കുഞ്ഞാലിക്കുട്ടി ലോക്സഭാ സ്ഥാനം രാജിവെക്കുന്നു;നിയമസഭയിലേക്കു മത്സരിക്കും

കോഴിക്കോട്: മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ലീഗ് എംപി  സ്ഥാനം  രാജിവെച്ചു അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി പി കെ  കുഞ്ഞാലിക്കുട്ടി മത്സരിക്കും. ഇന്നു മലപ്പുറത്തു ചേർന്ന മുസ്ലിംലീഗ് പ്രവർത്തക സമിതിയാണ് ഈ തീരുമാനമെടുത്തതെന്ന് ലീഗ് സംസ്ഥാന  സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ വേങ്ങര  നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കുഞ്ഞാലിക്കുട്ടി 2019ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുകയായിരുന്നു. അന്നു അദ്ദേഹം ഒഴിവാക്കിയ വേങ്ങര മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗ് നേതാവ്  കെ എൻ എ ഖാദർ വിജയിച്ചു. ദേശീയ  രാഷ്ട്രീയത്തിൽ മുസ്ലിംലീഗിന്റെ പ്രധാന്യം വര്ധിക്കുന്ന സാഹചര്യത്തിൽ പാർട്ടിയെ നയിക്കുകയാണ് തന്റെ ചുമതലയെന്നു വ്യക്തമാക്കിയാണ് കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്കു പോയതെങ്കിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നതോടെ കണക്കുകൂട്ടലുകൾ തെറ്റി. ഐക്യ പുരോഗമന മുന്നണി കേന്ദ്രത്തിൽ   അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനം എന്ന കണക്കുകൂട്ടലാണ് പിഴച്ചത്. 

നിയമസഭയിൽ കുഞ്ഞാലിക്കുട്ടി ഏതുസീറ്റിൽ മത്സരിക്കുമെന്നു പാർട്ടി നിശ്ചയിച്ചിട്ടില്ല. പാർട്ടി ഏല്പിക്കുന്ന ചുമതലകൾ നിറവേറ്റാനാണ് താൻ എക്കാലത്തും തയ്യാറായിട്ടുളളത് എന്ന് കുഞ്ഞലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് യുഎഡിഎഫിനു  വളരെയേറെ പ്രയോജനം ചെയ്യുമെന്ന് കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ലീഗ് ജനങ്ങളെ കളിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇങ്ങനെ  അനാവശ്യമായി പൊതുഖജനാവിൽ നിന്നു പണം ചെലവഴിക്കേണ്ടി വരുന്നതിനു അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ ലീഗിനോടു കണക്കുചോദിക്കുമെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply