ഇന്ത്യാ-ചൈനാ അതിർത്തി തർക്കത്തിൽ അമേരിക്കയുടെ ദുഷ്ടലാക്ക്

പ്രത്യേക പ്രതിനിധി

ന്യൂദൽഹി: ചൈനയുമായി ഉയർന്നുവന്ന അതിർത്തി തർക്കങ്ങൾ ഇന്ത്യയെ അമേരിക്കയുമായി കൂടുതൽ  അടുപ്പിക്കുമെന്നു വിദേശകാര്യവിദഗദ്ധർ  അഭിപ്രായപ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ ഒരു സുപ്രധാന മുഹൂർത്തമാണ് ഇപ്പോഴെന്നും സ്ഥിതിഗതികൾ ഇനി പഴയപോലെ ആവുക സാധ്യമല്ലെന്നും ഇന്ത്യയുടെ മുൻ വിദേശശകാര്യ സെക്രട്ടറിയും ചൈനയിലെ അംബാസഡറുമായ നിരുപമാ റാവു ചൂണ്ടിക്കാട്ടി.ഇന്ത്യാ -ചൈനാ ബന്ധങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ചു ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് പത്രവുമായി സംസാരിക്കുമ്പോഴാണ് അവർ ഈ അഭിപ്രായം  പ്രകടിപ്പിച്ചത്.

ഇന്ത്യയും ചൈനയും തമ്മിലുളള സാമ്പത്തിക സഹകരണം  പ്രതിസന്ധിയിലേക്ക് നീങ്ങിയതായും നിരവധി കരാറുകൾ ഇതിനകം തന്നെ റദ്ദാക്കിയതായും ഫിനാൻഷ്യൽ ടൈംസ് ഇന്നലെ റിപോർട്ട് ചെയ്തു. ഇന്ത്യയെ അമേരിക്കൻ പക്ഷത്തേക്കു തള്ളിവിടുന്ന  നടപടിയാണ് അതിർത്തിയിലെ സംഘർഷങ്ങളിൽ കാണുന്നതെന്ന് ഒബാമാ ഭരണകൂടത്തിലെ ചൈനാ വിദഗ്ദ്ധൻ ഇവാൻ മെഡിറോസ്സ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ വിദേശകാര്യ വകുപ്പിലെ ചില ഉന്നതരും ചൈനക്കെതിരെ ആഗോള സഖ്യത്തിന് അനുകൂലമായ അഭിപ്രായം പറഞ്ഞതായി ഫിനാൻഷ്യൽ ടൈംസ് പറയുന്നു. അതേസമയം ,   പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതു ഒഴിവാക്കാനാണ് ചൈന തങ്ങളുടെ ഭാഗത്തെ ആൾനാശം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താതെ ഇരിക്കുന്നതെന്നു ഷാങ്ങ്ഹായ് ഇൻസ്റിറ്റ്യൂട്ടി ലെ  ദക്ഷിണേഷ്യാ  വിദഗ്ധൻ ഡാങ് ദെഹുവ അഭിപ്രായപ്പെട്ടു.

അതേസമയം ഇന്ത്യയുടെ ദീര്‍ഘകാലത്തെ ചേരിചേരാസമീപനത്തിൽ നിന്നുള്ള മാറ്റങ്ങൾ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു..ചൈനയുമായുള്ള തർക്കത്തിൽ കൂടുതൽ അമേരിക്കൻ ഭാഗത്തേക്ക്  ചായുന്നത് ഏഷ്യയിലും മറ്റു പ്രദേശങ്ങളിലും അമേരിക്കൻ അജണ്ടകൾക്കു  അനുകൂലമായ നയം സ്വീകരിക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കും. ഇപ്പോൾ ചർച്ചാവിഷയമായി നിൽക്കുന്ന  വൈഗുർ മുസ്ലിംകളെ സംബന്ധിച്ച പ്രശ്‍നം ഉദാഹരണം. വൈഗറുകളെ പീഡിപ്പിക്കുന്ന ചൈനീസ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ അനുവദിക്കുന്ന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ്  പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചത്.  ഇസ്ലാം മത വിശ്വാസികളെ ചൈനയിലെ സിൻജിയാങ്‌ പ്രവിശ്യയിൽ കരുതൽ തടങ്കലിൽ വെക്കുന്നതായാണ് മനുഷ്യാവകാശ സംഘടനകളും അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നത്. ഈ വിഷയത്തിൽ അമേരിക്കയെ പിന്താങ്ങിയാൽ കാശ്മീരിൽ ഇന്ത്യയുടെ നയങ്ങൾ ലോകവേദികളിൽ കൂടുതൽ ശ്രദ്ധയും  വിമർശനവും ക്ഷണിച്ചു വരുത്തും. ചൈന പാകിസ്ഥാനെ ശക്തമായി  പിന്തുണക്കുന്ന സാഹചര്യവും ഉയരും.

