ഗൾവാൻ താഴ്വര എന്തുകൊണ്ട് സംഘർഷ കേന്ദ്രമാകുന്നു?
ന്യൂദൽഹി: ഇന്ത്യാ-ചൈനാ സംഘർഷങ്ങളിൽ ഇപ്പോൾ കേന്ദ്ര സ്ഥാനത്തു ഹിമാലയൻ മലനിരകളിലെ ഗൾവാൻ താഴ്വരയാണ്. അവിടെയാണ് ജൂൺ 15നു രണ്ടു രാജ്യങ്ങളുടെയും സേനകൾ ഏറ്റുമുട്ടി വലിയ രക്തച്ചൊരിച്ചിൽ ഉണ്ടായത്. കഴിഞ്ഞ ദിവസം താഴ്വര പൂർണമായും തങ്ങളുടേതാണെന്നും ഇന്ത്യൻ സൈന്യങ്ങൾ അവിടെനിന്നു പിന്മാറാൻ വിസമ്മതിച്ചതാണ് സംഘർഷത്തിനു കാരണമെന്നും ചൈനീസ് വിദേശകാര്യവകുപ്പ് പ്രസ്താവനയിറക്കി. എന്നാൽ ചൈനയുടെ അവകാശവാദം ഇന്ത്യൻ വിദേശകാര്യ വക്താവ് നിഷേധിച്ചു. വസ്തുതാവിരുദ്ധമായ അവകാശവാദമാണ് ചൈനയുടേതെന്നു ഇന്ത്യ പറയുന്നു.
എന്താണ് ഈ താഴ്വര ഇപ്പോൾ തർക്കവിഷയമായതെന്നു നയതന്ത്ര -സൈനിക വൃത്തങ്ങളിൽ ചർച്ചയാണ്. നേരത്തെ അതൊരു സംഘർഷ പ്രദേശം ആയിരുന്നില്ല. ചൈന ഈ പ്രദേശത്തിനു മേൽ അവകാശവാദം ഉന്നയിച്ചിരുന്നുമില്ല. 1962ലെ യുദ്ധത്തിലും ഈ പ്രദേശം തർക്കവിഷയമായിരുന്നില്ല. പുതിയ തർക്കങ്ങൾക്ക് കാരണം അതിർത്തിക്കു ഇരുവശത്തും നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങളും പുതിയ ഗതാഗത സംവിധാനങ്ങളും നദിയും ചുറ്റുമുള്ള കുന്നുകളും അടങ്ങുന്ന പ്രദേശത്തെ തന്ത്രപ്രധാന മേഖലയായി മാറ്റിയതാണ്. അതോടെ ചൈന പ്രദേശത്തു പുതിയ അവകാശവാദം ഉന്നയിക്കുകയാണ് എന്നു സൈനിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കിഴക്കു അക്സയി ചിൻ, പടിഞ്ഞാറ് ലഡാക് എന്നിവക്കിടയിലെ കുന്നിൻപ്രദേശമാണ് ഗൾവാൻ താഴ്വര. അവിടെയുള്ള നദി ചൈനയുടെ ഭാഗമായ അക്സയി ചിൻ ഭാഗത്താണ് ഉത്ഭവിക്കുന്നത്. നദി ഒഴുകി വന്നു ഇന്ത്യൻ ഭാഗത്തുള്ള ഷിയോക് നദിയിൽ യോജിക്കുന്നു. ചൈനയുടെ തന്ത്രപ്രധാന മേഖലയായ സിൻജിയാങ് വൈഗുർ പ്രദേശത്തിന് തൊട്ടടുത്താണ് ഈ പ്രദേശങ്ങൾ. പ്രദേശത്തു പുതിയ റോഡുകൾ പണിയപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഡാർബുക്- ഷിയോക്-ദൗലത് ബേഗ് -ഓൾഡി റോഡ്. മറുഭാഗത്തു ചൈനയുടെ നിയന്ത്രണത്തിൽ ജി 219 ഹൈവേയുമുണ്ട്.
ഇരുഭാഗത്തുമുള്ള പുതിയ ഗതാഗതസംവിധാനങ്ങളാണ് ഗൾവാൻ കുന്നുകളുടെ തന്ത്രപ്രാധാന്യം വർധിപ്പിച്ചത്. ഇന്ത്യയുടെ പുതിയ റോഡ് കാരക്കോറം മലകളിലേക്കുള്ള ബേസ് ക്യാമ്പ് വരെ എത്തുന്നതാണ്. വാണിജ്യപരവും തന്ത്രപ്രധാനവുമായ മേഖലകളെ പുതിയ റോഡ് ബന്ധിപ്പിക്കുന്നു.
അതാണ് നേരത്തെ തർക്കവിഷയമല്ലാതിരുന്ന ഗൾവാൻ പ്രദേശം പുതിയ സംഘർഷ രംഗമാകാൻ കാരണം എന്നു നയതന്ത്ര -സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ചൈനയുടെ അതിർത്തി മേപ്പുകളിൽ പ്രദേശം അവർ തങ്ങളുടേതാണെന്ന് കാണിച്ചിരുന്നില്ല. 1959ലെ ഒരു മേപ്പിൽ അതു ഇന്ത്യയുടെ ഭാഗമായാണ് കാണിക്കുന്നതും. എന്നാൽ പിറ്റേവർഷം അതു ചൈനയുടെ ഭാഗമായി കാണിച്ചു അവർ പുതിയൊരു ഭൂപടം തയ്യാറാക്കി. പിന്നീട് പ്രദേശത്തിന്‍റെ ഒരു ഭാഗം മാത്രം അവകാശപ്പെടുന്ന മേപ്പുകളും ചൈന ഇറക്കിയിട്ടുണ്ട്. അതിനാൽ ഇപ്പോഴത്തെ തർക്കങ്ങളുടെ ഉറവിടം പ്രദേശം സമീപകാലത്തു കൈവരിച്ച തന്ത്രപ്രാധാന്യമാണെന്നു വ്യക്തം.