മുല്ലപ്പള്ളിയുടെ ‘നിപ്പാ രാജകുമാരി’ പ്രയോഗം തിരിച്ചടിക്കുന്നു

കോഴിക്കോട്: ആരോഗ്യമന്ത്രി കെ കെ ശൈലജയെ “നിപ്പാ രാജകുമാരി” എന്നു വിളിച്ചു കളിയാക്കിയ കെ പിസി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ  പ്രസംഗം യുഡിഎഫിനും കോൺഗ്രസ്സ് പാർട്ടിക്കും തിരിച്ചടിയായി മാറുകയാണ്. നിപ്പാ കാലത്തു അതീവ ഗുരുതരമായ രോഗം കേരളത്തിലെങ്ങും  പടർന്നുപിടിക്കുന്നതു തടയുന്നതിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു എന്നു 2018ലെ രോഗബാധയുടെ കാലത്തു മെഡിക്കൽ കോളേജിലും മറ്റു ആശുപത്രികളിലും പ്രവർത്തിച്ച  ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും ചൂണ്ടിക്കാട്ടി.

“നിപ്പാ ബാധയുടെ കാലത്തു ആരോഗ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ എത്ര  പ്രശംസിച്ചാലും മതിയാവില്ല. കാരണം എല്ലാ മേഖലയിലും അവരുടെ കണ്ണ് എത്തി. എല്ലാവർക്കും അവർ ധൈര്യം നൽകി. പ്രവർത്തനങ്ങളിൽ എല്ലവരുടെയും മുന്നിൽ നിന്ന് നയിച്ചു” എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അക്കാലത്തു പ്രവർത്തിച്ച ഒരു ആരോഗ്യ പ്രവർത്തകൻ പറഞ്ഞത്. “എന്‍റെ  32 കൊല്ലത്തെ മെഡിക്കൽ കോളേജ് ജോലിക്കാലത്തു രണ്ടു മന്ത്രിമാരെ മാത്രമാണ് ഞാൻ ബഹുമാനപൂർവ്വം ഓർക്കുന്നത്: വി എം സുധീരനും ശൈലജ ടീച്ചറും,”  അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്‍റെ  പേരിൽ ആരോഗ്യമേഖലയിലെ നിർണായക  സംഭാവനകളെ  കുറച്ചു കാണിക്കുന്നത് കേരള സമൂഹത്തിനു തന്നെ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രി കെ കെ ശൈലജ നിപ്പോ പ്രതിരോധ നടപടികള്‍ക്കായി കോഴിക്കോട് വിളിച്ച ഉന്നതതല യോഗം. മന്ത്രി ടി പി രാമകൃഷ്ണനെയും കാണാം

 ഇതേ വികാരം തന്നെയാണ് 2018 മെയ്, ജൂൺ മാസങ്ങളിൽ കോഴിക്കോട് ജില്ലയിൽ നിപ്പ പടർന്നു പിടിച്ചപ്പോൾ അതിനെ നേരിടുന്ന ടീമിൽ പ്രവർത്തിച്ച മിക്കയാളുകളും പ്രകടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിൽ തന്നെ ആദ്യത്തെ നിപ്പാ കേസുകളാണ് അന്നു പേരാമ്പ്രയിലെ ഒരു ഗ്രാമത്തിൽ ഉണ്ടായത്. അതിനാൽ  രോഗത്തിന്റെ ഗുരുതരാവസ്ഥ   ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് അധികൃതർക്ക് ബോധ്യമായത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്റ്റർമാരാണ് നിപ്പ ആദ്യമായി സംശയിച്ചത്. അതു സംബന്ധിച്ച  പരിശോധനകൾക്കു കോഴിക്കോട്ടു അന്നു സൗകര്യം ഇല്ലാത്തതിനാൽ മണിപ്പാലിലെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ ടെസ്റ്റിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

അതിനു ശേഷം യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു സർക്കാർ നടത്തിയതെന്ന് ബന്ധപ്പെട്ടവർ ഓർമ്മിക്കുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ്‌ സദാനന്ദന്‍റെ  നേതൃത്വത്തിലുള്ള ഒരു ടീമാണ് പ്രതിസന്ധി നേരിടാനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. ഓരോ സന്ദർഭത്തിലും ആരോഗ്യമന്ത്രി എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്നു.  എല്ലാ പ്രശ്നങ്ങൾക്കും  പരിഹാരം  കണ്ടെത്താനും അവർ ശുഷ്‌കാന്തി കാട്ടി. അങ്ങനെ ഒത്തൊരുമിച്ചു ഒരു ടീമായി പ്രവർത്തിച്ചതിന്‍റെ  ഫലമായാണ് മാരകമായ നിപ്പാ വൈറസിനെ ആഴ്ചകൾക്കകം പിടിച്ചുകെട്ടിയത് എന്ന് അന്നു അതിൽ പ്രവർത്തിച്ചവർ   ഓർക്കുന്നു.

Leave a Reply