കൽക്കരി ഖനികളിൽ നിന്ന് നേട്ടമല്ല നഷ്ടമാണ് എന്ന് വിദഗ്ധർ

ന്യൂദൽഹി: ഇന്ത്യയിലെ 41 കൽക്കരി പ്രദേശങ്ങൾ  ഖനനത്തിനായി സ്വകാര്യ മേഖലയ്‌ക്ക്‌ കഴിഞ്ഞ ദിവസം  പ്രധാനമന്ത്രി  തുറന്നുകൊടുത്തതോടെ അതിന്‍റെ സാമ്പത്തികവും പാരിസ്ഥിതികവുമായ ലാഭ -നഷ്ടങ്ങളെ കുറിച്ച് ചർച്ച നടക്കുകയാണ്. ഇന്ത്യയുടെ വ്യവസായ വികസനത്തിനു കൽക്കരി മേഖലയിലെ സ്വകാര്യ പങ്കാളിത്തം വലിയ പ്രോത്സാഹനം നൽകുമെന്ന് ലേലം സംവിധാനത്തിനു തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ പരിസ്ഥിതി പ്രവർത്തകരും സാമ്പത്തിക മേഖലയിലെ തന്നെ ചില പണ്ഡിതരും സർക്കാരിന്റെ ഈ  അവകാശവാദങ്ങളെ തള്ളിക്കളയുകയാണ്.

കേന്ദ്ര കൽക്കരി ഖനന മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഖനനലേലം സംബന്ധിച്ച പ്രവർത്തനങ്ങൾ മുന്നേറുന്നത്. അധികവും വനം മേഖലയിലുള്ള പ്രദേശങ്ങളിൽ കൽക്കരി ഖനനത്തിനു കമ്പനികളെ അനുവദിക്കുന്നത് രാജ്യത്തിന്‍റെ വനംസമ്പത്തിനും പരിസ്ഥിതിക്കും ദോഷകരമാകുമെന്നു വനം- -പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പുതിയ മേഖലകൾ ഖനനത്തിന് തുറന്നു കൊടുക്കാനാണ് കേന്ദ്ര ക്യാബിനറ്റ് തീരുമാനിച്ചത്. ഈയാഴ്ച ലേലം സംബന്ധിച്ച പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.

അഞ്ചു  വർഷത്തിനകം 10  കോടി ടൺ കൽക്കരി വാതകമാക്കി മാറ്റുന്ന  പ്രവർത്തനങ്ങൾക്കായി 23,0000 കോടി രൂപയുടെ നിക്ഷേപം നടക്കുമെന്നും അതു രാജ്യത്തിന്‍റെ വികസന മുഖച്ഛായ മാറ്റുമെന്നുമാണ് പ്രധാനമന്ത്രി  പറഞ്ഞത്. പിന്നാലെ ആഭ്യന്തരമന്ത്രി  അമിത്ഷായും അതേ അവകാശവാദം ഉന്നയിച്ചു കൊണ്ടു ഇന്നലെ പ്രസ്താവനയിറക്കി.

എന്നാൽ വസ്തുതകൾ വ്യത്യസ്തമായ ചിത്രമാണ് കാഴ്ചവെക്കുന്നതെന്നു പരിസ്ഥിതി മന്ത്രാലയത്തിലെ ഒരു ഉന്നതൻ ചൂണ്ടിക്കാട്ടിയതായി ദി ഹിന്ദു പത്രം റിപോർട്ട് ചെയ്തു. ഖനനത്തിനുള്ള ചെലവും പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആഗോള കരാറുകൾ പാലിക്കേണ്ട ബാധ്യതയും പരിശോധിച്ചാൽ കൽക്കരി ഖനനം ഇനിയുള്ള നാളുകളിൽ  നഷ്ടക്കച്ചവടമാകുമെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണം കുറേക്കൂടി കുറഞ്ഞ ചെലവിൽ മറ്റു ഇന്ധനങ്ങൾ ലഭ്യമാകുന്ന സ്ഥിതിയുണ്ട്. 

അതിനാൽ സ്വകാര്യ കമ്പനികൾ ഉയർന്ന തുകയ്ക്ക് ലേലം പിടിക്കാനുള്ള സാധ്യത വിദഗ്ധർ തള്ളുകയാണ്. നിലവിലുള്ള നിയമങ്ങൾ പ്രകാരം  കർക്കശമായ വനം, പരിസ്ഥിതി സംരക്ഷണ സംവിധാനങ്ങൾ കമ്പനികൾ ഏർപ്പെടുത്തണം. പുതിയ ആഗോള കരാറുകൾ അനുസരിച്ചു അന്തരീക്ഷ മാലിന്യം കുറക്കാനുള്ള നടപടികളും അവർ കൈക്കൊള്ളണം. അതേസമയം, കൽക്കരിയും പെട്രോളിയവും അടക്കമുള്ള  ഫോസിൽ ഇന്ധനങ്ങളിൽ നിന്നു ലോകം മാറുകയുമാണ്. അടുത്ത ദശാബ്ദത്തിനുള്ളിൽ ഇത്തരം ഇന്ധനങ്ങളുടെ ഉപഭോഗം കാര്യമായി കുറയും. കാറുകൾ അടക്കമുള്ള വാഹനങ്ങളിൽ പെട്രോളിൽ നിന്നും വൈദ്യുതിയിലേക്കുള്ള മാറ്റം ശീഘ്രഗതിയിൽ പുരോഗമിക്കുകയാണ്. ഈ കാര്യങ്ങൾ കണക്കിലെടുത്താൽ സ്വകാര്യനിക്ഷേപം വൻതോതിൽ വരുമെന്ന പ്രതീക്ഷ  അസ്ഥാനത്താണെന്ന് പലരും ചൂണ്ടിക്കാട്ടി.

 അതേസമയം, ആദിവാസി വിഭാഗങ്ങൾ കഴിഞ്ഞുകൂടുന്ന വനമേഖലകളിൽ സ്വകാര്യ കമ്പനികൾക്കു പ്രവർത്തനത്തിന് അനുമതി നൽകിയാൽ അതു ഗുരുതരമായ സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. വനം നശീകരണം, ആരോഗ്യ പ്രശ്നങ്ങൾ, പരിസ്ഥിതി നാശം എന്നിങ്ങനെ മൂന്നു ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന നീക്കമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മുൻ പരിസ്ഥിതിമന്ത്രി ജയ്‌റാം രമേശും ചൂണ്ടിക്കാട്ടി. ലോകം കൽക്കരിയിൽ നിന്ന് മറ്റു പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കു  മാറുമ്പോൾ ഇന്ത്യ കൽക്കരിയെ ആശ്രയിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുന്നത് ലോകത്തു സംഭവിക്കുന്ന മാറ്റങ്ങളെ സർക്കാർ ശ്രദ്ധിക്കാത്തതു കൊണ്ടാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. 

Leave a Reply