എന്നാൽ ചൈനയുടെ കൂടുതൽ ഏകപക്ഷീയമായ നയങ്ങളും കടന്നാക്രമണങ്ങളും അവഗണിക്കാനും ഇന്ത്യയ്ക്ക് സാധ്യമല്ല. ഇന്ത്യ മാത്രമല്ല ,ചൈനയുടെ ശക്തിപ്രകടനത്തിനു ഇരയാകുന്ന അയൽരാജ്യം. ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി മോറിസൺ ഇന്നലെ പത്രസമ്മേളനത്തിൽ ചില ഭരണകൂടങ്ങൾ തങ്ങളുടെ രാജ്യത്തെ തകർക്കാൻ  സൈബർ ആക്രമണം നടത്തുകയാണെന്ന് ആരോപിക്കുകയുണ്ടായി. ഒരു  ഭരണകൂടശക്തിയാണ് ആക്രമണങ്ങൾക്കു പിന്നിലെന്നും മോറിസൺ ആരോപിച്ചു. ആരാണ് ആസ്ട്രലിയക്കെതിരേ സൈബർ ആക്രമണങ്ങൾ  തൊടുത്തുവിടുന്നതെന്നു പ്രധാനമന്ത്രി പേരെടുത്തു പറഞ്ഞില്ലെങ്കിലും ചൈനയാണ് അതിനു ഉത്തരവാദി എന്നു സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു ബിബിസി റിപ്പോർട്ട് ചെയ്തു.ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സൈനിക കേന്ദ്രീകരണവും ആയുധസജ്ജീകരണവും ഫിലിപ്പൈൻസ് ,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കു അലോസരമുണ്ടാക്കുന്നുണ്ട്. 

 ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി പ്രശ്നങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ചൈനയുടെ അന്താരാഷ്ട്ര നയങ്ങളെക്കുറിച്ചു ചർച്ച ആഗോളതലത്തിൽ  നടക്കുകയാണ്. അമേരിക്ക ചൈനക്കെതിരെ ഒരു ആഗോളസഖ്യത്തിനു സാധ്യതകളന്വേഷിക്കുന്നുമുണ്ട്. കൊവിഡ് രോഗബാധയുടെ ഉറവിടം ചൈനയാണ് എന്നും രോഗവിവരങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്ന്  ആഴ്ചകളോളം ചൈന മറച്ചുവച്ചു എന്നുമുള്ള ആരോപണം അമേരിക്ക ഉയർത്തിയത് അത്തരമൊരു ലക്ഷ്യത്തോടെയാണെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. 

കൊവിഡ് വൈറസ് സംബന്ധിച്ച വിവരങ്ങൾ ചൈനയിൽ പ്രസിഡണ്ട് ഷി ജിൻ പിങ്ങ്  അടക്കമുള്ള അത്യുന്നത നേതൃത്വത്തിന് ലഭിച്ച ശേഷം ആഴ്ചകളോളം അതു അവർ പൂഴ്ത്തി വെച്ചതായാണ് അമേരിക്ക ആരോപിച്ചത്.  ഇക്കാര്യത്തിൽ ചൈനയ്ക്കു അനുകൂലമായ നിലപാട് ലോകാരോഗ്യസംഘടന സ്വീകരിച്ചുവെന്ന് ആരോപിച്ചു കൊണ്ടാണ് ട്രംപ് ലോകാരോഗ്യ സംഘടനക്കുള്ള അമേരിക്കൻ സഹായം തടഞ്ഞുവെച്ചത്.

