞ്ഞ വാക്കുകള്‍. സിപിഎമ്മിന്റെ മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും പദസമ്പത്ത് എന്താണെന്ന് തെളിയിക്കുന്നു. കായം കുളം എം എല്‍ എ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ പ്രയോഗവും ജനങ്ങളുടെ മുന്നിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കുകയില്ല എന്ന ഒറ്റവാചകത്തിലാണ് കേരളത്തിൽ ഇപ്പോൾ കത്തിപ്പിടിച്ചു നിൽക്കുന്ന ഒരു വിവാദത്തെ ചെന്നിത്തല അടക്കിനിർത്താൻ ശ്രമിച്ചത്.
കോൺഗ്രസ് നേതൃത്വം ഒന്നടങ്കം മുല്ലപ്പള്ളിയെ പിന്തുണയ്ക്കുന്ന നിലപാട് എടുക്കുകയും സഖ്യ കക്ഷിയായ മുസ്‌ലിം ലീഗ് മയത്തിൽ വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിൽ മുല്ലപ്പള്ളി യെ ചൂഴ്ന്നു നില്‍ക്കുന്ന വിവാദം നനഞ്ഞ പടക്കമായി കെട്ടടങ്ങിക്കൂടെന്നില്ല. വീണു കിട്ടിയ ആയുധം മുഖ്യമന്ത്രി ഫലപ്രദമായി ഉപയോഗിച്ചെങ്കിലും, ചെന്നിത്തലയുടെ ഇന്നത്തെ ബഹുമുഖ ആക്രമണം അതിലേറെ കടുപ്പം ആയിരുന്നു. സ്വാഭാവികമായി ഇനി വിവാദം അതിലേക്കു വഴിമാറിക്കൂടെന്നില്ല.
” സെക്രട്ടറിയറ്റിനു മുന്നിലെ സത്യഗ്രഹത്തില്‍ സാമൂഹ്യ അകലം പാലിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ആരോപിക്കുന്നു. പ്രവാസികളുടെ കഷ്ടപ്പാട് മുൻ നിർത്തിയുള്ള സമരം ആയിരുന്നു. ഒരു വൈകാരിക വിഷയം ആയതുകൊണ്ട് പ്രതീക്ഷിച്ചതിലേറെ ആളുകൾ അതിൽ പങ്കെടുത്തു എന്നത് ശരിയാണ്. അധികം പ്രവര്‍ത്തകരോട് വരരുതെന്ന് നിര്‍ദേശിച്ചിരുന്നതാണ്.ചട്ട ലംഘനം ഉണ്ടെങ്കില്‍ കേസ് എടുത്തോട്ടെ. കണ്ണൂരില്‍ പികെ കുഞ്ഞനന്തന്‍റെ ശവസംസ്ക്കാരത്തില്‍ രണ്ടായിരം പേര്‍ പങ്കെടുത്തതില്‍ കേസ് ഇല്ലേ? ചട്ടലംഘനം നടത്തിയ മന്ത്രിമാര്‍ക്ക് എതിരെ കേസ് ഇല്ലേ?” ചെന്നിത്തലയുടെ ചോദ്യങ്ങൾ അങ്ങിനെപോയി.
കോണ്‍ഗ്രസ് കേന്ദ്രത്തോട് ഒന്നും ആവശ്യപ്പെടുന്നില്ല. എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു 19 കത്തുകള്‍ പ്രധാനമന്ത്രിക്ക്അ യച്ചു. ഇതുകൂടാതെ നിരവധി കേന്ദ്രമന്ത്രിമാർക്കും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കത്തുകളയച്ചിട്ടുണ്ട്. ഇതിനൊക്കെ പ്രചാരം കൊടുക്കാൻ തനിക്കു പി ആർ ഏജൻസിയില്ല എന്നും ചെന്നിത്തല പറഞ്ഞു. .കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയ തീവണ്ടിക്കുള്ളില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന മുദ്രാവാക്യങ്ങള്‍ ആരാണ് വിളിച്ചു കൊടുത്തത് എന്ന് ചെന്നിത്തല ചോദിച്ചു. ഇതിനല്ലേ പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത്. ഇരുപതിനായിരം കോടിരൂപയുടെ പാക്കേജ് എവിടെ? . രണ്ടര ലക്ഷം ക്വാരന്റൈന്‍ സംവിധാനങ്ങള്‍ ആവിയായിപ്പോയോ? ഈ പരാജയങ്ങളുടെ. ജാള്യത മറച്ച് പിടിക്കാനാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രതിപക്ഷത്തിനെതിരെ ഉറഞ്ഞുതുള്ളിയത്. കൊവിഡ് പരിശോധനാ ടെസ്റ്റില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്. വ്യാപനത്തിന്‍റെ തോത് പുറത്തു അറിയിക്കാതിരിക്കാനാണ് ടെസ്റ്റ് നടത്താത്തത് കേരളത്തില്‍ 87 പേര്‍ക്ക് എവിടെനിന്ന് രോഗം വന്നു എന്ന് ആര്‍ക്കും അറിയില്ല. -ചെന്നിത്തല പറഞ്ഞു.
സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തില്‍ പങ്കെടുത്തവര്‍ ഫോട്ടോയുടെ ഫ്രെയിമില്‍ വരാന്‍ പരസ്പ്പരം മത്സരിക്കുന്നത് കണ്ടതായി മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പരിഹസിച്ചതിനെ ചെന്നിത്തല നേരിട്ടത് മറ്റൊരു കടുത്ത ആക്രമണം കൊണ്ടാണ്: ” അടുത്തയിട ഒരു വിവാഹ ചടങ്ങില്‍, ജീവപര്യന്തം ശിക്ഷക്കിരയായി പരോളിൽ ഇറക്കിയ കൊലക്കേസ് പ്രതിയെ ഫോട്ടോയില്‍ വധുവരന്മാര്‍ക്ക് ഒപ്പം ഒരേ ഫ്രെയിമില്‍ വരുത്താന്‍ ആദരിച്ച് ഇരുത്തുന്നത് കണ്ടു” ! അവർക്കൊന്നും മുഖാവരണവും കണ്ടില്ല.
മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. മുല്ലപ്പള്ളി ഇതിന് മാപ്പ് പറയാനാണെങ്കില്‍ മുഖ്യമന്ത്രി ആയിരം മാപ്പ് പറയണ്ടേ?. മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രാന്തിയാണ്. അടിക്കടിയുണ്ടാകുന്ന തിരിച്ചടി കണ്ടിട്ടാണ്. ഈ പ്രകോപനം.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പ്രതിപക്ഷം ഇനിയും സജീവമായി തന്നെ തുടരും.പലകാര്യങ്ങളിലും വിഷമം ഉണ്ടെങ്കിലും അതൊന്നും ഒരിക്കലും വിഷയമാക്കി എടുത്തിട്ടില്ല. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനത്തില്‍ സീകരിക്കുന്ന ആശ്വാസ നടപടികള്‍ എല്ലാം സര്‍ക്കാരിന്റെ മാത്രം നേട്ടമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സര്‍ക്കാര്‍ പച്ചയായ രാഷ്ട്രീയം കളിക്കുകയാണ്. പശ്ചിമ ബംഗാളില്‍ അവിടത്തെ സര്‍ക്കാരിനോട് സിപിഎം സ്വീകരിക്കുന്ന നിലപാടല്ല കോണ്‍ഗ്രസ് ഇവിടെ എടുക്കുന്നത്.ഇവിടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നത് .
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ മടക്കികൊണ്ടുവരാന്‍ ഒരു ബസ്സോ ട്രെയിനോ ഏര്‍പ്പാട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ?ലക്ഷക്കണക്കിന് മലയാളികള്‍ വിദേശരാജ്യങ്ങളില്‍ നരകയാതന അനുഭവിക്കുന്നു.അവരെ ഇങ്ങോട്ട് എത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെയാണ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രവാസികളെ കബളിപ്പിക്കുകയാണ്
. തട്ടിപ്പുകള്‍ എല്ലാം പുറത്തുവന്നതിന്‍റെ ജാള്യമാണ് മുഖ്യമന്ത്രിയുടെ പ്രകോപനത്തിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്‍റെ മറവില്‍ നടന്നതായി പറയുന്ന അഴിമതികളുടെ പട്ടിക നിരത്തിയായിരുന്നു ചെന്നിത്തലയുടെ കടുത്ത ആക്രമണം. അഴിമതികള്‍ പുറത്തുകൊണ്ടു വന്നതിലാണ് ഞങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നിന്ദ്യമായ ഭാഷ ഉപയോഗിച്ചതെങ്കില്‍ അതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയെ അഴിമതിക്കാരന്‍ എന്ന് ചിത്രീകരിക്കാനാണ് ചെന്നിത്തല കൂടുതലും സമയം ചെലവിട്ടത്.