ട്രംപിന്റെ സമീപനത്തിനു ജി 7രാജ്യങ്ങളിൽ പോലും കാര്യമായ പിന്തുണ കിട്ടിയില്ല.എന്നാൽ  ചൈനയുടെ സമീപനത്തിൽ വന്ന മാറ്റങ്ങൾ  ലോകരാജ്യങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയവുമാണ്. ചൈന സ്വന്തം ശക്തി മറ്റു രാജ്യങ്ങൾക്കു മുമ്പിൽ   പ്രദർശിപ്പിക്കാനും  വേണ്ടിവന്നാൽ അതു പ്രയോഗിക്കാൻ തങ്ങൾ മടിക്കുകയില്ലെന്നു പ്രഖ്യാപിക്കാനുമാണ് ശ്രമിക്കുന്നതെന്ന ധാരണ വ്യാപകമാണ്.  ഇതു ചൈനയുടെ ആഗോള നയങ്ങളിൽ വരുന്ന മാറ്റത്തിന്റെ സൂചനയാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

മാവോ യുഗത്തിൽ ലോകരംഗത്തു ഒറ്റപ്പെട്ടുനിന്ന ചൈന ഡെങ് സിയാവോ പിങ്ങിന്റെ കാലം മുതലാണ് ആഗോളബന്ധങ്ങൾ വീണ്ടും ശക്തിപ്പെടുത്താനുള്ള  നീക്കങ്ങൾ തുടങ്ങിയത്. മുതലാളിത്ത ലോകവുമായി വാണിജ്യബന്ധങ്ങൾ പുനഃസ്ഥാപിച്ചു. പൂച്ച  കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കണം എന്നാണ് നയംമാറ്റം സൂചിപ്പിച്ചു ഡെങ് സിയാവോ പറഞ്ഞത്. 1979ൽ  ആരംഭിച്ച പുതിയ നയം ചൈനയെ ലോകത്തെ ഏറ്റവും വലിയ വികസന മുന്നേറ്റം നടക്കുന്ന രാജ്യമാക്കി. സൈബർ സാങ്കേതിക വിദ്യയടക്കമുള്ള രംഗങ്ങളിൽ ചൈന പാശ്ചാത്യരെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തായി.

അമേരിക്കയിൽ ട്രംപ് ഭരണം വന്നതോടെ ചൈനയും വൻശക്തി രാജ്യങ്ങളും തമ്മിലുള്ള മത്സരം ശക്തിപ്പെട്ടു. ചൈനക്കെതിരെ ട്രംപ് വ്യാപാരയുദ്ധം തുടങ്ങി. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് കനത്ത നികുതി ചുമത്തി.  പുതിയ വ്യാപാരക്കരാറിൽ അമേരിക്കയ്ക്ക് അനുകൂലമായ നടപടികൾക്ക് ചൈനയെ നിർബന്ധിക്കാനാണ് അമേരിക്ക ശ്രമിച്ചത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഒരു കൊല്ലത്തിലേറെയായി നടന്നുകൊണ്ടിരിക്കുകയാണ്. ചൈന വിട്ടുവീഴ്ചക്കു തയ്യാറാകും എന്ന മട്ടിലുള്ള വാർത്തകളും വന്നിരുന്നു. അതിനിടയിലാണ് കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതും അതു  വുഹാനിലെ ലാബറട്ടറിയിൽ ചൈന നിർമിച്ചു പുറത്തു വിട്ടതാണെന്നു ചില അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ  ആരോപിച്ചതും. ട്രംപും കോവിഡിനെ ചൈനീസ് വൈറസ് എന്നാണ് വിളിച്ചത്. കോവിഡ്  ബാധയുടെ പേരിൽ ട്രംപ്  ഭരണകൂടം ചൈനയെ ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് ശ്രമിച്ചത്.

നരേന്ദ്ര മോദിയും ജിന്‍ പിങ്ങും

ചൈനയും അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ വന്ന  മാറ്റങ്ങളെ ഈ പശ്ചാത്തലത്തിൽ വേണം നോക്കിക്കാണാൻ എന്നു പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. വേണ്ടിവന്നാൽ ശക്തി പ്രയോഗിക്കാൻ  ചൈന തയ്യാറാണ് എന്ന സന്ദേശമാണ് അതു നൽകുന്നത്. ചൈനയുടെ ആഭ്യന്തര പ്രശ്നങ്ങളും ആഗോള വെല്ലുവിളികളും അത്തരമൊരു  നിലപാട് സ്വീകരിക്കാൻ നേതൃത്വത്തെ പ്രേരിപ്പിക്കുന്നു എന്നും ചില പണ്ഡിതന്മാർ പറയുന്നു. 

Leave a Reply